കോഴിക്കോട്: ടൂറിസം വികസനവും മത്സ്യത്തൊഴിലാളി ജീവിതനിലവാരവുമുയർത്തി കോഴിക്കോടൻ തീരദേശമേഖലയിൽ വലിയ മുന്നേറ്റം. ഒമ്പത് വർഷത്തിനിടെ ഹാർബർ എൻജിനീയറിംഗ് വകുപ്പ് മുഖേന 780 കോടിയിലധികം രൂപയുടെ പ്രവൃത്തികളാണ് യാഥാർഥ്യമായത്. മത്സ്യബന്ധന തുറമുഖം, ഹാർബർ നവീകരണം, ഡ്രെഡ്ജിങ്, പുലിമുട്ട്, ദുരന്തനിവാരണ ഷെൽട്ടർ, ബെർത്തിംഗ് ജട്ടി നിർമാണങ്ങൾ, തീരദേശ സൗന്ദര്യവത്കരണം, ഹാച്ചറി യൂണിറ്റ്, ഫിഷ് ലാൻഡിംഗ് സെന്റർ, തീരദേശ റോഡുകൾ തുടങ്ങിയവയുൾപ്പടെ വിവിധ വികസന പദ്ധതികൾക്കാണ് തുക വിനിയോഗിച്ചത്. സംസ്ഥാന സർക്കാറിന് പുറമെ കേന്ദ്രസർക്കാറിന്റെയും നബാർഡ് ഉൾപ്പടെയുള്ള ഏജൻസികളുടെയും ഫണ്ടും വിവിധ വികസന പ്രവർത്തനങ്ങൾക്ക് ലഭ്യമാക്കി. വടകര ചോമ്പാൽ ഹാർബർ മുതൽ ബേപ്പൂർ ഹാർബർ വരെയുള്ള തീരദേശ മേഖലയിലാണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയത്. കൊയിലാണ്ടി മത്സ്യബന്ധന തുറമുഖം, കൊയിലാണ്ടി ഫിഷിംഗ് ഹാർബർ നവീകരണം, പുതിയാപ്പ ഫിഷിംഗ് ഹാർബർ നവീകരണം, വെള്ളയിൽ മത്സ്യബന്ധന തുറമുഖം, കല്ലാനോട് ഹാച്ചറി രണ്ടാംഘട്ട വികസനം, ചോമ്പാൽ മത്സ്യബന്ധന തുറമുഖം, മുഖദാർ ഫിഷ് ലാൻഡിങ് സെന്റർ, ബേപ്പൂർ, കൊയിലാണ്ടി ഡ്രെഡ്ജിങ്, 697 തീരദേശ റോഡുകൾ, സൗത്ത് ബീച്ച് നവീകരണം ഫണ്ട് ചെലവിട്ടു. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന് പുറമെ ഫിഷറീസ് വകുപ്പും തീരദേശ മേഖലയിൽ കോടികളുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. പ്രദേശങ്ങളിലെ ടൂറിസം മുന്നിൽ കണ്ടുള്ള പ്രോജക്ടുകളാണ് നടപ്പിലാക്കുന്നതെന്ന് അധികൃതർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |