കോഴിക്കോട്: കുടിശ്ശികയായ ശമ്പളവും അവധിക്കാല, ഉത്സവ അലവൻസുകളും എന്ന് കിട്ടുമെന്നറിയാതെ ആശങ്കയിലാണ് സ്കൂൾ പാചക തൊഴിലാളികൾ. മാർച്ച് മാസത്തെ ശമ്പളം കുടിശ്ശികയാണ്. കേന്ദ്രവിഹിതം കിട്ടിയില്ലെന്ന പേരിൽ ജനുവരി, ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്ന് 1000 രൂപ വീതം കുറച്ചാണ് ഇവർക്ക് ലഭിച്ചത്. 2024 സെപ്തംബർ മുതൽ ഡിസംബർ വരെയും സമാന സ്ഥിതിയായിരുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ താത്കാലിക ആശ്വാസത്തിനായി നൽകുന്ന അധിക്കാല അവലൻസും ഉത്സവബത്തയും ലഭിച്ചിട്ടില്ല. 2000 രൂപയാണ് അവധിക്കാല അലവൻസായി നൽകുന്നത്. ഉത്സവബത്ത 1300 രൂപയും ദിവസക്കൂലി 600 രൂപയുമാണ്. പലപ്പോഴും സമരം നടത്തിയാലാണ് ശമ്പളം ലഭിക്കുന്നത്. സ്കൂൾ ഭക്ഷണ ഫണ്ടിൽ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുന്നില്ലെന്ന് കേരളവും സംസ്ഥാനം കൃത്യമായി കണക്കുകൾ കൈമാറുന്നില്ലെന്ന് കേന്ദ്രവും ആരോപിക്കുമ്പോൾ ഇതിനിടയിൽ ജീവിതം വഴിമുട്ടുന്നത് ഇവർക്കാണ്.
ജില്ലയിൽ 1404 തൊഴിലാളികൾ
2024 ലെ കണക്കനുസരിച്ച് കേരളത്തിൽ 13,766 പാചകതൊഴിലാളികളാണുള്ളത്. ഇതിൽ 99 ശതമാനം പേരും സ്ത്രീകളാണ്. കോഴിക്കോട് ജില്ലയിൽ 1404 തൊഴിലാളികളും വയനാട്ടിൽ 381 പേരും ജോലിയെടുക്കുന്നുണ്ട്. 500 കുട്ടികൾ വരെയുള്ള സ്‌കൂളുകളിൽ ഒരു പാചക തൊഴിലാളി എന്നതാണ് സർക്കാർ കണക്ക്. 50 കുട്ടികളാണെങ്കിലും 450 കുട്ടികളാണെങ്കിലും ഇതാണ് സ്ഥിതി. ഇത്രയും ജോലികൾ ഒറ്റയ്ക്ക് പൂർത്തിയാക്കാൻ കഴിയാത്തതിനാൽ പലരും സ്വന്തം കൂലിയിൽ നിന്ന് പകുതി നൽകി മറ്റൊരാളെക്കൂടെ ജോലിക്ക് നിർത്തിയാണ് മുന്നോട്ട് പോകുന്നത്. ഓരോ ആറുമാസം കൂടുമ്പോഴും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 2000 രൂപയാണ് ഇതിന് ചെലവ്. ദിവസ വേതനം 1000 രൂപയാക്കി മാറ്റുമെന്നും ക്ഷേമപെൻഷൻ നടപ്പാക്കുമെന്നുമുള്ള സർക്കാർ ഉറപ്പ് ഇപ്പോഴും കടലാസിലാണ്. അർഹമായ ആനുകൂല്യങ്ങൾ കൃത്യസമയത്ത് നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
'കൂലിയല്ലാതെ മറ്റൊരു ആനുകൂല്യവും ലഭിക്കാറില്ല. കൂലി മുടങ്ങിയാൽ ജീവിതം വഴിമുട്ടും. എല്ലാതവണയും സമരം നടത്തി ആനുകൂല്യങ്ങൾ നേടിയെടുക്കാൻ കഴിയില്ലല്ലോ.
ബാലഗോപാലൻ, ജില്ലാ പ്രസിഡന്റ് സ്‌കൂൾ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |