കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെതിരെ മാർക്കറ്റിലെ കച്ചവടക്കാരും തൊഴിലാളികളും സംഘടിപ്പിച്ച സമരത്തിൽ പ്രതിഷേധമിരമ്പി. രാവിലെ എട്ട് മണിയോടെ മാർക്കറ്റിൽ നിന്ന് പ്രകടനമായി കോർപ്പറേഷന് മുന്നിലേക്കെത്തിയ തൊഴിലാളികൾ രണ്ട് മണിക്കൂറോളം പ്രതിഷേധം തുടർന്നു. കോഴിക്കോട് ജില്ലാ വെജിറ്റബിൾ മാർക്കറ്റ് കോ-ഓർഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ കടകളടച്ചും പ്രതിഷേധിച്ചു. പ്രതിഷേധക്കാർ കോർപ്പറേഷൻ ഓഫീസിന്റെ മൂന്നു കവാടങ്ങളും ഉപരോധിച്ചു. ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഓഫീസിനകത്തേക്ക് കടക്കാൻ കഴിഞ്ഞില്ല. രാവിലെ സ്ഥലത്തെത്തിയ മേയർ ഡോ. ബീനാ ഫിലിപ്പിന് ഓഫീസിൽ കയറാൻ കഴിയാതെ തിരിച്ചു പോകേണ്ടിവന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ ജന. സെക്രട്ടറി പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മാർക്കറ്റിലെ കച്ചവടക്കാരുടെയും, തൊഴിലാളികളുടെയും ആശങ്കകൾ പരിഹരിക്കാതെ മാർക്കറ്റ് മാറ്റാനുള്ള കോർപ്പറേഷന്റെ സമീപനം തെറ്റാണ്. സെൻട്രൽ മാർക്കറ്റും,വലിയങ്ങാടിയും നവീകരിച്ച പോലെ അതേസ്ഥലത്തുതന്നെ മാർക്കറ്റ് നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.രാജീവ്, എസ്.ടി.യു ജില്ലാ പ്രസിഡന്റ് എൻ.കെ.സി ബഷീർ, ബി.എം.എസ് ജില്ലാ പ്രസിഡന്റ് വി,വി രാജീവ് തുടങ്ങിയവർ പ്രംസഗിച്ചു.
സമരക്കാർ പിരിഞ്ഞ് പോകാതെ വന്നതോടെ പൊലീസ് ഇടപെട്ട് ഇവരെ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതിഷേധിച്ച 300 ഓളം പേരെ സ്വകാര്യബസ് ഉൾപ്പെടെ ഉപയോഗിച്ചാണ് പൊലീസ് സ്ഥലത്തുനിന്നും നീക്കിയത്.
ട്രേഡ് യൂണിയൻ നേതാക്കളായ പി.രമേശൻ, ഇ.സി സതീശൻ, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ പി.സുനിൽകുമാർ, കെ. നാസർ ഉൾപ്പെടെ 50 പ്രവർത്തകരുടെ അറസ്റ്റും രേഖപ്പെടുത്തി.
മാർക്കറ്റ് മാറ്റം നടപ്പാക്കാൻ അനുവദിക്കില്ല
രണ്ടര ഏക്കർ സ്ഥലത്താണ് പച്ചക്കറി മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. മാർക്കറ്റ് നവീകരിക്കുന്നതിന് പകരം മറ്റൊരിടത്തേക്ക് മാറ്റുന്നത് കച്ചവടത്തെയുൾപ്പെടെ മോശമായി ബാധിക്കും. കച്ചവടക്കാർക്ക് പുറമെ 500 ഓളം സ്ഥിരം തൊഴിലാളികൾളും ഇവിടെ ജോലിചെയ്യുന്നുണ്ട്. ഉന്തുവണ്ടിക്കാരും തെരുവ് കച്ചവടക്കാരുമായി ധാരാളം പേർ വേറെയുമുണ്ട്. ഇത്രയും പേർക്ക് ജോലി ചെയ്യാനുള്ള സൗകര്യം കല്ലുത്താൻകടവിലില്ല. 75 സെന്റ് മാത്രം വിസ്തൃതിയുള്ള സ്ഥലത്തേക്ക് മാർക്കറ്റ് മാറുമ്പോൾ കച്ചവടക്കാർക്ക് മാത്രമല്ല, മാർക്കറ്റിൽ എത്തുന്നവർക്കും അത് പ്രയാസമുണ്ടാക്കുമെന്നാണ് സമരസമിതി പറയുന്നത്.
'' നഗരവികസനത്തിന് പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നത് അനിവാര്യമാണ്. സ്വാർത്ഥതാത്പര്യങ്ങളുള്ളവർ തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന സമരമാണിത്. കച്ചവടത്തിനായി പാളയത്തുള്ളത്തിനേക്കാൾ സൗകര്യം കല്ലുത്താൻ കടവിൽ സജ്ജമാക്കുന്നുണ്ട്."
പി.സി രാജൻ , പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |