കോഴിക്കോട്: വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അപകടം തുടർക്കഥയായതോടെ സുരക്ഷ ശക്തമാക്കുന്നു. വേനൽ അവധിക്കാലമായതിനാൽ വിദേശികളും സ്വദേശികളുമായ സഞ്ചാരികളുടെ തിരക്ക് കൂടിയിട്ടും ആവശ്യമായ സുരക്ഷ പലയിടങ്ങളിലുമില്ല. മരണക്കയങ്ങളിൽപ്പെട്ട് ജീവൻ പൊലിയുന്നവരുടെ എണ്ണം കൂടുകയാണ്. അപകട സാദ്ധ്യത ഏറെയുള്ള കോടഞ്ചേരി പതങ്കയത്ത് കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശി റമീസ് സഹിഷാദാണ് ഒടുവിൽ മരിച്ചത്. ഈ സാഹചര്യത്തിലാണ് ടൂറിസം വകുപ്പ് സഞ്ചാരികളുടെ സുരക്ഷയുറപ്പാക്കാൻ നിയന്ത്രണം കർശനമാക്കുന്നത്. പ്രധാനപ്പെട്ട ബീച്ചുകളിൽ പരിചയ സമ്പന്നരായ ലെെഫ് ഗാഡുകളെ സജ്ജമാക്കി. അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. സി.സി.ടി.വിയില്ലാത്ത ഇടങ്ങളിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു. അപകട സാദ്ധ്യതയുള്ള ഇടങ്ങളെക്കുറിച്ച് സഞ്ചാരികൾക്ക് ബോധവത്കരണം നൽകും.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള തുഷാരഗിരി, അരിപ്പാറ വെള്ളച്ചാട്ടം, വടകര സാന്റ്ബാങ്ക്സ്, കടലുണ്ടി, കാപ്പാട് ബീച്ച്, സരോവരം മലയോരത്തെ പ്രധാന ടൂറിസം ആകർഷണങ്ങളായ ഒലിച്ചുചാട്ടം, പതങ്കയം വെള്ളച്ചാട്ടം, ഉറുമി, പൂവാറൻതോട്, കക്കാടംപൊയിൽ, തോട്ടപ്പള്ളി, കോഴിപ്പാറ വെള്ളച്ചാട്ടം തുടങ്ങിയ ഇടങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി.
പതങ്കയത്ത് കൂടുതൽ നിയന്ത്രണം
അപകടം പതിയിരിക്കുന്ന ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം ടൂറിസ്റ്റ് കേന്ദ്രത്തിൽ കൂടുതൽ സുരക്ഷ ഒരുക്കാൻ തീരുമാനം. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് സുരക്ഷ കൂട്ടാൻ തീരുമാനമായത്. ഇന്ന് മുതൽ കൂടുതൽ ലെെഫ് ഗാർഡുകളുടെ സേവനമുണ്ടാകും. മൂന്ന് ലെെഫ് ഗാർഡുകളെ സ്ഥിരമായും തിരക്കുള്ള ദിവസങ്ങളിൽ 12 പേരുണ്ടാകും. സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി പ്രദേശവാസികളെ ഉൾപ്പെടുത്തി പതങ്കയം സംരക്ഷണ സമിതി രൂപീകരിച്ചു. പ്രാദേശിക വൊളണ്ടിയർമാർക്ക് ലൈഫ് ജാക്കറ്റ് യൂണിഫോം, ഐഡന്റിറ്റി കാർഡ് എന്നിവ നൽകും. വൊളണ്ടിയർമാർക്ക് പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരിശീലനം നൽകും. ഊടുവഴികളിലൂടെ പതങ്കയത്ത് എത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കും. സുരക്ഷ മുന്നറിയിപ്പ് അവഗണിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീലാ അസീസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഏലിയാമ്മ സെബാസ്റ്റ്യൻ, ബിന്ദു ജോർജ്, റോസമ്മ തോമസ്, ചിന്നാ അശോകൻ, കോടഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ പ്രദീപ് കെ.ഒ, സെക്രട്ടറി സീനത് കെ, നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസർ മിനി എൻ. പി, ജിനേഷ് കുര്യൻ, ബെനിറ്റോ ചാക്കോ, തുടങ്ങിയവർ പങ്കെടുത്തു. പതങ്കയം ഡെസ്റ്റിനേഷൻ ഡെവലപ്മെന്റു ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിശദീകരിക്കാൻ ഇന്ന് ഉച്ചയ്ക്ക് 1.30 ന് സർവകക്ഷിയോഗം ഗ്രാമപഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ചേരും.
ദിനംപ്രതി നൂറു കണക്കിന് സഞ്ചാരികൾ എത്തുന്ന പതങ്കയത്ത് അപകട സാദ്ധ്യത ഏറെയുള്ള വലിയ മൂന്ന് കയങ്ങളും ഒരു വെള്ളച്ചാട്ടവുമാണുള്ളത്. ടൂറിസം ഡെസ്റ്റിനേഷനായി പ്രഖ്യാപിക്കാത്തതിനാൽ ഇവിടെ ലൈഫ് ഗാർഡുകളെ നിയമിക്കുകയോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഏർപ്പെടുത്തിയിട്ടില്ല. 24 പേരുടെ ജീവനാണ് ഇവിടെ ഇതുവരെ പൊലിഞ്ഞത്.
പ്രധാന ക്രമീകരണങ്ങൾ
10 രൂപ നിരക്കിൽ ടിക്കറ്റ് ഏർപ്പെടുത്തും
സന്ദർശന സമയം 9 മണി മുതൽ അഞ്ചു മണി വരെ
അപകട സൂചന ബോർഡുകൾ സ്ഥാപിക്കും
അരിപ്പാറയിലും സുരക്ഷ
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അധീനതയിലുള്ള അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിലും സുരക്ഷ കൂട്ടി. അപകട സൂചന ബോർഡുകളും ലെെഫ് ഗാർഡുകളുടെ സേവനവുമുണ്ട്. തിരക്ക് ഉണ്ടാകുമ്പോൾ പ്രവേശനം നിയന്ത്രിക്കും. പ്ര ദേശവാസികൾക്ക് ദുരന്തനിവാരണ ബോധവത്ക്കരണ സെമിനാറും രക്ഷാപ്രവർത്തന പരിശീലനവും നൽകി.
'' ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ സുരക്ഷയ്ക്കായുള്ള കാര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ലെെഫ് ഗാർഡുകളും അധികൃതരും നൽകുന്ന സുരക്ഷ അറിയിപ്പുകൾ സഞ്ചാരികൾ പാലിക്കണം''-നിഖിൽ, ഡി.ടി.പി.സി സെക്രട്ടറി
''സംസ്ഥാന ടൂറിസം വകുപ്പിന്റെ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ചാലഞ്ചിൽ ഉൾപ്പെടുത്തി പതങ്കയം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനം നടന്നുകൊണ്ടിരിക്കുകയാണ്.
അലക്സ് തോമസ് ചെമ്പകശ്ശേരി,
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |