കോഴിക്കോട്: വഴിവിളക്കുകൾ മിഴിയടച്ചു ഇരുട്ടിൽ തപ്പി പൊതുജനങ്ങളും യാത്രക്കാരും. നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലടക്കം സന്ധ്യകഴിഞ്ഞാൽ ഇരുട്ടിലാണ്. നഗരത്തിന്റെ പല ഭാഗത്തായി അരലക്ഷത്തോളം എൽ.ഇ.ഡി ബൾബുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും പ്രകാശിക്കാറില്ല. പഴയ ട്യൂബ് ലൈറ്റുകൾ മാറ്റി 50 വാട്ട്സിന്റെ എൽ.ഇ.ഡി ബൾബുകളാണ് പുതുതായി സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ പുതിയ എൽ.ഇ.ഡി സ്ഥാപിച്ച പോസ്റ്റിന് താഴെ പോലും കൃത്യമായി വെളിച്ചം ലഭിക്കാത്ത സ്ഥിതിയുണ്ട്. കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക് ഡെവലപ്മെന്റ് കോർപ്പറേഷനാണ് നഗരത്തിലെ തെരുവ് വിളക്കുകൾ മാറ്റിസ്ഥാപിച്ചത്. ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനം അടക്കമുള്ള വാഗ്ദാനം നൽകിയിരുന്നെങ്കിലും പൂർണതയിൽ എത്തിയിട്ടില്ല. വടകര, കൊയിലാണ്ടി, കണ്ണൂർ, ബാലുശ്ശേരി ഉൾപ്പെടെ ദീർഘദൂരങ്ങളിലേക്കുള്ള ഒട്ടേറെ യാത്രക്കാർ ആശ്രയിക്കുന്ന നഗര മദ്ധ്യത്തിലെ എൽ.ഐ.സി ബസ് സ്റ്റോപ്പിന് സമീപം വെളിച്ചമില്ലാത്തത് പരിഹരിക്കണമെന്ന് മേയർ ബീന ഫിലിപ്പ് കൗൺസിലിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. പക്ഷേ നടപടിയില്ല.
പരസ്പരം പഴി ചാരി അധികൃതർ
പരാതി ഉന്നയിക്കുമ്പോൾ നഗരസഭയും കെ.എസ്.ഇ.ബി അധികൃതരും പരസ്പരം പഴി ചാരുന്ന സ്ഥിതിയാണ്. കെ.എസ്.ഇ.ബിക്കാണ് ഉത്തരവാദിത്തമെന്ന് നഗരസഭ പറയുമ്പോൾ ലൈനിന്റെ ചുമതല മാത്രമാണ് തങ്ങൾക്കെന്നും ബൾബുകൾ കേടാകുന്നതാണ് കാരണമെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. ഇതോടെ വാഹനങ്ങളുടേയും കടകളുടേയും വെളിച്ചത്തിൽ സഞ്ചരിക്കേണ്ട ഗതിയാണ് നാട്ടുകാർക്ക്.
തെരുവുനായ മുതൽ മാലിന്യം വരെ
ഇരുട്ടിന്റെ മറവിൽ സാമൂഹികവിരുദ്ധ പ്രവർത്തനവും തെരുവുനായ ശല്യവും രൂക്ഷമാണ്. രാത്രി വൈകി മറ്റ് സ്ഥലങ്ങളിൽനിന്ന് ജോലി കഴിഞ്ഞ് എത്തുന്ന സ്ത്രീകൾ അടക്കമുള്ളവർ ഭയപ്പാടിലാണ്. ഗ്രാമങ്ങളിലേയും സ്ഥിതി മറിച്ചല്ല. പലയിടത്തും റോഡിൽ കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ വഴിവിളക്കുകൾ ഇല്ലാത്തത് അപകടത്തിന് കാരണമാകുകയാണ്. മാലിന്യം തള്ളുന്നതും വർദ്ധിക്കുന്നുണ്ട്.
വെളിച്ചമില്ലേ..
നഗരമധ്യത്തിലെ എൽ.ഐ.സി ബസ് സ്റ്റോപ്പ് റോഡ്, ഒയിറ്റി- ടൗൺ ഹാൾ റോഡ് , വലിയങ്ങാടി, കെ.പി.കേശവമേനോൻ റോഡ്, പുതിയ സ്റ്റാൻഡ് എസ്കലേറ്ററിന് താഴ്വശം, വണ്ടിപ്പേട്ട ബസ് സ്റ്റോപ്പ്, പാവമണി റോഡ്, മിഠായിത്തെരുവ്, മാനാഞ്ചിറ അൻസാരി പാർക്ക് റോഡ്, മെഡി.കോളേജ് പുതിയ അത്യാഹിത വിഭാഗത്തിന് മുന്നിലെ റോഡ്, ബാങ്ക് റോഡ്, വിക്രം മെെതാനിക്ക് മുൻവശം.
''എൽ.ഐ.സി ബസ് സ്റ്റോപ്പിലടക്കമുള്ള വെളിച്ചക്കുറവ് കൗൺസിലിൽ ശ്രദ്ധയിൽപ്പെടുത്തിയാണ്. ശരിയാക്കാം എന്ന് പറയുന്നതല്ലാതെ നടപടി ഒന്നുമുണ്ടാകുന്നില്ലെന്ന് മാത്രം''
എസ് .കെ അബൂബക്കർ, കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |