@ ചെമ്പ്ര മേഖലയിൽ ഉണ്ടായിരുന്ന ആൺകടുവ എത്തിയതോടെ അമ്മയും കുഞ്ഞുങ്ങളും സ്ഥലംവിട്ടു
ചുണ്ടേൽ (വയനാട്): ആനപ്പാറയിൽ കടുവാ കുടുംബത്തെ പിടികൂടുന്നതിനുള്ള ഓപ്പറേഷൻ റോയൽ സ്‌ട്രൈപ്സ് പുരോഗമിക്കുന്നതിനിടയിൽ പ്രതിസന്ധിയായി ആൺകടുവയുടെ സാന്നിദ്ധ്യം. മസ്‌ട്രോളിന് സമീപത്തെ പാടിക്കടുത്താണ് ആൺകടുവയെ കണ്ടത്. ആൺ കടുവയുടെ സാന്നിദ്ധ്യം മനസിലാക്കിയ അമ്മക്കടുവയും മൂന്നു കുഞ്ഞുങ്ങളും സ്ഥലംവിട്ടു. ആനപ്പാറയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ വേങ്ങാക്കോടാണ് കടുവകളെത്തിയത്. വേങ്ങാക്കോട് കടുവകളുടെ കാൽപ്പാടുകൾ കണ്ടെത്തി. ബുധനാഴ്ച രാത്രിയിൽ പ്രദേശവാസികൾ കടുവകളുടെ അലർച്ച കേൾക്കുകയും ചെയ്തിരുന്നു. കാൽപ്പാടുകൾ പരിശോധിച്ചതിൽ നിന്നും കടുവകൾ ആനപ്പാറ പമ്പ് ഹൗസിന് സമീപത്തേക്ക് തന്നെ തിരിച്ചെത്തിയതായി കണ്ടെത്തി. അതിനാൽ തന്നെ ഇതേ പ്രദേശത്ത് ദൗത്യം തുടരുമെന്ന് സൗത്ത് വയനാട് ഡി എഫ് ഒ അജിത്ത് കെ.രാമൻ പറഞ്ഞു.
ചെമ്പ്ര മേഖലയിലുള്ള മറ്റൊരു ആൺ കടുവയാണ് മസ്‌ട്രോളിന് സമീപം എത്തിയിട്ടുള്ളത്. ഈ കടുവ കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടമുണ്ടയിലും എത്തിയിരുന്നു. ആൺകടുവയുടെ സാന്നിദ്ധ്യം മനസിലാക്കിയാണ് കടുവക്കൂട്ടം താത്ക്കാലികമായി ഇവിടെ നിന്നും മാറിയതെന്നാണ് നിഗമനമെന്നും ഡി എഫ് ഒ പറഞ്ഞു. അതേസമയം ആൺകടുവ ഇവിടെ തന്നെ കേന്ദ്രീകരിച്ചാൽ കടുവാക്കൂട്ടത്തെ പിടികൂടുക അസാദ്ധ്യമാകും. നിലവിൽ അഞ്ച് കടുവകളാണ് ആനപ്പാറ മേഖലയിലുള്ളത്. ബുധനാഴ്ച രാത്രി 10 മണിയോടെ നായ ഓടിപ്പോകുന്ന ശബ്ദം കേട്ട് തോട്ടം തൊഴിലാളികൾ പുറത്തിറങ്ങിയപ്പോഴാണ് പാടിക്ക്(ലയം) സമീപം കടുവയെ കണ്ടത്. ആളുകൾ ടോർച്ച് അടിച്ചതോടെ കടുവ തേയിലത്തോട്ടത്തിലേക്ക് ഓടിമറഞ്ഞു.
പാടിക്ക് സമീപത്ത് പോലും കടുവയെത്താൻ തുടങ്ങിയതോടെ രാത്രിയിൽ ഉറക്കം നഷ്ടമായെന്ന് പ്രദേശവാസികൾ പറയുന്നു. ആൺ കടുവയുടെ സാന്നിദ്ധ്യം പ്രശ്നമാണെങ്കിലും പരമാവധി ജാഗ്രതയോടെ നടപടികൾ തുടരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. നിലവിൽ തയ്യാറാക്കിയിട്ടുള്ള കൂട്ടിൽ ഈ ആൺകടുവ കുടുങ്ങിയാലും വനം വകുപ്പിന് നീക്കം ചെയ്യേണ്ടിവരും. വർഷങ്ങളായി ചെമ്പ്ര വനമേഖലയിലുള്ള കടുവയാണിത്. വനവകുപ്പിന്റെ സർവേയിലും നേരത്തെ കടുവയെ കണ്ടെത്തിയിരുന്നു. പശുവിന്റെ അഴുകിയ ജഡാവശിഷ്ടം ചെറിയ കൂട്ടിൽ വച്ചിട്ടുള്ളതിനാൽ തന്നെ ആൺകടുവ കൂട്ടിൽ കയറാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. കൂടിന്റെ 300 മീറ്റർ അകലെ വരെ കഴിഞ്ഞദിവസം ആൺകടുവ എത്തിയിട്ടുണ്ട്. അതേസമയം കൂടുവച്ച ശേഷം പെൺ കടുവയും മൂന്ന് കുട്ടികളും കൂടിന് അടുത്തേക്ക് എത്തിയിട്ടുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |