ആറ് മുതൽ ഒരു മാസത്തെ പരിപാടികൾ
കോഴിക്കോട്: ഏഴര കോടി ചെലിൽ 24,000 ചതുരശ്രയടി വിസ്തീർണത്തിൽ നാലു നിലകളിലായി നിർമ്മിച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ് (ലീഡർ കെ. കരുണാകരൻ മന്ദിരം) ഉദ്ഘാടനത്തിനൊരുങ്ങുന്നു. 12ന് രാവിലെ 11ന് ഓഫീസ് പരിസരത്ത് എ.ഐ.സി.സി. സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. കെ.പ്രവീൺകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ത്രിവർണ്ണോത്സവം എന്ന പേരിൽ ആറു മുതൽ ഒരുമാസം ബീച്ചിലും മറ്റുമായി പ്രവാസി, വനിതാ സംഗമം, പുസ്തകോത്സവം, മാദ്ധ്യമ സെമിനാർ, ഫുഡ് ഫെസ്റ്റ്, യുവജന, വിദ്യാർത്ഥി സംഗമം, കലാസാംസ്കാരിക സമ്മേളനം, ഭരണഘടന സംരക്ഷണ സദസ്, കലാപരിപാടികൾ തുടങ്ങിയവ നടക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലും അഡ്വ. പി. ശങ്കരൻ്റെ പേരിലുമുള്ള ഓഡിറ്റോറിയവും ആര്യാടൻ മുഹമ്മദ് ഉൾപ്പെടെ വിവിധ നേതാക്കളുടെ പേരിൽ സ്ക്വയറുകളും ഓഫീസിലുണ്ട്. കോൺഗ്രസിന് ഇന്ത്യയിലുള്ളതിൽ വച്ച് ഏറ്റവും വലിയ ഓഫീസാണിതെന്ന് ഭാരവാഹികൾ അവകാശപ്പെട്ടു. ഉദ്ഘാടന ചടങ്ങിൽ എം.പിമാരായ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എം.എൽ.എ, ലീഗ് അഖിലേന്ത്യാ ജന.സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ, വി.എം. സുധീരൻ, എം.എം. ഹസൻ തുടങ്ങിയവർ പ്രതിമ അനാഛാദനം, ഓഡിറ്റോറിയം, സ്ക്വയർ ഉദ്ഘാടനം എന്നിവ നടത്തും.ഗാന്ധിജി, നെഹ്റു, കെ. കരുണാകരൻ, ഉമ്മൻചാണ്ടി എന്നിവരുടെ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ കെ.സി. അബു, അഡ്വ. എം.രാജൻ, പി.എം. നിയാസ്, അബ്ദുൾ റഹ്മാൻ, സുൽഫിക്കർ, എൻ. സുബ്രഹ്മണ്യൻ, ചോലയിൽ രാജേന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |