പേരാമ്പ്ര: കൂത്താളി പഞ്ചായത്ത് രണ്ടാം വാർഡും ചങ്ങരോത്ത് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡും ബന്ധിപ്പിക്കുന്ന പുഴിക്കിനട പാലം അപകടാവസ്ഥയിൽ. 1990- 91വർഷം ജെ .ആർ .വൈ പദ്ധതി തുകയും ജനകീയ കമ്മിറ്റി സമാഹരിച്ച പൊതു ഫണ്ടും യുവജന ശ്രമദാനവും കൂടിയാണ് പാലം പൂർത്തിയായത്. സാങ്കേതിക വിദ്യയുടെ സഹായത്താൽ മണ്ണ് പരിശോധനയോ ഫില്ലർ നിർമാണത്തിന് പൈലിംഗോ ഇല്ലാതെയാണ് പാലം നിർമ്മിച്ചതെന്നാണ് ഉയരുന്ന പരാതി. കടിയങ്ങാട് പുല്ല്യോട്ട് റോഡിൽ വയലിന് നടുവിലൂടെയുള്ള പാലം പൂർണമായി തകർന്നാൽ ഗതാഗതം നിലയ്ക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ .
പാലത്തിന്റെ ഇരുവശത്തും നെൽകൃഷിയായതിനാൽ ചതുപ്പ് നിലത്ത് വെള്ളക്കെട്ട് പതിവാണ് .
മഴക്കാലത്ത് പാലത്തിനടിയിലൂടെ ഉണ്ടാവുന്ന ശക്തമായ മലവെള്ള പാച്ചിൽ ബലക്ഷയത്തിന് കാരണമായതായി പറയുന്നു. കടിയങ്ങാട് നിന്ന് മൂരികുത്തി, പേരാമ്പ്ര, വഴി കോഴിക്കോടിനെയും. കല്ലൂർ, ചേനായിക്കടവ്, വേളം വഴി വടകരയേയും ബന്ധിപ്പിക്കുന്ന ബൈപാസ് റോഡിന്റ ആശ്രയം കൂടിയായ ഈ പാലത്തിലൂടെ കടന്ന് വേണം സ്വകാര്യ, ടാക്സി വാഹനങ്ങൾക്ക് ഉൾപ്പെടെ ദിവസവും പോവാൻ. അധികൃതർ ഇടപെട്ട് റോഡിന്റെയും പാലത്തിന്റെയുംപുനർ നിർമാണം നടത്തണമെന്ന് പുല്ല്യോട്ട് മുക്ക് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |