കോഴിക്കോട്: വേനൽ കൂടിയതോടെ മെഡി.കോളേജ് ആനിമൽ ബൈറ്റ് ക്ലിനിക്കിലെത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. നായ, പൂച്ച, കുറുക്കൻ, കാട്ടുപന്നി എന്നിവയുടെ കടിയേറ്റ് ദിനംപ്രതി നൂറു പേരെങ്കിലും എത്തുന്നുണ്ട്. മാങ്കാവ്, വെസ്റ്റ്ഹിൽ, പുതിയ സ്റ്റാൻഡ് പരിസരം, ബഷീർ റോഡ് പരിസരം തുടങ്ങി നഗരത്തിന്റെ പല ഭാഗങ്ങളിലും തെരുവു നായ ശല്യം രൂക്ഷമാണ്. അക്രമാസക്തരായ ഇവ വിദ്യാർത്ഥികളേയും നാട്ടുകാരെയും കടിക്കുന്നതും പതിവാണ്. മെഡിക്കൽ കോളേജിനുപുറമേ ഇതേ നായയുടെ കടിയേറ്റ് ബീച്ച് ജനറൽ ആശുപത്രിയിലും ചികിത്സതേടുന്നുണ്ട്.
പ്രഥമ ശുശ്രൂഷ പ്രധാനം
തെരുവുനായ അക്രമണം കൂടുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവിഭാഗം. മലപ്പുറത്ത് അഞ്ചര വയസുകാരി പേവിഷബാധയെ തുടർന്ന് മരിച്ചതിന് പിന്നാലെയാണ് മെഡി. കോളേജ് ആശുപത്രി ആരോഗ്യ വിഭാഗം ആനിമൽ ബൈറ്റ് ഉണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൂടുതൽ അവബോധരാകണമെന്ന് വ്യക്തമാക്കുന്നത്.
നായയുടെ കടിയേറ്റ് കഴിഞ്ഞാൽ ഉടൻ വാക്‌സിനേഷൻ എടുക്കണം.
ആനിമൽ ബൈറ്റ് ഉണ്ടായാൽ ഉടൻ പ്രഥമ ശുശ്രൂഷ ഉടൻ നൽകണം.
മുറിവ് 15 മുതൽ 20 മിനിറ്റ് വരെ ഒഴുകുന്ന വെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് കഴുകണം.
മുറിവ് കഴുകുന്ന ആൾ കെെകളിൽ ഗ്ലൗസോ, പ്ലാസ്റ്റിക് കവറോ ധരിക്കണം.
ആഴത്തിലുള്ള മുറിവാണെങ്കിലും ശരീരത്തിന്റെ ഏതു ഭാഗത്താണെങ്കിലും ഈ രീതിയിൽ കഴുകണം
ശേഷം ഉടൻ ആശുപത്രിയിൽ എത്തിക്കണം.
വളർത്തു നായകളിൽ നിന്നും കടിയേറ്റാലും ഉടനെ ആശുപത്രിയിലെത്തി ചികിത്സ തേടണം.
കുട്ടികളെ ശ്രദ്ധിക്കണം
വേനൽ അവധിക്കാലമായതിനാൽ കുട്ടികൾ മുഴുവൻ സമയവും പുറത്തായിരിക്കും. ഈ സമയങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായകളുടെ കടിയേൽക്കാൻ സാദ്ധ്യത കൂടുതലാണ്. അതിനാൽ കുട്ടികളുടെ കാര്യത്തിൽ വീട്ടുകാരുടെ പ്രത്യേക ശ്രദ്ധ വേണം. നഗരത്തിൽ പലയിടത്തും തെരുവുനായകൾ കൂട്ടത്തോടെ തമ്പടിച്ച സ്ഥിതിയാണ്. മാലിന്യ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ കഴിയാത്തതും തെരുവുനായ ശല്യം കൂടാൻ കാരണമാകുന്നതായി ജനങ്ങൾ പറയുന്നു.
'പലപ്പോഴും വീട്ടിൽ നിന്നും പ്രഥമ ശുശ്രൂഷ ലഭിക്കാത്തതാണ് പേ വിഷബാധയ്ക്കും മരണത്തിനും കാരണമാകുന്നത്. മുറി എത്ര വലുതാണെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കി എത്രയും വേഗം തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കണം''
ഡോ.ജയേഷ് കുമാർ, മെഡി.കോളേജ് മെഡിസിൻ എച്ച്.ഒ.ഡി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |