കൽപ്പറ്റ: എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ നടത്തിവരുന്ന സമരം ഒത്തുതീർപ്പിലേക്ക്. റീജിയണൽ ഡെപ്യൂട്ടി ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ ജില്ലാ ലേബർ ഓഫീസിൽ ഒത്തുതീർപ്പ് ചർച്ച നടന്നു. ചർച്ചയിൽ തൃപ്തിയുണ്ടെന്ന് സംയുക്ത സമരസമിതി നേതാക്കൾ പറഞ്ഞു. അനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഈ മാസം 19ന് ജില്ലാ കളക്ടർ പങ്കെടുക്കുന്ന യോഗത്തിൽ തീരുമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി നേതാക്കൾ വ്യക്തമാക്കി. യോഗത്തിൽ തഹസിൽദാർ എം.എസ് ശിവദാസൻ, പ്ലാന്റേഷൻ ഇൻസ്‌പെക്ടർ കെ.കെ വിനയൻ, ജില്ലാലേബർ ഓഫീസർ സി. ജയേഷ് എന്നിവർ പങ്കെടുത്തു. ഹൈക്കോടതി ഉത്തരവിന് പിന്നാലെ തൊഴിലാളികളുമായി ചർച്ച നടത്താതെ രാത്രിയിൽ വന്ന് തോട്ടം ഏറ്റെടുത്ത നടപടിക്കെതിരെ നേതാക്കൾ പ്രതിഷേധം അറിയിച്ചു.
മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ തോട്ടം തൊഴിലാളികളാണ് കൂടുതലായും ഇരയായത്. അവരുടെ പുനരധിവാസത്തിന് ട്രേഡ് യൂണിയനുകൾ ഒറ്റക്കെട്ടാണ്. എന്നാൽ ഏറ്റെടുക്കുന്ന തോട്ടത്തിലെ തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാറിന് ഉത്തരവാദിത്വമുണ്ട്. തൊഴിലാളികളുടെ പ്രശ്നപരിഹാരമാകും വരെ സമരം തുടരുമെന്നും സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചു. സമരസമിതി നേതാക്കളായ സി.ഐ.ടി.യു ജില്ലാ ട്രഷറർ പി ഗഗാറിൻ , ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് പി പി ആലി , യു കരുണൻ, കെ ടി ബാലകൃഷ്ണൻ, എൻ.ഒ ദേവസ്യ (എച്ച്.എം.എസ് ), ഡി രാജൻ (എച്ച്.എം.എസ്) തുടങ്ങിയവർ പങ്കെടുത്തു. അതേസമയം സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ സംയുക്ത സമരസമിതി നടത്തിവരുന്ന സത്യാഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി .പി ആലി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |