കോഴിക്കോട്: ' കഴിഞ്ഞ തവണ വന്നപ്പോ കളിയുപകരണങ്ങളെല്ലാം നശിച്ചിട്ടുണ്ടായിനും. ഇത്തവണ അത് ശരിയാക്കുമെന്ന് കരുതി പക്ഷേ ഇത് നോക്ക് എല്ലാം അങ്ങനെ തന്നെ'' അവധിക്കാലം ആസ്വദിക്കാൻ മാനാഞ്ചിറ അൻസാരി പാർക്കിലെത്തിയ മൂന്ന് വയസുകാരന്റെ പരിഭവം. അവധിക്കാലം ആസ്വാദ്യകരമാക്കാൻ നഗരത്തിലെത്തുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും പാർക്കുകൾ സമ്മാനിക്കുന്നത് കടുത്ത നിരാശ. കുട്ടികൾക്കായി ഒരുക്കിയ ഉപകരണങ്ങൾ നശിച്ചിട്ട് കാലമേറെയായി. തകർന്ന ഉപകരണങ്ങളിൽ ഉല്ലസിക്കേണ്ടേ ഗതികേടാണ് കുട്ടികൾക്ക് നഗരത്തിലെ പ്രധാനപ്പെട്ട മാനാഞ്ചിറ-അൻസാരി പാർക്ക്, ബീച്ചിലെ ലയൺസ് പാർക്ക്, ഗാന്ധി പാർക്ക്, സരോവരം ബയോപാർക്ക് തുടങ്ങിയവയുടേയല്ലാം സ്ഥിതി ദയനീയമാണ്. പരിപാലിക്കാൻ ആളില്ലാതെ കാട് മൂടി ഉപകരണങ്ങൾ നശിച്ച സ്ഥിതിയിലാണ്. ഒഴിവു ദിനങ്ങളിൽ കളിച്ച് ഉല്ലസിക്കാൻ നഗരത്തിൽ കുട്ടികൾക്ക് നല്ലൊരു പാർക്ക് ഇല്ലാത്ത അവസ്ഥയാണ്.
നഗരത്തിന്റെ മുഖമായ കുട്ടികളുടെ മാനാഞ്ചിറ അൻസാരി പാർക്ക് മാലിന്യനിക്ഷേപ കേന്ദ്രമായി. ഇവിടുത്തെ ഉപകരണങ്ങളെല്ലാം തുരുമ്പെടുത്തു. നവീകരണ പ്രവൃത്തികളും വകയിരുത്തിയ ഫണ്ടും കടലാസിൽ മാത്രം. കോടികൾ ചെലവിട്ട് കോഴിക്കോട് കടപ്പുറം സൗന്ദര്യവത്കരിച്ചെങ്കിലും ലയൺസ് പാർക്കിനെ അധികൃതർ തിരിഞ്ഞു നോക്കിയില്ല. കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഫണ്ട് വകയിരുത്തി നവീകരണം നടത്താൻ നീക്കം നടന്നെങ്കിലും പദ്ധതി എങ്ങുമെത്തിയില്ല. സരോവരം ബയോ പാർക്കിന്റെയും സ്ഥിതി ഇതുതന്നെ. ഉപകരണങ്ങളെല്ലാം നശിച്ചു. കുട്ടികളെയും മുതിർന്നവരെയും ഏറെ ആകർഷിച്ചിരുന്ന കളിപ്പൊയ്ക ബോട്ടിംഗും വേണ്ടത്ര ഫലം കണ്ടില്ല. വേണ്ടരീതിയിൽ പരിചരണം നടക്കാത്തതിനാൽ കാടുകയറി ശോചനീയാവസ്ഥയിലാണ് ഗാന്ധി പാർക്ക്. പലഭാഗങ്ങളിലും ചുറ്റുമതിൽ പൊളിഞ്ഞ് എപ്പോൾ വേണമെങ്കിലും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. കോർപ്പറേഷന്റെ ചേവായൂരിലെ ഓപ്പൺ സ്പേസ്' പാർക്കിലെ ഇരിപ്പിടങ്ങൾ രാത്രി വൈകിയാൽ ലഹരിമരുന്നു വിൽപനക്കാരും മദ്യപരും കെെയടക്കുകയാണ്. പാർക്കുകളുടെ ശോചനീയാവസ്ഥ മൂലം പലരും കുട്ടികളേയും കൊണ്ട് മാളുകളിലും മറ്റ് ഇടങ്ങളിലും പോകേണ്ടി വരികയാണ്. നഗരത്തിൽ കുട്ടികൾക്ക് വേണ്ടി കൂടുതൽ പാർക്കുകൾ പണിയെണമെന്നത് ദീർഘകാലമായ ആവശ്യമാണ്. എന്നാൽ നിലവിലുള്ള പാർക്കുകൾ പോലും നവീകരണത്തിനുള്ള നടപടികളിൽ കോർപ്പറേഷൻ അനാസ്ഥ തുടരുകയാണ്.
അപകടക്കെണി
പാർക്കുകളിലെ പൊട്ടിയ റെെഡുകളിലും ഊഞ്ഞാലുകളിലും കുട്ടികൾ കയറുന്നത് അപകടം ക്ഷണിച്ചു വരുത്തുകയാണ്.അൻസാരി പാർക്കിലടക്കം കുട്ടികളുടെ കളി ഉപകരണങ്ങളെല്ലാം തുരുമ്പെടുത്ത് പൊട്ടിപൊളിഞ്ഞിട്ടുണ്ട്. ഇവയിൽ കുട്ടികൾ കയറുന്നതോടെ അവ പൊളിഞ്ഞ് വീഴുകയും കുട്ടികൾക്ക് അപകടം സംഭവിക്കുന്നുമുണ്ട്.
'' അവധി ദിവസമായതിനാൽ കുടുംബസമേതം എത്തിയതാണ് അൻസാരി പാർക്കിൽ. എന്നാൽ, ഇവിടെ കളിക്കാനുള്ള ഉപകരണങ്ങൾ നശിച്ചുകിടക്കുന്നു. തുരുമ്പ് പിടിച്ച ഇവയിൽ കയറിയാൽ കുട്ടികൾക്ക് അപകടമുണ്ടാകാൻ സാദ്ധ്യതയുണ്ട്''-ഷീബ, പാർക്കിലെത്തിയ വീട്ടമ്മ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |