കോഴിക്കോട്: കാലവർഷം എത്തിയില്ല, അതിനുമുമ്പേ പെയ്ത ഒറ്റ മഴയിൽ നഗരം വെള്ളത്തിൽ മുങ്ങി. ഗതാഗതം സ്തംഭിച്ചു. ഇരുചക്ര വാഹനങ്ങൾ വെള്ളം നീന്തി പെരുവഴിയിലായി. നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം നിറഞ്ഞു. ഉച്ചയോടെ മഴ നിന്നെങ്കിലും വെള്ളം വലിഞ്ഞില്ല. തിങ്കളാഴ്ച രാത്രി തുടങ്ങിയ മഴയാണ് നഗരാസൂത്രണത്തിന്റെ പിഴവുമൂലം സാഹിത്യ നഗരത്തിന്റെ അഴക് ചോർത്തിയത്.
@ മാനാഞ്ചിറ ദുരിതം എന്നു തീരും..?
നഗരത്തിൽ ചെറുമഴ പെയ്താൽ പോലും മാനാഞ്ചിറ സ്‌പോർട്‌സ് കൗൺസിൽ പരിസരം മാലിന്യ പുഴയാണ്. എസ്.കെ പൊറ്റക്കാട് മിഠായിത്തെരുവിനെ നോക്കിയിരിക്കുന്നതിനാൽ ചെളിക്കുളം കാണേണ്ടതില്ലല്ലോ എന്നാണ് സാംസ്‌കാരിക പ്രവർത്തകരുടെ പരിഹാസം. സൗഹിത്യനഗരം, അഴക് നഗരം എന്ന് വാതോരാതെ അധികൃതർ പറയുമ്പോഴും നഗരത്തിന്റെ ഹൃദയഭാഗം വർഷങ്ങളായിങ്ങനെ വെള്ളക്കെട്ടിൽ നിന്ന് മോചനമില്ലാതെ പോകുന്നത് അതി ദയനീയം.
@ മാവൂർ റോഡും ചിന്താവളപ്പും പതിവുപോലെ...
വലിയ നവീകരണ പ്രവർത്തനങ്ങളാണ് പുതിയ ബസ് സ്റ്റാൻഡിനോട് ചേർന്ന മാവൂർ റോഡ് ജംഗ്ഷനിലും ചിന്താവളപ്പ് സ്റ്റേഡിയം ജംഗ്ഷ നിലും നടന്നത്. എന്നിട്ടും ഒറ്റമഴ പെയ്താൽ ഇപ്പോഴും രക്ഷയില്ല. ഇന്നലെ പുലർച്ചെ മുതൽ ഉച്ചവരെ ഇതുവഴി പോയ വാഹനങ്ങളും കാൽനട യാത്രക്കാരുമെല്ലാം അനുഭവിച്ച ദുരിതം പറഞ്ഞറിയിക്കാൻ ആവാത്തതാണ്. കെ.എസ്.ആർ.ടിസിയിലേക്കും പുതിയ സ്റ്റാൻഡിലേക്കും ബസ്സുപിടിക്കാനിറങ്ങിയ യാത്രക്കാർ നേരിട്ടത് വലിയ ദുരിതം. നിരവധി ഇരുചക്രവാഹനങ്ങളാണ് പുകക്കുഴലിലേക്ക് വെള്ളം കയറി നിന്നുപോവുകയും കേടാവുകയും ചെയ്തത്. വെള്ളക്കെട്ടിലേക്ക് വീണ ഇരു ചക്രവാഹനങ്ങളും നിരവിധി. എരഞ്ഞിപ്പാലം ബൈപ്പാസ്, നാടക്കാവ്, ചാലപ്പുറം റോഡ്, കോട്ടുളി, തടമ്പാട്ടുതാഴം, പറമ്പത്ത്, കക്കോടി തുടങ്ങിയ മേഖലകളിലെല്ലാം റോഡുകളിൽ വലിയ വെള്ളക്കെട്ടായിരുന്നു.
@ സർവീസ് റോഡുകളെ മുക്കി ആറുവരിപ്പാത
മഴ കനത്തപ്പോൾ നിർമാണം അവസാനഘട്ടത്തിലായ ആറുവരിപ്പാത സർവീസ് റോഡുകളെയെല്ലാം മുക്കി. രാമനാട്ടുകര മുതൽ വെങ്ങളം വരേയുള്ള സർവീസ് റോഡുകളെല്ലാം ഇന്നലെ സ്തംഭിച്ചു. ആറുവരിപ്പാതയിൽ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളം മുഴുവൻ സർവീസ് റോഡിലേക്ക് വീണതോടെ മലാപ്പറമ്പ്, വേങ്ങേരി, മാളിക്കടവ്, കുണ്ടൂപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളിലെ സർവീസ് റോഡിൽ ഗതാഗതം സ്തംഭിച്ചു.
@ സായി സെന്ററും വെള്ളത്തിൽ
സ്‌റ്റേഡിയം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സായി സെന്ററിനും ദുരവസ്ഥ. കായിക മേഖലയുടെ കരുത്താവാൻ കോഴിക്കോട്ട് പ്രവർത്തിക്കുന്ന സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഫീസ് കെട്ടിടവും വെള്ളത്തിലായി. ഒറ്റമഴയിൽ പോലും ഓഫീസിനുള്ളിലേക്ക് വരെ വെള്ളം കയറുന്ന അവസ്ഥയാണിവിടെ.
@ ചെളിക്കുളമായി റെയിൽവേ സ്റ്റേഷൻ
റെയിൽവേ സ്റ്റേഷനിൽ പണി പുരോഗമിക്കുന്ന ഒന്നാം പ്ലാറ്റ് ഫോമിന്റെ സമീപം വെള്ളവും ചെളിയും കെട്ടിനിന്നത് കാൽനടയാത്രക്കാർക്കും ഓട്ടോതൊഴിലാളികൾക്കും ബുദ്ധിമുട്ടായി. സ്റ്റേഷന് മുന്നിലെ റോഡിലും സമാന സ്ഥിതിയായിരുന്നു. വെള്ളം ഇറങ്ങിപ്പോകാൻ വഴിയില്ലാത്തത് വെല്ലുവിളിയായി. ഒറ്റ ദിവസത്തെ മഴയിൽ ഇതാണ് സ്ഥിതിയെങ്കിൽ കാലവർഷത്തോടെ സ്ഥിതി രൂക്ഷമാകുമെന്ന് സ്റ്റേഷന് സമീപത്തെ ഓട്ടോ ഡ്രൈവർമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |