ചൂട്: പാമ്പുകടിക്കെതിരെ വേണം ജാഗ്രത
കോഴിക്കോട്: വനം വകുപ്പിന്റെ സജീവ ഇടപെടലിനെ തുടർന്ന് സംസ്ഥാനത്ത് പാമ്പുകടി മരണം കുറഞ്ഞു. അഞ്ച് വർഷം മുമ്പ് വർഷത്തിൽ 145 ഓളം പേർ മരിച്ചിരുന്നത് കഴിഞ്ഞ വർഷം 33 ആയി. പ്രതിരോധം, ചികിത്സ എന്നിവ കാര്യക്ഷമമാക്കി. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനും തെറ്റായ ചികിത്സ നൽകാതിരിക്കാനും ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ ശ്രദ്ധിച്ചതാണ് ഫലം കണ്ടത്. പരിശീലനം ലഭിക്കാത്തവർ പാമ്പിനെ പിടികൂടുന്നതും നിയന്ത്രിച്ചു. സർപ്പ ആപ് വഴിയും സ്കൂൾ തലം മുതൽ നേരിട്ടും വനംകവുപ്പിന്റെ പരിശീലനം നേടിയ വോളണ്ടിയർമാരും സന്നദ്ധ സംഘടനകളും ബോധവത്കരണം തുടരുന്നുണ്ട്. ചൂട് കൂടുമ്പോൾ മാളം വിട്ടിറങ്ങുന്ന പാമ്പുകൾ നാട്ടിൻപുറങ്ങളിലും വീടുകളിലുമെത്തുന്നു. തണുപ്പ് തേടി ശുചിമുറിയിലും വീടിനകത്തും ചവിട്ടുപടിയിലുമെത്താം. വെളിച്ചമില്ലാത്തിടത്തും രാത്രികാലത്തും പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം. ജനലുകൾ തുറന്നിടരുത്. വീടിനു സമീപം വിറക്, ചകിരി തുടങ്ങിയവയും മാലിന്യവും കൂട്ടിയിടരുത്. കയറാൻ സഹായിക്കുന്ന കമ്പോ വടിയോ മറ്റോ ചുമരിൽ ചാരി വയ്ക്കരുത്. മാളങ്ങളുള്ള സ്ഥലങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. പാമ്പിനെ കണ്ടാൽ സ്വയം പിടിക്കരുത്. വനംവകുപ്പിനെയോ പരിശീലനം ലഭിച്ചവരെയോ അറിയിക്കണം.
സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരണം- 593
( 9 വർഷത്തിനിടെ)
പാമ്പുകടി മരണം കുറയുന്നു
2018- 123
2019- 71
2020- 52
2021- 65
2022- 48
2023- 34
2024- 33
പാമ്പുകടി മരണസംഖ്യ പൂജ്യമാക്കുകയാണ് ലക്ഷ്യം. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പ്രവർത്തനം.
-മുഹമ്മദ് അൻവർ
അസി. കൺസർവേറ്റർ, ബയോ ഡെെവേഴ്സിറ്റി സെൽ, വനംവകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |