കോഴിക്കോട്: രണ്ടുദിവസം തുടർച്ചയായുണ്ടായ പൊട്ടിത്തെറികൾക്ക് പിന്നാലെ അടച്ചിട്ട മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി അത്യാഹിത വിഭാഗം തുറക്കുന്നതുസംബന്ധിച്ച് അനിശ്ചിതത്വം. രണ്ടുതവണ അപകടമുണ്ടായതോടെ കെട്ടിടത്തിൽ ഭൗതിക, സാങ്കേതിക പരിശോധനകളെല്ലാം പൂർത്തിയായി സുരക്ഷ ഉറപ്പുവരുത്തിയ ശേഷം രോഗികളെ പ്രവേശിപ്പിച്ചാൽ മതിയെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ഇതനുസരിച്ച് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, പി.ഡബ്ല്യു.ഡി, മറ്റ് സാങ്കേതിക വിദഗ്ദ്ധർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കെട്ടിടത്തിലെ സുരക്ഷ പരിശോധനകൾ നടന്നുവരികയാണ്. ഇത് എന്ന് തീരുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ആശുപത്രി കെട്ടിടത്തിൽ സമഗ്രമായ ഫയർ ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പാക്കുമെന്ന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഉത്തരവും നടപ്പിലായിട്ടില്ല. കെട്ടിടത്തിൽ ഫയർ ഫോഴ്സ് സുരക്ഷ ഓഡിറ്റ് വെെകുന്നതും കെട്ടിടം തുറക്കൽ നീളുന്നതിന് കാരണമാകും. വീണ്ടും പരിശോധന നടത്താൻ നിർദ്ദേശം വന്നിട്ടില്ലെന്നാണ് ഫയർഫോഴ്സ് അധികൃതർ പറയുന്നത്. കെട്ടിടത്തിലെ എല്ലാ നിലയിലെയും യു.പി.എസ് ബാറ്ററികളും ലിഫ്റ്റുകളും മാറ്റാനുണ്ട്. രണ്ടാമതും ഓപ്പറേഷൻ തിയറ്റർ പരിശോധനയ്ക്കിടെ കത്തിനശിക്കാനിടയാക്കിയത് എർത്ത് ഷോർട്ടേജ് കാരണമാണെന്നാണ് പി.ഡബ്ല്യു.ഡി അധികൃതരുടെ വിലയിരുത്തൽ. ഇതും പരിഹരിക്കേണ്ടതുണ്ട്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധന റിപ്പോർട്ട് അടുത്ത ദിവസം സമർപ്പിക്കുമെന്നാണ് അറിയുന്നത്.
രോഗികൾക്ക് ദുരിതം
അന്വേഷണങ്ങളും സുരക്ഷ ഉറപ്പാക്കലും എന്ന് പൂർത്തിയാകുമെന്ന കാര്യത്തിൽ കൃത്യതയില്ലാത്തതിനാൽ രോഗികൾ പ്രയാസത്തിൽ. അസൗകര്യങ്ങളിൽ പൊറുതി മുട്ടിയതോടെയാണ് പുതിയ അത്യാഹിത വിഭാഗം രോഗികൾക്ക് ആശ്വാസമായത്. ഏറെ സൗകര്യങ്ങളുള്ള കെട്ടിടം സുരക്ഷ ഭീഷണിയെത്തുടർന്ന് അടച്ചതോടെ നേരത്തെയുണ്ടായിരുന്ന പരിമിതികളിലേക്കു തന്നെ രോഗികൾക്ക് മടങ്ങേണ്ടി വന്നു. നിലവിൽ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നത് പഴയ കാഷ്വാലിറ്റിയിലാണ്. ഇവിടെ രോഗികൾക്ക് നിന്ന് തിരിയാൻ ഇടമില്ല. അപകടമുണ്ടായപ്പോൾ മാറ്റിയ രോഗികളെ മെഡി. കോളേജിലെ മറ്റ് വാർഡുകളിലേക്ക് മറ്റും മാറ്റിയതോടെ അവിടേയും സ്ഥലമില്ലാത്ത അവസ്ഥയാണ്. രോഗികൾ നിലത്തും വരാന്തയിലുമാണ് കിടക്കുന്നത്. രണ്ടിന് രാത്രി എട്ടുമണിയോടെയാണ് അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂമിൽ നിന്ന് പുകയുയർന്നത്. അന്വേഷണം നടക്കുന്നതിനിടെയാണ് അഞ്ചിന് അതേ കെട്ടിടത്തിലെ ആറാം നിലയിൽ ഐ.സി.യു ബ്ലോക്കിൽ തീപിടിത്തമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |