കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം പഴയ സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു. രോഗികൾക്ക് ഇരുപത്തിനാല് മണിക്കൂറും അടിയന്തര സേവനം നൽകാനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കി. ട്രയാജ്, റെഡ് ഏരിയ, മെഡിസിൻ, ജനറൽ സർജറി, ഓർത്തോ വിഭാഗം ഡോക്ടർമാർക്ക് ഇരിക്കാനുള്ള ഭാഗം, എല്ലു രോഗ വിഭാഗം പ്ലാസ്റ്റർ റൂം തുടങ്ങിയവയാണ് സജ്ജമാക്കിയത്. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ എം.ആർ. ഐ സ്കാനിഗ് മെഷീനിന്റെ യു.പി.എസ് റൂമിൽ പൊട്ടിത്തെറിയുണ്ടായതിനെത്തുടർന്ന് ബീച്ച് ആശുപത്രിയിലേക്ക് മാറ്റിയ കാഷ്വാലിറ്റിയാണ് ഇന്നലെ രാവിലെ എട്ടു മണിയോടെ ആശുപത്രിയിലെ പഴയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്. ബീച്ച് ആശുപത്രിയിൽ താത്കാലികമായി പ്രവർത്തിച്ച കാഷ്വാലിറ്റി വെെകുന്നേരത്തിനുള്ളിൽ മെഡിക്കൽ കോളേജിലേക്ക് പൂർണമായും മാറ്റി. ഇവിടെയുണ്ടായിരുന്ന രോഗികളേയും അപകടമുണ്ടായ സമയത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ പത്തോളം രോഗികളേയും തിരികെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെ നിന്നുള്ള ഡോക്ടർമാരുടെ സംഘം ബീച്ചിൽ ഉച്ചവരെ തുടർന്നു. വെെകീട്ടോടെ അത്യാഹിത വിഭാഗം പൂർണമായും പ്രവർത്തിച്ചു തുടങ്ങി. ഇന്നലെ വെെകീട്ട് വരെ...........പേരാണ് കാഷ്വാലിറ്റിയിൽ ചികിത്സ തേടിയത്.
പകർച്ചവ്യാധി വിഭാഗത്തിൽ പെടുന്ന രോഗികളെ പഴയ അത്യാഹിത വിഭാഗത്തിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ഇവരെ ഇവിടെ നിന്നും പേ വാർഡിലേക്കു മാറ്റി. തുടർന്ന് മുറികൾ വൃത്തിയാക്കിയാണ് പുതിയ അത്യാഹിത വിഭാഗത്തിൽ നിന്നുള്ള ഉപകരണങ്ങളും കിടക്കകളും സന്നദ്ധപ്രവർത്തകരുടെയും ജീവനക്കാരുടെയും ശ്രമഫലമായി ശനിയാഴ്ച രാത്രിയോടെ ഇവിടെ എത്തിച്ചത്.
പി.എം.എസ്.എസ്.വെെ ബ്ലോക്ക് ഉടൻ പൂർവസ്ഥിതിയിലാകും
അപകടമുണ്ടായ പി.എം.എസ്.എസ്.വെെ ബ്ലോക്ക് എത്രയും പെട്ടന്ന് പൂർവസ്ഥിതിയിലാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംഭവമുണ്ടായ ഉടനെ നിലച്ച വൈദ്യുതി കണക്ഷൻ ശനിയാഴ്ച വൈകീട്ടോടെ പുനസ്ഥാപിച്ചു. വിദഗ്ധസമിതിയുടേയും പൊലീസിന്റേയും പരിശോധനയും പുരോഗമിക്കുകയാണ്. കെട്ടിടത്തിലെ താഴത്തെ നിലയിലെ അപകടമുണ്ടായ റെഡ് ഏരിയയിലെ നശിച്ച കുറച്ച് ഉപകരണങ്ങൾ ഒഴിവാക്കുകയും ആവശ്യമുള്ളവ പഴയ കാഷ്വാലിറ്റിയിലേക്ക് മാറ്റുകയും ചെയ്തു. അപകടം ബാധിക്കാത്തതിനാൽ മറ്റുനിലകളിലെ ഉപകരണങ്ങൾ മാറ്റിയിട്ടില്ല. ഇവ അടുത്ത ദിവസം തന്നെ ശുചീകരിച്ചശേഷം ഉപയോഗിച്ചു തുടങ്ങും. അതേ സമയം ഉപകരണങ്ങൾക്ക് കേടുപാടില്ലെങ്കിലും ഇവയുടെ സുരക്ഷ പരിശോധിച്ച ശേഷമേ ബ്ലോക്ക് തുറക്കുകയുള്ളെന്ന് ഡി.എം.ഇ കെ.വി വിശ്വനാഥൻ വ്യക്തമാക്കി. അപകടമുണ്ടായ കെട്ടിടത്തിന് വലിയ കേടുപാടുകളില്ല. എം.ആർ.ഐ യു.പി.എസ് മുറിയുടെ ചുമരിനും സീലിംഗിനും ഇത് വേഗം പരിഹരിക്കാമെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു. പൊട്ടിത്തെറിയുണ്ടായ യു.പി.എസ് ഘടിപ്പിച്ച എം.ആർ.ഐ ഉപകരണം ശീതീകരിച്ച സ്ഥലത്ത് സൂക്ഷിക്കാൻ നടപടി തുടങ്ങി. ബയോമെഡിക്കൽ ഉപകരണമായതിനാൽ എം.ആർ.ഐയുടെ അറ്റകുറ്റപ്പണി നടത്താൻ സ്വകാര്യ സ്ഥാപനമെത്തണം. ഇതിന് സമയമെടുക്കും.
വാതിൽ തുറന്നത് സുരക്ഷാ ജീവനക്കാരാണെന്ന് പൊലീസ്
കോഴിക്കോട്: മെഡി.കോളജ് അത്യാഹിത വിഭാഗത്തിൽ പൊട്ടിത്തെറിയുണ്ടായ യു.പി.എസ് മുറിയുടെ വാതിൽ തുറന്നത് ആശുപത്രിയലെ സുരക്ഷാജീവനക്കാരാണെന്നു മെഡി.കോളജ് അസി.കമ്മിഷണർ എ. ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. അപകടമുണ്ടായ സമയത്ത് എം.ആർ.ഐ മെഷീനിന്റെ യു.പി.എസിൽ നിന്ന് ഷോർട്ട് സർക്ക്യൂട്ട് ഉണ്ടാവുകയും തീ ഉയരുകയും ചെയ്തതോടെയാണ് മുറിയിൽ പുക ഉയർന്നതാണെന്നാണ് പൊലീസ് പ്രാഥമികനിഗമനം. അപകടമുണ്ടായ സമയത്ത് മുറിയിൽ ചൂട് കൂടിയതോടെ ഫയർ അലാറം അടഞ്ഞു. പിന്നീട് സ്പ്രിംഗ്ലർ വഴി മുറിക്കുള്ളിൽ വെള്ളം നിറഞ്ഞതോടെ തീ അണഞ്ഞു. ഈ സമയം ഷോർട്ട് സർക്ക്യൂട്ടിനെ തുടർന്ന് കത്തിയ യു.പി.എസിലെ റബറും മറ്റും വെള്ളം വീണതോടെ കത്താതാകുകയും മുറിയിൽ പുക ഉയരാൻ തുടങ്ങി. അതിനിടെയാണ് ശബ്ദംകേട്ട സുരക്ഷാജീവനക്കാരൻ യു.പി.എസ് മുറി അടിച്ചു തകർത്തു തുറന്നത്. ഇതോടെ മുറിയിൽ നിറഞ്ഞിരുന്ന കറുത്ത പുക പുറത്തേക്ക് വ്യാപിച്ചു. മുറി തുറന്നയാൾക്ക് വാതിൽ അടയ്ക്കാൻ പോലും സാധിക്കാതെ വന്നുവെന്നും ഇതോടെ അത്യാഹിത വിഭാഗം പൂർണമായും പുക മുടുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ആശുപത്രിയിൽ സംഭവസമയമുണ്ടായിരുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്. അത്യാഹിത വിഭാഗത്തിലെ സി.സി ടിവി ദൃശ്യങ്ങൾ, ആശുപത്രി രജിസ്റ്ററുകൾ എന്നിവ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ ഓഫിസർ, സുരക്ഷാജീവനക്കാർ, സർജന്റ്, പി.ഡബ്ല്യു.ഡി ചുമതലയുള്ളവർ എന്നിവരുടെ മൊഴിയെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |