കോഴിക്കോട്: രാസ ലഹരി ഉപയോഗിക്കുന്നവരിൽ ഏറെയും കൗമാരക്കാരെന്ന് കണ്ടെത്തൽ. കൗൺസിലിംഗ് കേന്ദ്രങ്ങളിൽ ചികിത്സ തേടിയെത്തുന്നവരിൽ കൂടുതൽ പേർ 19 വയസിൽ താഴെയുള്ളവരാണെന്നാണ് എക്സെെസ് പറയുന്നത്.
കഞ്ചാവിൽ നിന്ന് എം.ഡി.എം.എ പോലുള്ള രാസ ലഹരിയിലേക്ക് ഇവർ കടന്നിരിക്കുകയാണ്. താമരശ്ശേരിയിൽ ഭാര്യ ഷിബിലയെ ഭർത്താവ് യാസിർ വെട്ടിക്കൊന്നതു പോലുള്ള കുറ്റകൃത്യങ്ങളും ലഹരി അടിമകളിൽ നിന്നുണ്ടാകുന്നു. പുതുപ്പാടിയിൽ ഷാനിദ് എന്ന യുവാവ് ലഹരി വിഴുങ്ങി മരിച്ചത് കഴിഞ്ഞ മാസമാണ്. സംസ്ഥാനത്ത് രാസ ലഹരിയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കുറ്റകൃത്യങ്ങളുണ്ടാകുന്നത് താമരശ്ശേരി മേഖലയിലാണ്. ഒരു വർഷത്തിനിടെ പൊലീസ് , എക്സൈസ് വിഭാഗങ്ങൾ രജിസ്റ്റർ ചെയ്തത് 122 കേസുകളാണ്. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടവരും വിമുക്തിയുടെ ഡീ അഡിക്ഷൻ, കൗൺസിലിംഗ് കേന്ദ്രങ്ങളിൽ ചികിത്സയ്ക്ക് എത്തിയവരുമായ 600 പേരിൽ എക്സെെസ് വകുപ്പ് 2023ൽ സർവേ നടത്തിയിരുന്നു. 19 വയസിൽ താഴെയുള്ളവരിലായിരുന്നു സർവേ. ഇതിൽ 376പേർ വിമുക്തി ജില്ലാ ഡി അഡിക്ഷൻ കേന്ദ്രങ്ങളിലും കോഴിക്കോട്, കൊച്ചി തിരുവനന്തപുരം കൗൺസിലിംഗ് സെൻററുകളിലും ചികിത്സയ്ക്ക് എത്തിയവർ. സർവേയിൽ പങ്കെടുത്ത 97 ശതമാനം കൗമാരക്കാരും ഏതെങ്കിലും ലഹരി ഉപയോഗിച്ചവരാണെന്നാണ് കണ്ടെത്തൽ. ലഹരി ഗുളികകൾ ഉപയോഗിക്കുന്നവരും കുറവല്ല.
ലഹരിയുടെ ഉറവിടം സുഹൃത്തുക്കൾ
ലഹരി എന്തെന്നറിയാനാണ് ഭൂരിപക്ഷം പേരും ഉപയോഗിച്ചു തുടങ്ങുന്നത്. 79 ശതമാനം പേർക്കും സുഹൃത്തുക്കളിൽ നിന്നാണ് ആദ്യമായി ലഹരിവസ്തു ലഭിക്കുന്നത്. സ്കൂൾ പരിസരം കേന്ദ്രീകരിച്ച് ലഹരി മാഫിയ വല വിരിക്കുന്ന സംഭവങ്ങളുമുണ്ട്. ബംഗളൂരുവിൽ നിന്നാണ് എം.ഡി.എം.എ അടക്കമുള്ളവ എത്തുന്നത്. ആദ്യം സൗജന്യമായി നൽകുന്നു. പിന്നീട് പണം ആവശ്യപ്പെടും. വീട്ടിൽ നിന്ന് കിട്ടാതാകുമ്പോൾ മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലേക്കും കൗമാരക്കാർ തിരിയുന്നു. ഭൂരിഭാഗം കുറ്റകൃത്യങ്ങളും ലഹരിയുമായി ബന്ധപ്പെട്ടവയുമാണ്.
ബോധവത്കരണത്തിന് കെ.എസ്.ടി.എ
ലഹരിക്കെതിരെ സ്കൂളുകളിൽ ബോധവത്കരണത്തിന് വിപുലമായ പദ്ധതിയാണ് സർക്കാർ തയ്യാറാക്കുന്നത്. ഇതു സംബന്ധിച്ച് എസ്.സി.ഇ.ആർ.ടിയുമായി ചർച്ച നടത്തിയിട്ടുണ്ട്. അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എയും ബോധവത്കരണത്തിനിറങ്ങിയിട്ടുണ്ട്. ഇതിനിടെ ഒരു ലക്ഷം നോട്ടീസ് വിതരണം ചെയ്തു. സർക്കാർ തലത്തിലെന്ന പോലെ കെ.എസ്.ടി.എയും സ്കൂൾ സംരക്ഷണ സമിതികളുണ്ടാക്കും.
പരിശോധന കിറ്റുകളില്ല
കോഴിക്കോട് : ലഹരിമരുന്ന് വിപണനത്തിനും ഉപയോഗത്തിനും കടിഞ്ഞാണിടാൻ ശ്രമിക്കുമ്പോഴും ആവശ്യത്തിന് പരിശോധന കിറ്റുകളില്ലാതെ നട്ടംതിരിയുകയാണ് എക്സെെസ്. ലഹരി ഉപയോഗം കണ്ടെത്താൻ ഉപയോഗിക്കുന്ന കിറ്റുകളും പിടിച്ചെടുത്ത ലഹരി വസ്തുക്കൾ ഏതാണെന്ന് തിരിച്ചറിയാനുള്ള ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകളും എക്സെെസിന് കിട്ടാക്കനിയാണ്.
ജില്ലയിൽ എക്സെെസ് വകുപ്പിന്റെ സർക്കിൾ ഓഫീസുകളിലും, നർക്കോട്ടിക് സ്ക്വാഡിലും മാത്രമാണ് ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ ലഭിക്കുക. മറ്റിടങ്ങളിൽ ആവശ്യം വരുന്ന മുറയ്ക്ക് എത്തിക്കുകയാണ് പതിവ്. എല്ലാ സ്റ്റേഷൻ പരിധികളിലും ഇത്തരം കിറ്റുകൾ ആവശ്യമാണെന്ന് വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. രാസ പരിശോധനയിലൂടെ ലഹരി വസ്തു ഏതെന്ന് കണ്ടെത്തുന്ന കിറ്റിന് വില 5000 രൂപ മുതലാണ്. 6 മാസമാണ് ഇവയുടെ കാലാവധി. പ്ലാൻ ഫണ്ടിൽ നിന്ന് നിശ്ചിത തുക നീക്കിവെച്ചാണ് കിറ്റുകൾ വാങ്ങിക്കുന്നത്.
ലഹരി ഉപയോഗിച്ചവരെ
കണ്ടെത്താനും മാർഗമില്ല
ലഹരി ഉപയോഗം കണ്ടെത്താനുള്ള കിറ്റുകൾക്കും ക്ഷാമം നേരിടുകയാണ്. ഉമിനീരിൽ നിന്ന് ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ സാധിക്കുന്ന കിറ്റിന് 500 രൂപയോളമാണ് വില. എം.ഡി.എം.എ കൊക്കെയ്ൻ, എൽ.എസ്.ഡി, കഞ്ചാവ് തുടങ്ങിയ ലഹരി ഉപയോഗിച്ചവരെ തിരിച്ചറിയാനുള്ള എളുപ്പ വഴിയാണ് ഈ കിറ്റുപയോഗിച്ചുള്ള പരിശോധന. മദ്യപിച്ച് വാഹനമോടിച്ചവരെ കണ്ടെത്താൻ ബ്രീത്ത് അനലൈസർ ഉപയോഗിക്കാറുണ്ട്. എന്നാൽ കഞ്ചാവുൾപ്പെടെയുള്ള നിരോധിത ലഹരികൾ ഉപയോഗിച്ചവരെ കണ്ടെത്താൻ സംശയം തോന്നിയാൽ കസ്റ്റഡിയിലെടുത്ത് സർക്കാർ ആശുപത്രിയിലെത്തിച്ച് രക്തപരിശോധന നടത്തേണ്ടതുണ്ട്.
കിറ്റ് ഉപയോഗിക്കുന്നതിലൂടെ ഈ സമയനഷ്ടം ഒഴിവാക്കാൻ സാധിക്കും. ഇത്തരം പരിശോധനകൾ വഴി സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരെ മുഴുവൻ സമയ നിരീക്ഷണത്തിൽ നിർത്താനും ഇതുവഴി ലഹരി വിൽപ്പനക്കാരെ പിടികൂടാൻ സാധിക്കുമെന്നാണ് എക്സെെസ് ഉദ്യോഗസ്ഥർ പറയുന്നത്. പൊലീസും കിറ്റുകൾ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ടെങ്കിലും വല്ലപ്പോഴും മാത്രം പരിശോധന നടത്തിയാൽ വേണ്ടത്ര പ്രയോജനം ലഭിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |