കോഴിക്കോട്: ഹർജികൾക്കും മറ്റ് കോടതി ഇടപാടുകൾക്കുമുള്ള ഫീസ് കുത്തനെ കൂട്ടിയതോടെ സമരം കടുപ്പിക്കാനൊരുങ്ങി വക്കീൽ ഗുമസ്തന്മാർ. മേയ് ആദ്യവാരം എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ഇതു സംബന്ധിച്ച് തീരുമാനമെടുക്കും.
ഫീസ് വർദ്ധന ജനങ്ങളെയും തങ്ങളുടെ തൊഴിലിനെയും ബാധിക്കുന്നുവെന്ന് അവർ പറയുന്നു. അഭിഭാഷകരും സമരപാതയിലാണ്. കോഴിക്കോട് കളക്ടറേറ്റിനു മുന്നിൽ അഡ്വ. ക്ളർക്സ് അസോസിയേഷൻ ധർണ നടത്തിയിരുന്നു. നീതി തേടി കോടതിയിലെത്തുന്ന സാധാരണക്കാർക്ക് ഫീസ് വർദ്ധന തിരിച്ചടിയാകും. വർദ്ധന കുടുംബ കോടതികൾക്കും ബാധകമാവും. ജാമ്യാപേക്ഷ സമർപ്പിക്കാൻ അഞ്ച് രൂപയായിരുന്നത് 250 ആക്കി. കുടുംബകോടതിയിൽ ചെലവിന് കിട്ടാനും വിധിയായാൽ നടപ്പാക്കാനും അപേക്ഷിക്കാൻ 10 രൂപയായിരുന്നത് അമ്പതാക്കി. ഒറിജിനൽ രേഖകളുടെ ഫോട്ടോകോപ്പി ഹാജരാക്കാൻ രണ്ട് രൂപ 10 ആക്കി. ചെക്ക്കേസ് നൽകാൻ ഒരു ലക്ഷം രൂപ വരെ 10 രൂപയായിരുന്നത് 750 ആയി ഉയർത്തി. മദ്യപിച്ച് വാഹനമോടിച്ചാലും മറ്റും പിടിച്ചെടുക്കുന്ന ലെെസൻസ് കോടതിയിൽ നിന്ന് തിരികെ വാങ്ങാനുള്ള ഫീസ് രണ്ട് രൂപയിൽ നിന്ന് 25 രൂപയാക്കി. അവധി അപേക്ഷയ്ക്ക് പത്തിരട്ടിയും വക്കാലത്തിന് അഞ്ചിരട്ടിയും അനുബന്ധ ഹർജികൾക്കെല്ലാം 150 ശതമാനത്തിലേറെയും കൂട്ടിയെന്ന് അഡ്വക്കറ്റ്സ് ക്ളർക്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
കാലാനുസൃതമായ ഫീസ് വർദ്ധനയുണ്ടാകണം. പല ഘട്ടങ്ങളിലായാണ് വർദ്ധിപ്പിക്കേണ്ടത്. പകരം ഒറ്റയടിക്ക് കുത്തനെ കൂട്ടുന്നത് നീതീകരിക്കാനാകില്ലെന്ന് അഭിഭാഷകർ പറയുന്നു. ഇതേപ്പറ്റി പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് മോഹൻ കമ്മിഷന് നിരവധി പരാതികൾ ലഭിച്ചെങ്കിലും പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്.
കോടതിയിലെത്തുന്ന സാധാരണക്കാരുടെ പോക്കറ്റ് കാലിയാകുന്ന സ്ഥിതിയുണ്ടാകരുത്. അന്യായമായ ഫീസ് വർദ്ധന പിൻവലിക്കണം.
-അഡ്വ. എ.നിർമ്മൽകുമാർ
പ്രസിഡന്റ്, ബാർ അസോ. കോഴിക്കോട്
സാമാന്യനീതി ലഭിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന തരത്തിലുള്ള വർദ്ധന അംഗീകരിക്കാനാകില്ല.
-വി. രവീന്ദ്രൻ
സംസ്ഥാന പ്രസി. കേരള അഡ്വക്കറ്റ് ക്ലർക്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |