കോഴിക്കോട് : പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി കോർപ്പറേഷൻ പരിധിയിൽ നടന്ന സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധനയിൽ പാസായത് 190 ബസുകൾ. 210 ബസുകളാണ് ഇന്നലെ വരെ പരിശോധനക്കെത്തിയത്. ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയ 20 ബസുകൾ പ്രശ്നങ്ങൾ പരിഹരിച്ച് 31ന് മുമ്പ് വീണ്ടും ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തണം.ജി.പി.എസ് സംവിധാനം ഇല്ലാത്തവ, നിലവാരമില്ലാത്ത സീറ്റുകൾ, ടയറുകൾ, സ്പീഡ് ഗവർണർ ശരിയായി പ്രവർത്തിക്കാത്തവ, എമർജൻസി എക്‌സിറ്റിന് തടസമുള്ളവ, ഹാൻഡ് ബ്രേക്ക് ശരിയായി പ്രവർത്തിക്കാത്ത വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്‌നസാണ് നിരസിച്ചത്. ആവശ്യമെന്ന് തോന്നിയവരോട് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ സ്കൂൾ
വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കോഴിക്കോട് ആർ.ടി.ഒയുടെ നേതൃത്വത്തിൽ പരിശീലനം നൽകിയിരുന്നു. അതിനിടെ ജില്ലയിലെ വിവിധ മോട്ടോർ വാഹന യൂണിറ്റുകളുടെ കീഴിൽ പരിശോധന പുരോഗമിക്കുകയാണ്. ഈ മാസം 28 നകം ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കാനായിരുന്നു ആദ്യം നിർദ്ദേശിച്ചത്. എന്നാൽ മഴ ശക്തമായതോടെ രണ്ട് ദിവസം കൂടി അനുവദിച്ചിരിക്കുകയാണ്.
ക്യാമറയ്ക്ക് സമയം നീട്ടി
ഈ അദ്ധ്യയന വർഷം മുതൽ സ്കൂൾ ബസുകളിൽ ക്യാമറ നിർബന്ധമാക്കുമെന്ന് മന്ത്രി കെ.ബി.ഗണേശ് കുമാർ നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ സ്കൂൾ അധികൃതരുടെ സൗകര്യം പരിഗണിച്ച് ആഗസ്റ്റ് വരെ ക്യാമറകൾ സ്ഥാപിക്കാനായി സമയം നീട്ടി നൽകി. പിന്നീടുള്ള പരിശോധനകളിൽ മാത്രമേ ഇത് ഫിറ്റ്നസ് പരിശോധനയുടെ ഭാഗമാകൂ.
- വേഗ പരിധി 50 കിലോമീറ്റർ
പാലിക്കേണ്ടത് ഇവയെല്ലാം
--വാഹനത്തിന്റെ ജി.പി.എസ് സുരക്ഷാമിത്ര സൈറ്റുമായി ബന്ധിപ്പിച്ചിരിക്കണം.
--അഗ്നിരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരിക്കണം.
--വാഹനത്തിന്റെയും വിദ്യാർത്ഥികളുടെയും എല്ലാ വിവരങ്ങളും അടങ്ങിയ രജിസ്റ്റർ സൂക്ഷിക്കണം.
--സ്‌കൂൾ ആവശ്യങ്ങൾക്ക് മാത്രം സർവീസ്.
--ഡോർ അറ്റൻഡർമാർ വേണം.
--ഓൺ ഡ്യൂട്ടി ബോർഡ് പ്രദർശിപ്പിക്കണം.
--ഫുട്‌ബോർഡിൽ നിന്ന് കുട്ടികൾ യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണം.
''പരിശോധന വിജയകരമായി പൂർത്തിയാക്കിയ വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കണം. സ്റ്റിക്കർ പതിക്കാത്ത വാഹനങ്ങളെ സർവീസ് നടത്താൻ അനുവദിക്കില്ല.
- പി.എ നസീർ , റീജിയണൽ ട്രാൻസ്പോർട് ഓഫീസർ, കോഴിക്കോട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |