വടകര: അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യ ദ്രോഹികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വടകര ജില്ലാ ആശുപത്രി ഫേസ് രണ്ടിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗത്ത് ലോകോത്തോര നിലവാരം നേടിയെടുക്കാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ ആ നേട്ടങ്ങളിൽ നിന്ന് പിന്നോട്ടടുപ്പിക്കുന്ന തരം അശാസ്ത്രീയ പ്രവണതകളാണ് സമീപകാലത്ത് ഉണ്ടാകുന്നത്. വാക്സിൻ വിരുദ്ധതയും ഗർഭകാല സുരക്ഷ ഉറപ്പാക്കുന്നതിലെ വിമുഖതയും കണ്ടുവരുന്നു. ഇത്തരക്കാരും ഇത് പ്രചരിപ്പിക്കുന്നവരും സമൂഹത്തിനു വലിയ ദ്രോഹമാണ് വരുത്തിവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016ൽ സംസ്ഥാനത്ത് നടപ്പാക്കിയ ആർദ്രം പദ്ധതിയുടെ ഭാഗമായി എല്ലാ ആശുപത്രികളും വികസിപ്പിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. 83 കോടിയുടെ പദ്ധതി നടപ്പിലാകുന്നതോടെ വടകരയിലും പരിസര പ്രദേശത്തും ആരോഗ്യമേഖല മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ മാതൃശിശു മരണനിരക്ക് വളരെ കുറഞ്ഞിട്ടുണ്ടെന്നും ആരോഗ്യ രംഗത്തെ സംവിധാനങ്ങൾ മെച്ചപ്പെട്ടതുകൊണ്ടാണ് നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്നും ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ് പറഞ്ഞു. 2026 ആവുന്നതോടെ കേരളത്തിൽ 60 വയസ് പൂർത്തിയാക്കുന്നവരുടെ എണ്ണം 20ശതമാനമായി വർദ്ധിക്കും. കേരളത്തിലെ മുഴുവൻ ആശുപത്രികളിലും വയോജന വാർഡുകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു മന്ത്രി വി.അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ വിശിഷ്ടാതിഥിയായി. വീണ ജോർജ്, പി.എ.മുഹമ്മദ് റിയാസ് മുഖ്യാതിഥികളായി. സി.ചന്ദ്രൻ പദ്ധതി അവതരിപ്പിച്ചു. കെ.പി.കുഞ്ഞമ്മദ്കുട്ടി എം.എൽ.എ, ഷീജ ശശി, സ്നേഹിൽ കുമാർ സിംഗ്, പി.ഗവാസ്, പി.പി.നിഷ, കെ.വി.റീന, കെ.പി.ബിന്ദു, എൻ.രാജേന്ദ്രൻ, ടി.ജി.അജേഷ്, സരള നായർ, ബി.അബ്ദുൽ നാസർ, കെ.സുധീർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |