'ഐ.ഐ.എസ്.ആർ സൂര്യ'യുമായി
സുഗന്ധവിള ഗവേഷണ സ്ഥാപനം
കോഴിക്കോട്: മഞ്ഞൾപൊടിക്ക് അനുയോജ്യമായ ഇളം നിറമുള്ള മഞ്ഞൾ പുറത്തിറക്കി ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം. 'ഐ.ഐ.എസ്.ആർ സൂര്യ' എന്ന പുതിയ ഇനം മഞ്ഞൾ അത്യുത്പാദനശേഷിയുള്ളതും പ്രത്യേക സുഗന്ധമുള്ളതുമാണ്. മഞ്ഞൾപൊടി നിർമ്മിക്കാനായി പ്രധാനമായും ഉപയോഗിക്കുന്നത് ഇളം നിറത്തിലുള്ള മഞ്ഞളാണെങ്കിലും ലഭ്യത താരതമ്യേന കുറവാണ്. വിദേശ വിപണികളിലുൾപ്പെടെ ഇളം നിറത്തിലുള്ള മഞ്ഞളിനും പൊടിക്കും ആവശ്യക്കാരേറെയുണ്ട്. മൈദുകൂർ, സേലം ലോക്കൽ തുടങ്ങിയവയാണ് നിലവിൽ പ്രചാരത്തിലുള്ള ഇളം നിറമുള്ള മഞ്ഞൾ ഇനങ്ങൾ. ഇവയ്ക്ക് വിളവുകുറവാണ്. ഇതുകാരണം ഇത്തരം മഞ്ഞൾ പലപ്പോഴും സാധാരണ നിറമുള്ള മഞ്ഞളിനൊപ്പം കലർത്തിയാണ് വിപണിയിലെത്തുന്നത്. അത്യുത്പാദനശേഷിയുള്ള 'സൂര്യ' ഹെക്ടറിന് ശരാശരി 29 ടൺ വിളവ് കിട്ടും. മറ്റ് ഇനങ്ങളെ അപേക്ഷിച്ച് 20 മുതൽ 30 ശതമാനം വരെയാണ് വർധന. നിർദ്ദേശിക്കുന്ന സാഹചര്യങ്ങളിൽ കൃഷി ചെയ്താൽ ഹെക്ടറിന് 41 ടൺ വരെ പരമാവധി വിളവ് സൂര്യയിൽ നിന്ന് ലഭിക്കും. ഹെക്ടറിൽ ശരാശരി 5.8 ടണ്ണോളം ഉണങ്ങിയ മഞ്ഞളും ലഭ്യമാവും. സാധാരണയിൽ നിന്നും വ്യത്യസ്തമായുള്ള മണവും സൂര്യയുടെ സ്വീകാര്യത വർധിപ്പിക്കുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. 2-3 ശതമാനം കുർക്കുമിൻ ( മഞ്ഞളിന് നിറം നൽകുന്ന രാസവസ്തു) അടങ്ങിയിട്ടുണ്ട്. കേരളം, തെലങ്കാന, ഒഡീഷ, ഝാർഖണ്ഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സൂര്യ കൃഷിക്ക് അനുകൂലമാണെന്ന് സുഗന്ധവിള ഗവേഷണ പദ്ധതിയുടെ ദേശീയ ഏകോപന സമിതി (എ.ഐ.സി.ആർ.പി.എസ്) നിർദ്ദേശിച്ചിട്ടുണ്ട്. സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരായ ഡോ. ഡി. പ്രസാദ്, ഡോ. എസ്. ആരതി, ഡോ. എൻ. കെ. ലീല, ഡോ. എസ്.മുകേഷ് ശങ്കർ, ഡോ. ബി. ശശികുമാർ എന്നിവരടങ്ങിയ സംഘമാണ് പുതിയ ഇനത്തിന്റെ ഗവേഷണത്തിൽ പ്രവർത്തിച്ചത്.
കൃഷി ചെയ്യാം
ഐ.ഐ.എസ്.ആർ സൂര്യയുടെ നടീൽ വസ്തു ഉല്പാദനത്തിനായുള്ള ലൈസൻസുകൾ ഗവേഷണ സ്ഥാപനം നൽകുന്നുണ്ട്. കർഷകർ, നഴ്സറികൾ എന്നിങ്ങനെ താല്പര്യമുള്ളവർക്ക് ലൈസൻസിനുവേണ്ടിയും ബുക്കിംഗിനായും സ്ഥാപനവുമായി ബന്ധപ്പെടാം.
വിലാസം: ഐ.ടി.എം - എ.ബി.ഐ യൂണിറ്റ്, ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം, മേരിക്കുന്ന് പി.ഒ, കോഴിക്കോട്
ഫോൺ :0495-2731410, ഇമെയിൽ: iisrbpd2019@gmail.com.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |