കോഴിക്കോട്: അമ്മയ്ക്കും കുഞ്ഞിനും മികച്ച ചികിത്സ ഉറപ്പുവരുത്തി നഗരമദ്ധ്യത്തിലെ കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തലയുയർത്തി നിൽക്കുകയാണ്. പല നൂതന ചികിത്സാ പദ്ധതികളുമാണ് ആശുപത്രിയിൽ നടപ്പിലാക്കി വരുന്നത്. നവജാത ശിശുക്കൾക്ക് മുലപ്പാൽ ലഭ്യത ഉറപ്പാക്കുന്ന ലാക്ടേഷൻ മാനേജ്‌മെന്റ് യൂണിറ്റും ഓക്‌സിജൻ പ്ലാന്റും കഴിഞ്ഞ ഒരാഴ്ച മുമ്പാണ് തുറന്നത്. മേജർ സർജറി തിയറ്റർ, ലേബർ റൂം, പോസ്റ്റ് ഓപ്പറേറ്റീവ് അടക്കം അത്യാധുനിക പരിശോധന സംവിധാനവും നിലവിലുണ്ട്. ഗുണമേന്മയുള്ള പ്രവർത്തനത്തിന് കേന്ദ്ര- സംസ്ഥാന സർക്കാരിന്റെ നിരവധി പുരസ്കാരങ്ങളും ഇതിനോടകം നേടിക്കഴിഞ്ഞു. 2013ലാണ് നാഭ് അക്രഡിറ്റേഷൻ ലഭിച്ചത്. സംസ്ഥാനത്ത് ഈ പദവി ലഭിക്കുന്ന നാലാമത്തെ ആശുപത്രിയാണ് കോട്ടപ്പറമ്പ് അമ്മയും കുഞ്ഞും ആശുപത്രി. മലബാറിൽ ആദ്യത്തേതും. മികച്ച പ്രവർത്തനങ്ങളിലൂടെ പ്രശംസകൾ ഏറ്റുവാങ്ങുമ്പോഴും ആശുപത്രിയുടെ ഭൗതിക സാഹചര്യം വർദ്ധിപ്പിക്കലിലും ജീവനക്കാർക്ക് താമസ സൗകര്യങ്ങൾ ഒരുക്കുന്നതിലും സർക്കാരിന്റെ ശ്രദ്ധ പതിയണമെന്നാണ് ജീവനക്കാരുടെ ആവശ്യം
ജീവനക്കാർക്ക് താമസ
സൗകര്യം പ്രധാനം
ജില്ലയിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന രണ്ടാമത്തെ ആശുപത്രിയാണ്. ഒരു മാസം 300 മുതൽ 350 വരെ പ്രസവമാണ് ഇവിടെ നടക്കുന്നത്. എന്നാൽ ഡോക്ടർമാർക്കും ജീവനക്കാർക്കും താമസിക്കാൻ ആവശ്യത്തിന് ക്വാട്ടേഴ്സുകളില്ല. നിലവിൽ ആശുപത്രിയിൽ നിന്ന് അധികം അകലെയല്ലാതെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സമീപത്തെ 56 സെന്റിലുള്ള ക്വാട്ടേഴ്സ് പൊട്ടിപൊളിഞ്ഞ സ്ഥിതിയിലാണ്. മാലിന്യം നിക്ഷേപിക്കുന്ന ഇവിടം കാടുമൂടി. ഏത് നിമിഷവും തകർന്നു വീഴാവുന്ന കെട്ടിടങ്ങളിൽ നാലെണ്ണത്തിൽ മാത്രമാണ് താമസം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയിൽ അടിയന്തര സാഹചര്യങ്ങൾ വരുമ്പോൾ എളുപ്പം എത്തിപ്പെടാൻ കഴിയാത്ത സ്ഥിതിയിലാണ് ഡോക്ടർമാരടക്കമുള്ളവർ.എമർജൻസി സർവീസിന് വേണ്ടിയുള്ള ഡോക്ടർമാർക്കും ജീവനക്കാർക്കുമായി ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലത്ത്പുതിയ ക്വാർട്ടേഴ്സ് പണിയണമെന്നാണ് ആവശ്യം. വിഷയം അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഫണ്ടില്ലെന്നാണ് മറുപടി.
വിഭാഗങ്ങൾ
ഗെെനക്കോളജിസ്റ്ര്
പീഡിയാട്രിഷൻ
കാഷ്യാലിറ്റി
ഡോക്ടർമാർ-40
ജീവനക്കാർ-400
ചരിത്രം സ്പന്ദിക്കും
ആശുപത്രി
122 വർഷം പഴക്കമുണ്ട് കോട്ടപ്പറമ്പ് ആശുപത്രിയ്ക്ക്. വിക്ടോറിയ രാജ്ഞിയുടെ സ്മരണയ്ക്കായി രാജ സർ രാമസ്വാമി മുതലിയാർ 1903ൽ സ്ഥാപിച്ചതാണ് വനിതാ- ശിശു ആശുപത്രി. 2007നുശേഷം സർക്കാർ കെട്ടിടങ്ങൾക്ക് മോടികൂട്ടി ആശുപത്രി പുതുമോടിയിലേക്ക് മാറ്റിയെങ്കിലും പല കെട്ടിടങ്ങളും പണ്ട് കാലത്ത് നിർമ്മിച്ചവ തന്നെയാണ്. കാലപ്പഴക്കം മൂലം പല കെട്ടിടങ്ങളും സുരക്ഷാ ഭീഷണി നേരിടുകയും ചെയ്യുന്നു. ചിലത് പൊട്ടിപൊളിയുകയും ചെയ്തു. മൂന്ന് ഏക്കർ 12 സെന്റിൽ സ്ഥിതിചെയ്യുന്ന ആശുപത്രിയുടെ വികസനത്തിന് മികച്ച മാസ്റ്റർ പ്ളാൻ അനിവാര്യമാണ്. പഴമയുടെ പൊലിമ നഷ്ടപ്പെടാതെ ആശുപത്രിയുടെ മുൻവശം അതേപോലെ നിലനിർത്തി പിൻഭാഗത്ത് ബഹുനില കെട്ടിടം നിർമിക്കാനാണ് ആവശ്യം.
'' കോട്ടപ്പറമ്പ് ആശുപത്രി സാധാരണക്കാരുടെ പ്രതീക്ഷയാണ്. ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ മികച്ച ചികിത്സാ സൗകര്യങ്ങൾ നൽകി ജനങ്ങൾക്കേറെ പ്രയോജനകരമാവുകയാണ് അമ്മയും കുഞ്ഞും ആശുപത്രി. കുറവുകൾ നികത്തി ഉയരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അതിന് സർക്കാർ കൂടെയുണ്ടാകണം''-ഡോ. പി.പി പ്രമോദ് കുമാർ, ഡെപ്യൂട്ടി സൂപ്രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |