കോഴിക്കോട്: കനത്തുപെയ്ത വേനൽ മഴ കർഷകർക്ക് സമ്മാനിച്ചത് മൂന്ന് കോടിയുടെ നഷ്ടം. വിഷു വിപണി ലക്ഷ്യമാക്കി വിളവിറക്കിയ 402 കർഷകരുടെ 40.880 ഏക്കറിലെ 33293700 കോടി രൂപയുടെ കൃഷിയാണ് മഴ കവർന്നത്. ഏക്കർ കണക്കിന് പച്ചക്കറിയും ഏത്തവാഴയും കുരുമുളകും കപ്പയും നിലം പൊത്തി. ഇതോടെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ഇറക്കിയ കർഷകർ കടക്കെണിയിലായി. ഇത്തവണ 204 ശതമാനം അധിക മഴയാണ് ജില്ലയിൽ പെയ്തിറങ്ങിയത്. ഇന്നലെ വരെ 22.1 മില്ലീമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് 67.1 മില്ലീമീറ്റർ മഴ പെയ്തു.
കൂടുതൽ നശിച്ചത് വാഴക്കൃഷി
വാഴ കർഷകർക്കാണ് കൂടുതൽ നഷ്ടമുണ്ടായത്. 31904000 കോടിയുടെ നഷ്ടം. 262കർഷകരുടെ 29.47 ഹെക്ടറിലെ 46440 കുലച്ച വാഴകളും 7475 കുലക്കാത്ത വാഴകളും നിലംപൊത്തി. വിഷു വിപണിയിൽ പ്രതീക്ഷ അർപ്പിച്ച് മാസങ്ങളായി പരിപാലിച്ച നൂറുകണക്കിന് വാഴകളാണ് മൂക്കുകുത്തിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ വാഴ കൃഷി ചെയ്യുന്ന മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിലെ ഏക്കർ കണക്കിന് സ്ഥലത്തെ കുലച്ച വാഴകൾ നശിച്ചു. ആറ് ഹെക്ടറിലെ പച്ചക്കറികളാണ് നശിച്ചത്. ഇതിലൂടെ കർഷകർക്കുണ്ടായത് 2,52, 500 ലക്ഷത്തിന്റെ നഷ്ടമാണ്. 0.28 ഹെക്ടറിലെ തെങ്ങ് കൃഷിയും 0.13 ഹെക്ടറിലെ അടക്കയും നശിച്ചു. 4.000 ഹെക്ടറിലെ നെൽകൃഷി നശിച്ചതിലൂടെ 1600000 രൂപയാണ് നഷ്ടം. 0.40 ഹെക്ടറിൽ ഗ്രാമ്പൂവും നശിച്ചു. കപ്പ, മഞ്ഞൾ, ജാതി എന്നിവയും നശിച്ചു.
സ്വർണ വെള്ളരി കർഷകർക്ക് കണ്ണീർ വിഷു
ശൈലേഷ് അമലാപുരി
മാവൂർ: കടുത്ത ചൂടും കനത്ത മഴയും കർഷകർക്ക് ഉണ്ടാക്കിയത് വൻ സാമ്പത്തിക നഷ്ടം. വിഷു വിപണി പ്രതീക്ഷിച്ച് കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ കണി വെള്ളരി കൃഷി ചെയ്യുന്ന മാവൂർ, പെരുവയൽ, കുറ്റിക്കാട്ടൂർ, ചെറുകുളത്തൂർ, കിഴക്കുംപാടം എന്നിവിടങ്ങളിലാണ് വിളഞ്ഞു പാകമായ സ്വർണ നിറമുള്ള കണി വെള്ളരി വേനൽച്ചൂട് താങ്ങാൻ കഴിയാതെ വിണ്ടുകീറിയത്. വേനൽ മഴ പെയ്തതോടെ പിളർന്ന വെള്ളരിയിലേക്ക് വെള്ളം ഊർന്നിറങ്ങി. വേനൽമഴ കാരണം കൃഷിയിടങ്ങളിൽ വെള്ളം കെട്ടിക്കിടന്നും വെള്ളരി നശിച്ചു. കൃഷി സ്ഥലം പാട്ടത്തിനെടുത്തും വിത്തും ജൈവവളങ്ങളുംവായ്പയെടുത്ത് വാങ്ങിയുമാണ് പലരും കൃഷിയിറക്കിയത്.
'കണി വെള്ളരി ഹ്രസ്വകാല വിളയായതിനാൽ മിക്ക കർഷകരും ഇൻഷ്വറൻസ് പരിരക്ഷ ചെയ്യാറില്ല. പ്രകൃതി ദുരന്തമാണ് കാരണമെന്ന് ബോദ്ധ്യമായാൽ കർഷകർക്ക് തീർച്ചയായും സാമ്പത്തിക സഹായം ലഭിക്കും ." ഡോ. ദർശന ദിലീപ്, കൃഷി ഓഫീസർ, മാവൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |