കുടിവെള്ളമല്ല, കണ്ണുനീർവെള്ളം...കേരളം മുമ്പെങ്ങുമില്ലാത്ത വരൾച്ചയിലേക്കാണ് നീങ്ങുന്നതെന്ന് പഠനങ്ങൾ. ഇടയ്ക്ക് ആശ്വാസം പോലെ ഇടമഴകളുണ്ടാവുന്നെങ്കിലും കുടിവെള്ളവും കൃഷിയുമെല്ലാം വറ്റിവരളുകയാണ്. ജലലഭ്യതക്കുറവ് കാരണം ജില്ലയുടെ വിവിധ മേഖലകളിലെ കുടിവള്ളപ്രശ്‌നവും പാഴായിപ്പോയ പദ്ധതികളും വരണ്ടുപോയ പാടങ്ങളും അന്വേഷിച്ച് ലേഖകരുടെ സഞ്ചാരം. ഇന്നുമുതൽ
കോഴിക്കോട്: വേനൽ കടുത്തതോടെ ജില്ല വരൾച്ചാ ഭീഷണിയിൽ. കിണറുകളും തോടുകളും പുഴകളും വറ്റിത്തുടങ്ങിയതോടെ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. ഇരുവഴിഞ്ഞിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാർ തുടങ്ങി ജില്ലയിലെ പ്രധാന പുഴകളിലെ ജലനിരപ്പ് ദിനംപ്രതി കുറയുകയാണ്. നഗരത്തിന്റെ ദാഹമകറ്റുന്ന മാനാഞ്ചിറയിലെ ജലനിരപ്പും കുറഞ്ഞുവരികയാണ്. നഗരത്തിൽ ചെലവൂർ, മൂഴിക്കൽ, കോട്ടൂളി, കൊമ്മേരി എന്നിവിടങ്ങളിലെല്ലാം കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്.
26,000 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകി
അമൃത് പദ്ധതിയിലുൾപ്പെടുത്തി കോർപ്പറേഷൻ നടപ്പാക്കുന്ന സമഗ്രകുടിവെള്ള പദ്ധതിയിലൂടെ 26,000 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകി.
കേന്ദ്ര-സംസ്ഥാന സർക്കാരുകളും കോർപ്പറേഷനും ചേർന്ന് 111.33 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കി.
ബി.പി.എൽ. കുടുംബങ്ങൾക്കും രണ്ടുലക്ഷത്തിനുതാഴെ വരുമാനമുള്ളവർക്കും സൗജന്യമായും മറ്റുള്ളവർക്ക് 1700 രൂപ നിരക്കിലും കണക്ഷൻ
പദ്ധതിയിൽ ഇതുവരെ 27,500 കുടുംബങ്ങളാണ് അപേക്ഷിച്ചത്.
ഏകദേശം 200 കിലോമീറ്റർ നീളത്തിൽ പെെപ്പ് ലെെൻ സ്ഥാപിച്ച് കണക്ഷനുകൾ പൂർത്തിയാക്കി.
അമൃത് പദ്ധതിയിൽ തന്നെ ഉൾപ്പെടുത്തി പഴയ പെെപ്പ് ലൈനുകൾ മാറ്റി പലയിടത്തും പുതിയ ലൈൻ സ്ഥാപിച്ചു.
ജൽജീവൻ പദ്ധതിയും മുന്നോട്ട്
ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി ജൽ ജീവൻ പദ്ധതിയുടെ പെെപ്പ് ലെെൻ പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ട്. നരിക്കുനി പഞ്ചായത്തിൽ 90 ശതമാനം വീടുകളിലും ഇതുവഴി വെള്ളമെത്തി. മറ്റ് പലയിടത്തും ഗ്രാമീണ റോഡുകളിൽ പെെപ്പിടൽ പൂർത്തിയായെങ്കിലും മെയിൻ റോഡുകളിൽ പ്രവൃത്തികൾ പുരോഗമിക്കുന്നതേയുള്ളൂ. ഉയർന്ന പ്രദേശങ്ങളിലേക്കുള്ള പെെപ്പ് ലെെനുകൾ സ്ഥാപിക്കുന്ന ജോലികളും നടക്കുകയാണ്.
പ്രധാന പ്രതിസന്ധി ബെെപ്പാസ് നിർമാണം
വെങ്ങളം രാമനാട്ടുകര ബെെപ്പാസിന്റെ നിർമാണ പ്രവൃത്തികൾ വലിയ തോതിൽ പ്രശ്നമുണ്ടാക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. പെെപ്പ് ലെെൻ മാറ്റി സ്ഥാപിക്കുന്ന ജോലികൾക്കിടെ പെെപ്പുകളിൽ ചെളി നിറഞ്ഞ് കുടിവെള്ളമെത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. ഇത്തരത്തിൽ ചെളി നിറഞ്ഞതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച ചെളി നീക്കം ചെയ്യാനായി പാറോപ്പടിയിൽ ഈയിടെ നവീകരിച്ച ഗിരിനഗർ റോഡിന്റെ ഭാഗങ്ങൾ പൊളിക്കേണ്ടി വന്നു.
"കുന്ന് പ്രദേശങ്ങളിൽ പെെപ്പുകളിൽ വെള്ളം കയറാത്തത് പ്രശ്നമാകുന്നുണ്ട്. ഇത്തരം സ്ഥലങ്ങൾ കണ്ടെത്തി അവിടങ്ങളിൽ വലിയ ടാങ്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളും പുരോഗമിക്കുകയാണ്.
പി.സി രാജൻ ( പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ )
'' കുടിവെള്ള പ്രതിസന്ധി ഇല്ലാതാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പെെപ്പ് ലെെൻ മാറ്റി സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികളുടെ കൃത്യമായ ബ്ലൂപ്രിന്റ് വാട്ടർ അതോറിറ്റിയുടെ കെെവശമില്ലാത്തത് വെല്ലുവിളിയാകുന്നുണ്ട്. ഇനിയുള്ള പ്രവൃത്തികളിലെങ്കിലും ഇത്തരം രേഖകൾ കൃത്യമായി സൂക്ഷിക്കണം.
കെ.സി ശോഭിത,യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |