കോഴിക്കോട്: നിരപ്പായ റോഡിലൂടെ വണ്ടിയോടിക്കുന്നവർ ജാഗ്രതെെ. എപ്പോൾ വേണമെങ്കിലും നിങ്ങളൊരു കുഴിയിൽ വീഴാം, പെട്ടെന്ന് ബ്രേക്കിടേണ്ടിവന്നേക്കാം. മുന്നിലുള്ള വണ്ടിയുമായി കൂട്ടിയിടിക്കാം. രാത്രിയാത്രയാണെങ്കിൽ കൂടുതൽ ശ്രദ്ധ വേണം. പെപ്പുകൾ സ്ഥാപിക്കാൻ കുഴിച്ച കുഴിയിൽ പട്ടാപ്പകൽ പോലും യാത്രക്കാർ പെടുന്നുണ്ട്. പിന്നെയാണോ രാത്രിയാത്രയുടെ കാര്യം. കോവൂരിൽ പെെപ്പിടാനെടുത്ത കുഴിയിൽ വീണ് ഇരുചക്രവാഹനമോടിച്ച യുവതിക്ക് പരിക്കേറ്റു. തൊണ്ടയാട് മേൽപ്പാലത്തിനടിയിലൂടെ സിഗ്നൽ ജംഗ്ഷൻ കഴിഞ്ഞ് ചേവായൂർ റോഡിൽ പ്രവേശിച്ചാലുടൻ പാചകവാതക പെെപ്പ്ലെെൻ സ്ഥാപിക്കാൻ കുഴിയെടുത്തിട്ടുണ്ട്. പണി തീർന്നിട്ടില്ലെന്നാണ് വിവരം. ചുവപ്പുനാട കെട്ടി വശങ്ങൾ മറച്ചിട്ടുണ്ടെങ്കിലും വേഗക്കൂടുതലാണെങ്കിൽ കുഴിക്ക് തൊട്ടടുത്ത് വണ്ടി നിറുത്താനായെന്നു വരില്ല. ഇവിടെ എന്ന് പണി കഴിയുമെന്നോ കുഴി മൂടുമെന്നോ വ്യക്തമല്ല. ചേവായൂർ പ്രസന്റേഷൻ സ്കൂളിനു മുന്നിലുമുണ്ട് വലിയൊരു കുഴി. ഇതും പാചകവാതക പെെപ്പ്ലെെൻ സ്ഥാപിക്കാനെടുത്തതാണ്. എരഞ്ഞിപ്പാലത്തു നിന്ന് കോഴിക്കോട് ടൗണിലേക്കുള്ള മെയിൻ റോഡിലെ കുഴിയും അപകട ഭീഷണിയുയർത്തുന്നു. ഇവിടം മറച്ചുവച്ചിട്ടുണ്ടെങ്കിലും പെട്ടെന്ന് ശ്രദ്ധയിൽ പെടണമെന്നില്ല.
സരോവരം പാർക്കിന് സമീപത്തുള്ള നടപ്പാതയുടെ ഒരു ഭാഗവും പൊളിഞ്ഞ നിലയിലാണ്. കുഴിയിൽ പെടുമെന്നതിനാൽ ഇതുവഴി നടക്കാനാകില്ല. ഗാന്ധി റോഡിൽ ജില്ലാ വ്യവസായ കേന്ദ്രത്തിനു സമീപം കെ.എസ്.ഇ.ബി കേബിളിനായി കുഴിച്ച കുഴിയും അപകടഭീഷണി ഉയർത്തുന്നു. പണി കഴിഞ്ഞ സ്ഥലങ്ങളിൽ കുഴി മൂടാൻ വെെകുന്നത് നാട്ടുകാരിൽ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. ആസൂത്രണമില്ലാതെയാണ് പണി നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |