കോഴിക്കോട് തിരിച്ചുപിടിക്കണമെന്ന് നേതാക്കൾ
കോഴിക്കോട്: കോൺഗ്രസ് പ്രവർത്തകരിൽ ആവേശമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടനം. പോഷക സംഘടനാ ഭാരവാഹികളും പ്രവർത്തകരും ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരെത്തി. മന്ദിരം എ.ഐ.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ കൂടുതൽ സീറ്റുകൾ നേടാൻ പുതിയ ഓഫീസും പ്രവർത്തനവും കൊണ്ട് സാധിക്കണമെന്ന് നേതാക്കൾ പറഞ്ഞു. വിജയത്തിന് ഒറ്റക്കെട്ടായി പ്രവർത്തിക്കണം. തിരഞ്ഞെടുപ്പിൽ കോഴിക്കോട് തിരിച്ചുപിടിക്കണമെന്ന് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ ആഹ്വാനം ചെയ്തു. രണ്ട് പതിറ്റാണ്ടായി കോഴിക്കോട്ട് കോൺഗ്രസിന് എം.എൽ.എയില്ല. ഈ കുറവ് പരിഹരിക്കണമെന്നാണ് നേതാക്കൾ പ്രവർത്തകരോട് ആവശ്യപ്പെട്ടത്. കോഴിക്കോട് തിരിച്ചുപിടിക്കണമെന്ന ആഹ്വാനമാണ് കെ.സി.വേണുഗോപാലും പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ സീറ്റുകളും നേടുമെന്നും ആ ലക്ഷ്യത്തിനായി അക്ഷീണം പ്രവർത്തിക്കുമെന്നും ഓഫീസ് കെട്ടിട നിർമ്മാണത്തിന് നേതൃത്വം നൽകിയ ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺകുമാർ പറഞ്ഞു.
പുതിയ ഓഫീസിലെ ഉമ്മൻചാണ്ടി ഓഡിറ്റോറിയം ഉദ്ഘാടനം, ഗാന്ധി, നെഹ്റു പ്രതിമ അനാഛാദനം, ഡോ.കെ.ജി. അടിയോടി റിസർച്ച് സെൻ്ററിൻ്റെയും വെബ് സെെറ്റിൻ്റെയും ഉദ്ഘാടനം, ലീഡർ കെ. കരുണാകരൻ പ്രതിമ അനാഛാദനം ജയ്ഹിന്ദ് സ്ക്വയർ ഉദ്ഘാടനം, വി.പി. കുഞ്ഞുരാമക്കുറുപ്പ്, എം. കമലം സ്ക്വയർ ഉദ്ഘാടനം എന്നിവ നടന്നു. യഥാക്രമം കെ.സുധാകരൻ എം.പി, വി.ഡി സതീശൻ, രമേശ് ചെന്നിത്തല, ശശി തരൂർ എം.പി. മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ, എം.എം. ഹസൻ, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ എന്നിവരാണ് നിർവഹിച്ചത്. എം.എൽ.എമാരായ അഡ്വ. ടി.സിദ്ദിഖ്, ഷാഫി പറമ്പിൽ എം.പി, അഡ്വ.കെ.ജയന്ത്, അഡ്വ.പി.എം. നിയാസ്, എൻ. സുബ്രഹ്മണ്യൻ, കെ.സി.അബു, രമ്യ ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |