കോഴിക്കോട്: രാജ്യത്ത് രക്തമൂലകോശ ദാതാക്കളെ കാത്ത് 3000ലധികം രോഗികൾ. ബ്ലഡ് ക്യാൻസർ, തലാസീമിയ തുടങ്ങിയ രക്ത സംബന്ധമായ രോഗങ്ങൾക്കുള്ള അവസാന ചികിത്സാമാർഗമാണ് ബ്ലഡ് സ്റ്റം സെൽ ട്രാൻസ്‌പ്ലാന്റ് അഥവ രക്തമൂലകോശ ദാനം. ദാതാക്കളെത്താത്തതാണ് വെല്ലുവിളി. ഇന്ത്യയിലെ ഏറ്റവും വലിയ സന്നദ്ധ രക്തമൂലകോശ ദാതാക്കളുടെ സംഘടനയായ 'ദാത്രി"യിലൂടെ 6,05,943 പേർ മാത്രമാണ് രജിസ്റ്റർ ചെയ്തത്. ദാതാക്കളുടെ എണ്ണം കുറവായതിനാൽ രോഗികൾക്ക് സാമ്യമുള്ള ദാതാവിനെ കണ്ടെത്താനുള്ള സാദ്ധ്യത കുറവാണ്. 43 ദശലക്ഷം സന്നദ്ധ ദാതാക്കളാണ് ലോകത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത്. കേരളത്തിൽ സർക്കാർ തലത്തിൽ മലബാർ ക്യാൻസർ സെന്ററിൽ സമാന രജിസ്ട്രി ആരംഭിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
18 മുതൽ 50 വയസ് വരെയുള്ളവർക്ക് രക്തമൂലകോശ ദാതാവായി രജിസ്റ്റർ ചെയ്യാം. ഒരിക്കൽ രജിസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല. കൃത്യമായ ആരോഗ്യ പരിശോധനകൾക്ക് ശേഷം രക്തത്തിലൂടെ മൂലകോശങ്ങളെ മാത്രം വേർതിരിച്ചു ദാനം ചെയ്യാം. ദാതാവിന് അപ്പോൾ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. ജനങ്ങൾക്ക് ഇതേക്കുറിച്ച് അറിവില്ലാത്തതാണ് പ്രധാനമായും സന്നദ്ധ ദാതാക്കളുടെ എണ്ണം കുറയാൻ കാരണം.
രക്തമൂലകോശ ദാനം
രക്തദാനം പോലെ എളുപ്പവും സുരക്ഷിതവുമാണ് രക്തമൂലകോശ ദാനം. രക്തദാനത്തിന് ഗ്രൂപ്പ് സാമ്യം ആവശ്യമായത് പോലെ, രക്തമൂലകോശദാനത്തിന്റെ സാമ്യം നിർണയിക്കുന്നത് എച്ച്.എൽ.എ (ഹ്യൂമൻ ല്യൂക്കോസെെറ്റ് ആന്റിജൻസ്) എന്ന ഘടകമാണ്. രോഗിക്ക് കുടുംബത്തിൽ നിന്ന് എച്ച്.എൽ.എ സാമ്യം വരാനുള്ള സാദ്ധ്യത 25 ശതമാനം മാത്രം. രക്തബന്ധത്തിൽ നിന്നല്ലാതെ എച്ച്.എൽ.എ സാമ്യമുള്ള ദാതാവിനെ ലഭിക്കുന്നതിനുള്ള സാദ്ധ്യത പതിനായിരത്തിൽ ഒന്നുമുതൽ ഇരുപത് ലക്ഷത്തിൽ ഒന്നുവരെയാണ്.
ദാത്രി
ഇന്ത്യയിലെ ഏറ്റവും വലിയ സന്നദ്ധ രക്തമൂലകോശ ദാതാക്കളുടെ സംഘടനയാണ് ദാത്രി. 2009ലാണ് സ്ഥാപിതമായത്. 2011 മുതൽ വേൾഡ് മാരോ ഡോണർ അസോസിയേഷന്റെ (ഡബ്ലിയു.എം.ഡി.എ) അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സംഘടനയിലൂടെ 1600ഓളം രക്തമൂലകോശ ദാനങ്ങൾ നടന്നിട്ടുണ്ട്. വിവരങ്ങൾക്ക്: www.datri.org, 7824833367.
രജിസ്ട്രിയിൽ കൂടുതൽ സന്നദ്ധ ദാതാക്കളെത്തിയാൽ കൂടുതൽ പേർക്ക് ജീവിതം തിരിച്ചുപിടിക്കാനാകും.
- അതുല്യ,
അസോസിയേറ്റ് മാനേജർ,
ദാത്രി ബ്ലഡ് സ്റ്റം സെൽ രജിസ്ട്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |