കോഴിക്കോട്: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ പ്രവേശനം ലഭിച്ചത് 23840 വിദ്യാർത്ഥികൾക്ക് മാത്രം. 48238 പേർ അപേക്ഷിച്ചതിൽ 24398 പേർ പുറത്തായി. ഭിന്നശേഷിക്കാരുടെ ഉൾപ്പെടെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ 31448 സീറ്റുകളിൽ ഇനി 7608 സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത്. നിലവിലുള്ള സീറ്റുകളേക്കാൾ 16,790 അപേക്ഷകരാണ് കൂടുതലുള്ളത്. 4494 വിദ്യാർത്ഥികൾ മറ്റു ജില്ലകളിൽ നിന്നുള്ളവരാണ്.
ജനറൽ വിഭാഗത്തിൽ ആകെയുള്ള 15645 സീറ്റിലും പ്രവേശനം പൂർത്തിയായി. മുസ്ലിം വിഭാഗത്തിലെ 1,381 സീറ്റുകളിലും അലോട്ട്‌മെന്റ് പൂർത്തിയായി. ഭിന്നശേഷി വിഭാഗത്തിൽ 694 സീറ്റുകളിൽ 384 സീറ്റുകളാണ് അലോട്ട് ചെയ്തത്. 310 സീറ്റുകൾ ബാക്കിയുണ്ട്. സ്‌പോർട്സ് ക്വാട്ടയിൽ സംവരണം ചെയ്ത 782 സീറ്റിലേക്ക് 1203 അപേക്ഷകളാണ് ലഭിച്ചത്. 744 സീറ്റുകളിലേക്ക് ആദ്യ അലോട്ട്മെന്റ് നടത്തി. ആദ്യ അലോട്ട്മെന്റിനു ശേഷം എസ്.സി വിഭാഗത്തിൽ 2093 സീറ്റുകളും എസ് .ടി വിഭാഗത്തിൽ 2901 സീറ്റുകളും ഒഴിവുണ്ട്. എസ് .സി വിഭാഗത്തിൽ 2526 പേരും എസ്. ടി വിഭാഗത്തിൽ 162 പേരുമാണ് പ്രവേശനം നേടിയത്. ആവശ്യത്തിന് സീറ്റില്ലാത്തതിനാൽ പല കുട്ടികളും പ്ലസ് വൺ ക്ലാസിന് പുറത്താകുമെന്ന ആശങ്കയാണുയരുന്നത്. രണ്ടാം അലോട്ട്‌മെന്റ് 10നും മൂന്നാം അലോട്ട്‌മെന്റ് 16നുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |