കോഴിക്കോട്: ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കുട്ടികൾ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാലസംഘം ഏഴാമത് സംസ്ഥാന സമ്മേളന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാലറി ചാലഞ്ചിന് വിസമ്മതിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനയുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികൾ എത്ര ഉയരത്തിലാണെന്ന് മനസിലാക്കാവുന്നതേ ഉള്ളൂ. പലതും കുട്ടികളിൽ നിന്ന് പഠിക്കേണ്ടതായുണ്ട്. ഏകപക്ഷീയമായിട്ടായിരുന്നില്ല സർക്കാർ ഉദ്യോഗസ്ഥരോട് ശമ്പളം സംഭാവന ചെയ്യാൻ ആവശ്യപ്പെട്ടത്. സർക്കാർ ജീവനക്കാരുടെ സംഘടനകളോട് ചർച്ച ചെയ്താണ് അഞ്ചു ദിവസത്തെ ശമ്പളമെന്ന് തീരുമാനിച്ചത്. ഒരു സംഘടന സംഭാവന ചെയ്യാൻ പറ്റില്ലെന്ന് അറിയിച്ചു. ഇത് ശരിയല്ലെന്ന് അവരോട് പറയേണ്ടതായി വന്നു. സർക്കാർ ജീവനക്കാർ എല്ലാവരും ഇങ്ങനെയാണെന്നല്ല പറയുന്നത്. സ്വന്തം ജീവിതം മറ്രുള്ളവർക്ക് എങ്ങനെ ഉപകാരപ്പെടുന്നു എന്നുള്ള തോന്നൽ ഉണ്ടാകണം. സമർപ്പിത മനസാണ് കുട്ടികളിൽ വേണ്ടത്. പരസ്പരം സ്നേഹം, കരുതൽ കാണിക്കേണ്ട രീതിയാണ് ഉണ്ടാകേണ്ടത്. അത്തരത്തിലുള്ള ബാലസമൂഹത്തെ വളർത്തിയെടുക്കണം. അതിന് ബാലസംഘത്തിന്റെ പ്രവർത്തനങ്ങൾ മുതൽക്കൂട്ടാകും. രാജ്യത്തിന്റെ പല ഭാഗത്തും കുട്ടികൾക്ക് വിദ്യാഭ്യാസം പോലും കിട്ടുന്നില്ല. കേരളത്തിൽ അങ്ങനെയല്ല. പണ്ട് ഒന്നിച്ചിരുന്ന് പഠിക്കാൻ പറ്റാത്ത കാലമുണ്ടായിരുന്നു. ശക്തമായ പോരാട്ടങ്ങളിലൂടെ അതിനെ മറി കടക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാലസംഘം സംസ്ഥാന പ്രസിഡന്റ് പ്രവിഷ പ്രമോദ് അദ്ധ്യക്ഷത വഹിച്ചു.സ്വാഗതസംഘം ചെയർപേഴ്‌സൺ കെ.കെ ലതിക സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |