വടകര: അമൃത് ഭാരത് പദ്ധതിയിൽ 22 കോടി രൂപ ചെലവഴിച്ച് നവീകരിച്ച വടകര റെയിൽവേ സ്റ്റേഷൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. രാവിലെ 8 30ന് കലാപരിപാടികളോടെ ഉദ്ഘാടന പരിപാടികൾ ആരംഭിക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, പി.ടി.ഉഷ എം.പി, ഷാഫി പറമ്പിൽ എം.പി , കെ. കെ.രമ എം.എൽ.എ, ഡി.ആർ.എം അരുൺ ചതുർവേദി, വടകര നഗരസഭ വാർഡ് കൗൺസിലർ പ്രേമകുമാരി എന്നിവർ പങ്കെടുക്കും. 10.15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിൽ ഉദ്ഘാടനം നിർവഹിക്കും.
അകവും പുറവും സൗകര്യങ്ങളും സൗന്ദര്യവും ചേർന്ന വിശാല വികസനമാണ് വടകര റെയിൽവേ സ്റ്റേഷനിൽ സാദ്ധ്യമായത്. 710 മീറ്റർ നീളമുള്ള മൂന്ന് പ്ലാറ്റ്‌ഫോമുകളിലും മഴയും വെയിലും ഏൽക്കാത്ത വിധം മേൽക്കൂര ഒരുക്കിയിട്ടുണ്ട്. സ്റ്റേഷന് പുറത്തെ വലിയ കുളവും സ്റ്റേഷനിലേക്കുള്ള പാതകളും അലങ്കാര ചെടികളും മറ്റും വെച്ച് സൗന്ദര്യവത്ക്കരിക്കുകയും മ്യൂറൽ ചിത്രങ്ങൾ കൊണ്ട് ചുവരുകൾ അലങ്കരിക്കുകയും ചെയ്തു. കേരളത്തിന്റെ പരമ്പരാഗത വാസ്തു മാതൃകയിലാണ് നിർമിതി. പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർ അരുൺ ചതുർവേദി, എ.ഡി.ആർ.എം.എസ്.ജയകൃഷ്ണൻ തുടങ്ങിയവർ കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് അവസാനഘട്ട നിർമാണം വിലയിരുത്തിയിരുന്നു.
സൗകര്യങ്ങൾ
വീതിയേറിയ ഒന്നാം പ്ലാറ്റ്‌ഫോം
രണ്ട് ഫ്ലൈ ഓവറുകൾ
ലിഫ്റ്റും രണ്ട് എസ്‌കലേറ്ററും
ശീതീകരിച്ച കാത്തിരിപ്പു കേന്ദ്രം.
ഇരിപ്പിടങ്ങൾ
കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ
ആർ.പി.എഫ് , പാർസൽ സ്റ്റേഷനുകൾ
8582 സ്‌ക്വയർ മീറ്റർ പാർക്കിംഗ് സൗകര്യം
ഓട്ടോ ടാക്സി സ്റ്റാൻഡുകൾ
കുടിവെള്ളം
വൈദ്യുത വിളക്കുകൾ
ഫാനുകൾ
സി.സി.ടി.വി ക്യാമറകൾ
കോച്ച് പൊസിഷൻ ഡിസ്‌പ്ലേ ബോർഡുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |