കോഴിക്കോട്: വിഷുവിനെ വരവേൽക്കാൻ നാടും നഗരവുമൊരുക്കി. ഒരു ദിനം ശേഷിക്കെ കൈത്തറി, പായസ, വിപണന മേളകൾ ടൗണിലും പരിസരപ്രദേശങ്ങളിലും സജീവമാണ്. ഉപ്പു തൊട്ട് കർപ്പൂരം വരെ മേളകളിൽ ലഭിക്കും. പുതുമയുടെയും വിലക്കുറവിന്റെയും വലിയ ഓഫറുകളുമായാണ് മേളകൾ ആളുകളെ ആകർഷിക്കുന്നത്. വസ്ത്ര, കൈത്തറി, കരകൗശല മേളക്കൊപ്പം ഗൃഹോപകരണ, മൊബൈൽ ഫോൺ വിപണിയടക്കം സജീവമാണ്. കോഴിക്കോട് സർവോദയ സംഘം സംഘടിപ്പിക്കുന്ന മിഠായിത്തെരുവ് ഖാദി ഗ്രാമോദ്യോഗ് എമ്പോറിയത്തിലെ മേളയിൽ വൻ തിരക്കാണ്. ഖാദി കോട്ടൺ, സിൽക്ക് തുണിത്തരങ്ങൾക്ക് 30 ശതമാനം ഗവ. റിബേറ്റുണ്ട്. ചൂടിൽ നിന്ന് ആശ്വാസം ലഭിക്കുന്ന ഖാദി തുണിത്തരങ്ങളുടെ വിപുലമായ ശേഖരമാണ് ഇത്തവണത്തെ പ്രത്യേകത. ഖാദി തുണിത്തരങ്ങൾക്ക് പുറമെ ലതർ ഉത്പന്നങ്ങൾ, ഫർണിച്ചറുകൾ, കരകൗശല വസ്തുക്കൾ, മൺപാത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഹണി ഹട്ട് കുൾബാർ, ബേക്കറി ഉത്പ്പന്നങ്ങൾ, മരച്ചക്കിലാട്ടിയ എള്ളെണ്ണ, തേൻ എന്നിവയെല്ലാം ഇവിടെയുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തിൽ കൈത്തറി വസ്ത്രങ്ങൾക്ക് ആവശ്യക്കാർ ഏറുകയാണെന്ന് വ്യാപാരികൾ പറയുന്നു.
വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ കോർപറേഷൻ സ്റ്റേഡിയം വളപ്പിൽ കൈത്തറി മേളയിലും തിരക്കുണ്ട്. മാനാഞ്ചിറയിലെ ബി.എസ്.എൻ.എൽ കസ്റ്റമർ സർവീസ് സെന്ററിൽ പ്രവർത്തിക്കുന്ന കര കൗശല വികസന കോർപ്പറേഷന്റെ വിൽപന യൂണിറ്റായ കൈരളിയിലും വിഷു -ഈസ്റ്റർ വിപണന മേളയിലും നല്ല തിരക്കാണ്. ഭൗമസൂചികാ പദവി ലഭിച്ച ആറൻമുള കണ്ണാടി, നെട്ടൂർ പെട്ടി തടി, ഫൈബറിൽ നിർമ്മിച്ച കൃഷ്ണ വിഗ്രഹം, മറ്റ് ദൈവിക രൂപങ്ങൾ, പക്ഷി മൃഗരൂപങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. എല്ലാ ഉത്പന്നങ്ങൾക്കും 10 ശതമാനം വരെയാണ് കിഴിവ് ഉള്ളത്. കൺസ്യൂമർഫെഡിന്റെ വിഷു- ഈസ്റ്റർ വിപണന മേള ഇന്നാരംഭിക്കും. മേളകളെല്ലാം 10ന് ആരംഭിച്ച് ഏഴുമണിയോടെ അവസാനിക്കും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. നഗരത്തിലെ മറ്റു വ്യാപാര സ്ഥാപനങ്ങളിലും വിഷു- ഈസ്റ്റർ മേളകൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും തിരക്കാണ് അനുഭവപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |