കോഴിക്കോട്: ഭിന്നശേഷി മേഖലയിലെ മികച്ച പുനരധിവാസ കേന്ദ്രത്തിനുള്ള കേരള സാമൂഹ്യനീതി വകുപ്പിന്റെ സംസ്ഥാന അവാർഡിന് അർഹരായിരിക്കുകയാണ് കാരുണ്യതീരം പ്രതീക്ഷ ഭവൻ. മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്ന മനുഷ്യരെ ഒറ്റപ്പെടുത്താതെ ചേർത്തുനിർത്തിയതിനുള്ള അംഗീകാരമാണ് പ്രതീക്ഷ ഭവന് ലഭിച്ച ഈ പുരസ്‌കാരം. ഡിസംബർ മൂന്നിന് തൃശ്ശൂരിൽ നടക്കുന്ന ഭിന്നശേഷി ദിനാചരണ പരിപാടിയിൽ വെച്ച് ഉന്നത വിദ്യഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആർ.ബിന്ദു അവാർഡും 50,000 അവാർഡ് തുകയും കൈമാറും. ബുദ്ധിപരമായ വൈകല്ല്യങ്ങൾ നേരിടുന്ന പുരുഷൻമാർക്കുവേണ്ടി ഹെൽത്ത് കെയർ ഫൗണ്ടേഷൻ, കേരള സാമൂഹ്യനീതി വകുപ്പിന്റെ മേൽ നോട്ടത്തിൽ 2023 സെപ്റ്റംബറിൽ ആരംഭിച്ച പുനരാധിവാസ കേന്ദ്രമാണ് കാരുണ്യതീരം പ്രതീക്ഷ ഭവൻ. കട്ടിപ്പാറ പഞ്ചായത്തിലെ കാരുണ്യതീരം കാമ്പസിലാണ് പ്രതീക്ഷ ഭവൻ. 50 അന്തേവാസികൾക്ക് താമസസൗകര്യമുണ്ടെങ്കിലും നിലവിൽ 35 അന്തേവാസികളാണുള്ളത്. ഓരോ അന്തേവാസിയുടെയും കാര്യങ്ങൾ നോക്കാനായി ഒരു വളണ്ടിയർ എന്ന രീതിയിലാണ് ഇവിടുത്തെ ക്രമീകരണം. എല്ലാ വർഷവും ഒരു മാസം പരിശീലനം നൽകിയാണ് ഇവിടെ വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വർഷം സംസ്ഥാന യുവജനക്ഷേമബോർഡിന്റെ മികച്ച യുവജനക്ലബിനുള്ള അവാർഡും പ്രതീക്ഷ ഭവൻ നേടിയിരുന്നു.
ഇവിടം 'കെയർ പ്ലസാ' ണ്
തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി 'കെയർ പ്ലസ്' എന്ന ബ്രാന്റിൽ പേപ്പർ പേന, ജ്വല്ലറി, ക്ലീനിങ് ലിക്വിഡ് എന്നിവയുടെ നിർമാണ യൂണിറ്റും പച്ചക്കറി കൃഷിയും ഇവിടെ നടക്കുന്നുണ്ട്. സ്‌പെഷ്യൽ എഡ്യൂക്കേഷൻ, വൊക്കേഷണൽ ട്രെയിനിങ്, ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, തുടങ്ങി നിരവധി സേവനങ്ങളും ഇവിടെ നൽകിവരുന്നുണ്ട്. താമസക്കാരുടെ ആരോഗ്യപരിപാലനം കണക്കിലെടുത്ത് ഹോം ജിമ്മും പ്രതീക്ഷാഭവനിലുണ്ട്. താമസക്കാരുടെ മാനസികോല്ലാസം കണക്കിലെടുത്ത് എല്ലാ മാസത്തിലും മ്യൂസിക് ഇവന്റുകളും വിനോദയാത്രകളും സംഘടിപ്പിക്കാറുണ്ട്.
''മുതിർന്ന ഭിന്നശേഷിക്കാർക്ക് തണലൊരുക്കാൻ ഹെൽത്ത് കെയർ ഫൗണ്ടേഷൻ അഞ്ചേക്കർ സ്ഥലത്തൊരുക്കുന്ന വിപുലമായ ക്യാമ്പസ് 'കെയർ വില്ലേജ്' സ്വപ്ന പദ്ധതിയാണ്. 1000 ആളുകളിൽ നിന്നും 15,000 രൂപ വെച്ച് സഹായധനം സ്വീകരിച്ചാണ് പദ്ധതിക്കായി സ്ഥലം വാങ്ങിയത്. പ്രതീക്ഷാഭവൻ സന്ദർശിച്ച മന്ത്രി ആർ. ബിന്ദു സംസ്ഥാന സർക്കാറിന്റെ സഹായവും ഉറപ്പുനൽകിയിട്ടുണ്ട്.
- സി.കെ.എ ഷമീർ ബാവ ( പ്രതീക്ഷ ഭവൻ, ജനറൽ സെക്രട്ടറി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |