ആഡംബര വാഹനങ്ങൾക്കും സാധാരണ വാഹനങ്ങൾക്കും ഒരേ നികുതി
കോഴിക്കോട്: വാഹനനികുതി ഏകീകരണത്തിന്റെ പേരിൽ ഓർഡിനറി (ബെഞ്ച് സീറ്റ്) വാഹനങ്ങൾക്ക് 32 ശതമാനം നികുതി വർദ്ധിപ്പിച്ചത് കോൺട്രാക്ട് കാരേജ് വാഹന ഉടമകൾക്ക് തിരിച്ചടിയായി. പുഷ്ബാക്ക് (ആഡംബര വാഹനങ്ങൾ),10 സീറ്റിന് മുകളിലുള്ള ഓർഡിനറി സീറ്റ് വാഹനങ്ങൾക്കും ഒരേ നികുതി ഏർപ്പെടുത്തുന്നത് 90 ശതമാനം ഓർഡിനറി വാഹന ഉടമകളെയും പ്രതികൂലമായി ബാധിക്കുമെന്ന് കോൺട്രാക്ട് കാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് 10 ശതമാനത്തിൽ താഴെ മാത്രമുള്ള ആഡംബര, ലക്ഷ്വറി, എ.സി വാഹനങ്ങളിലാണ് നിലവിൽ പുഷ്ബാക്ക് സീറ്റുള്ളത്. സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്ന നികുതി പരിഷ്‌കാരത്തിൽ നിന്ന് പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ട് ധന, ഗതാഗത മന്ത്രിമാർക്ക് നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. മൂന്നു മാസത്തിലൊരിക്കൽ 33,000 നികുതി അടച്ചത് ഇപ്പോൾ 41,100 രൂപയായി. വർഷത്തിൽ 44,400 രൂപയുടെ വർദ്ധനവ്.
നിപ്പയും പ്രളയവും കൊവിഡും വരുത്തിവെച്ച അധിക സാമ്പത്തിക ബാദ്ധ്യതയിൽ നിന്ന് കരകയറുന്നതിന് മുമ്പാണ് ഇത്തരം നടപടികൾ. വയനാട് ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളും മേഖലയെ ബാധിച്ചിട്ടുണ്ട്. ദേശീയപാതയിൽ ലൈൻ ട്രാഫിക് എന്ന പേരിൽ പിഴയിട്ടും പീഡിപ്പിക്കുകയാണ്. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് ബിനു ജോൺ, ജനറൽ സെക്രട്ടറി എസ്. പ്രശാന്തൻ, സംസ്ഥാന വൈസ് പ്രസിഡന്റ് രാജുഗരുഡ, മനോജ് നിർമ്മലാനന്ദ, റഫീക്ക് ചുങ്കം, അതുൽ ഫേമസ്, വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.
മാർച്ചും ധർണയും നാളെ
വിഷയത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് വാഹന ഉടമകൾ സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പിന്റെ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഓഫീസുകളിലേക്ക് നാളെ രാവിലെ 10ന് മാർച്ച് നടത്തും. എന്നിട്ടും നടപടിയുണ്ടായില്ലെങ്കിൽ സെക്രട്ടറിയേറ്റ് മാർച്ചടക്കം സമരം നടത്തും.
മറ്റ് ആവശ്യങ്ങൾ
നികുതിയടക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പുന:സ്ഥാപിക്കുക.
പാസഞ്ചർ ക്യാബിനുള്ളിൽ ക്യാമറ ഒഴിവാക്കുക.
ടാർജറ്റ് തികയ്ക്കാൻ റോഡരികിൽ നിന്ന് ഇ - ചെലാൻ പിരിക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |