ചീഞ്ഞുനാറുന്നുണ്ട് മുക്കും മൂലയും
കോഴിക്കോട് : മാലിന്യമുക്ത നഗരമായി പ്രഖ്യാപനം കഴിഞ്ഞെങ്കിലും കോഴിക്കോട് നഗരത്തിൽ മാലിന്യത്തിന് ഒട്ടും കുറവില്ല. ഇടറോഡരികുകളിലും ഒഴിഞ്ഞ പ്രദേശങ്ങളിലും ഇപ്പോഴും കുന്നുകൂടി കിടക്കുകയാണ് മാലിന്യം. വെള്ളയിൽ ബീച്ചിന് സമീപം കൂമ്പാരമായി കിടക്കുന്ന മാലിന്യം കണ്ടാൽ മൂക്കത്തുവിരൽവെച്ചുപോകും. പ്ലാസ്റ്റിക്ക്, ഭക്ഷണാവശിഷ്ടങ്ങൾ, ബിയർ കുപ്പികൾ, ലഹരി വസ്തുക്കൾ, പാക്കറ്റുകൾ തുടങ്ങി സകലതുമുണ്ട് മാലിന്യ കൂമ്പാരത്തിൽ. കോർപ്പറേഷനിലെ ശുചീകരണ വിഭാഗം വല്ലപ്പോഴുമാണ് ഇവിടെയെത്തുന്നതെന്ന ആക്ഷേപം പ്രദേശത്തെ കച്ചവടക്കാർക്കുണ്ട്. തൊടിയിൽ ഭഗവതി ക്ഷേത്രത്തിന്റെ ബലി തർപ്പണ പ്രദേശമാണ്. വെള്ളയിൽ ഹാർബറിനോട് ചേർന്നുകിടക്കുന്ന ഇവിടെ ആവശ്യത്തിന് വെളിച്ചവുമില്ല. ഇത് മറയാക്കി പ്രദേശത്ത് ലഹരി ഉപയോഗം വ്യാപകമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കലാപരിപാടികളും വിപണനമേളകളും നടക്കുന്ന സ്ഥലമാണ് മാലിന്യ നിക്ഷേപ കേന്ദ്രമാക്കിയിരിക്കുന്നത്. കോർപ്പറേഷൻ സ്ഥാപിച്ച ചവറ്റുകൊട്ടകൾ പ്രദേശത്തുണ്ടെങ്കിലും അവയൊന്നും ആരും ഉപയോഗിക്കുന്നില്ല. റെയിൽവേ ഓവർബ്രിഡ്ജിന് സമീപത്തും സ്ഥിതി സമാനമാണ്. വേനലവധി ആയതോടെ നൂറുകണക്കിനാളുകളാണ് ദിനംപ്രതി ബീച്ചിലെത്തുന്നത്. വിദേശ സഞ്ചാരികൾ ഉൾപ്പെടെ എത്തുന്നയിടത്താണ് ഈ മാലിന്യക്കൂമ്പാരം. ടൂറിസം വികസനമുൾപ്പെടെ നിരവധി പദ്ധതികൾ മുന്നോട്ട് വയ്ക്കുമ്പോഴും ഇത്തരം കാര്യങ്ങളിലും അധികാരികളുടെ ശ്രദ്ധ ആവശ്യമാണ്. എത്രയും പെട്ടെന്ന് പ്രദേശം വൃത്തിയാക്കണമെന്നാണ് ഇവിടുത്തെ കച്ചവടക്കാരും ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |