കോഴിക്കോട്: കുടിവെള്ള പദ്ധതിയുടെ പെെപ്പ് പൊട്ടിയതിനെത്തുടർന്ന് മലാപ്പറമ്പ് - ചേവരമ്പലം റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. ചേവരമ്പലം ജംഗ്ഷനിൽ നിന്ന് മലാപ്പറമ്പിലേക്ക് പോകുന്ന ഭാഗത്ത് ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് റോഡിന് നടുവിലായി വൻ ഗർത്തം രൂപപ്പെട്ടത്. വാട്ടർ അതോറിറ്റി മലാപ്പറമ്പ് ടാങ്കിൽ നിന്നും ചേവരമ്പലം ഭാഗത്തേക്കുള്ള ജല വിതരണ പൈപ്പാണ് പൊട്ടിയത്. മെഡിക്കൽ കോളജ്, സിവിൽ സ്റ്റേഷൻ ഭാഗത്തേക്ക് അടക്കം നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന തിരക്കേറിയ റോഡാണിത്. വെള്ളച്ചാട്ടം പോലെ വലിയ ശക്തിയിലാണ് വെള്ളം പുറത്തേക്ക് വന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ നാട്ടുകാരും പരിഭ്രാന്തരായി.
തൊട്ടടുത്തുള്ള കടകളിലേക്കും വീടുകളിലേക്കും വെള്ളം ഒഴുകിയെത്തി. വൈകാതെ പൊലീസും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വാൽവ് അടച്ചു. സംഭവത്തെതുടർന്ന് പ്രദേശത്ത് ഗതാഗത തടസവുമുണ്ടായി.
" പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാനുള്ള പ്രവൃത്തി ആരംഭിച്ചു. രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കും. കെ.ആര്‍.എഫ്.ബിക്ക് കീഴിലുള്ള റോഡായാതിനാല്‍ അവരുമായി കൂടിയാലോചിച്ച് റോഡ് നവീകരണം പൂര്‍ത്തിയാക്കും. "
- ബി.എല്‍ ദീപ്തിലാല്‍, വാട്ടര്‍ അതോറിറ്റി ഹെഡ് ഓഫ് സബ് ഡിവിഷന്‍ (കോഴിക്കോട്)
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |