കോഴിക്കോട്: നൂറ്റാണ്ടുകളായി പരസ്പര ബന്ധത്തിലൂടെ രൂപപ്പെട്ട കേരളത്തിന്റെ മതസൗഹാർദ്ദത്തെ, ആർക്കും തകർക്കാൻ വിട്ടുകൊടുക്കരുതെന്ന് ശശി തരൂർ എം.പി . മലബാർ ഇനിഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി (മിഷ്) വാർഷികാഘോഷവും വിഷു, ഈദ്, ഈസ്റ്റർ മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതപരമായ ഭിന്നിപ്പുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. എന്നാൽ 2500 വർഷത്തിലധികമുള്ള ബന്ധത്തിലൂടെ രൂപപ്പെട്ട മതസൗഹാർദ്ദത്തെ ഭിന്നിപ്പിക്കുന്നത് എളുപ്പമല്ല. കേരളത്തിലെ തെങ്ങ് ഒമാനിലെ സലാലയിലും കാണുന്നത് ഈ പരസ്പര ബന്ധത്തിന്റെ തെളിവാണ്. പ്രാർത്ഥിക്കാൻ ഇടം ചോദിച്ചവർക്ക് ക്ഷേത്രം വിട്ടുകൊടുത്ത പാരമ്പര്യവും സംസ്കാരവുമാണ് കേരളത്തിന്റേത്. പരസ്പരം മനസിലാക്കിയും ബഹുമാനിച്ചും പങ്കുവച്ചുമാണ് ഇവിടത്തെ ജനങ്ങൾ കഴിഞ്ഞത്. ഈ മൂല്യമാണ് നമ്മുടെ ശക്തി. തിരുവനന്തപുരം പാളയത്ത് എല്ലാ മതക്കാരുടെയും ദേവാലയങ്ങൾ തൊട്ടടുത്തുണ്ട്.
ഗാന്ധിജി പറഞ്ഞ നാനാത്വത്തിൽ ഏകത്വത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് കേരളം. ഇവിടെയെത്തിയ എല്ലാവരെയും കേരളവും കോഴിക്കോടും സ്വീകരിച്ചു. സഹിഷ്ണുതയേക്കാൾ വലുതാണ് സ്വീകാര്യത. കോഴിക്കോടിനും ഇതേ പാരമ്പര്യമാണുള്ളത്. കോഴിക്കോട് ഒരു നഗരമല്ല, വാഗ്ദാനമാണ്. കോഴിക്കോട് താങ്കളുടെ നഗരമല്ലേ എന്ന് ചിലർ ചോദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മിഷ് ചെയർമാൻ പി.വി. ചന്ദ്രൻ അദ്ധ്യക്ഷനായി. വെെസ് ചെയർമാൻ കെ. മൊയ്തു, ആചാര്യ എ.കെ.ബി. നായർ, സഫീർ സഖാഫി, റവ. ഡോ. ടി.ഐ. ജയിംസ്, മുസ്തഫ മുഹമ്മദ്, സി.ഇ.ചാക്കുണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |