കൽപ്പറ്റ: ചൂരൽമല വില്ലേജ് ഓഫീസിന് സമീപത്തെ പറമ്പൽ വീട്ടിൽ മുഹമ്മദലി(ബാവ 80)യും ഭാര്യ ഉമ്മാച്ചു(70)വും അവരുടെ മക്കളും വയനാട് കളക്ടറേറ്റിന്റെ പടി ചവിട്ടിക്കയറുന്നത് ഇത് ആറാംതവണ. കഴിഞ്ഞ ദിവസവും ഹിയറിംഗിനായി വന്നത് പ്രതീക്ഷയോടെയായിരുന്നു. പക്ഷെ എ.ഡി.എമ്മിന് നിവേദനം നൽകി തിരിച്ചുപോകാനേ ഇവർക്ക് കഴിഞ്ഞുളളു.
''ഇനി അടുത്ത ഹിയറിംഗ് എന്നാണാവോ? അതിനിടയ്ക്കെങ്കിലും ഉരുൾ ദുരിതബാധിതരായി കണ്ട് ആനുകൂല്യങ്ങൾ ലഭിച്ചാൽ മതിയായിരുന്നു. അല്ലെങ്കിൽ വാടകവീട്ടിൽ നിന്ന് എല്ലാവരും ഇറങ്ങേണ്ടി വരും. പിന്നെ എവിടെ പോകണമെന്നും ഞങ്ങൾക്ക് ആർക്കുമറിയില്ല. വയസുകാലത്ത് ഉപ്പയെയും ഉമ്മയെയും കൊണ്ട് ഞങ്ങൾ എവിടെ പോകും?.ആകെ കിട്ടിയത് മൂന്ന് മാസത്തെ 6000 രൂപ തോതിലുളള വാടകയും നിത്യചെലവിനുളള 300 രൂപയും മാത്രം. ഞങ്ങളോട് മാത്രം എന്തിനാണ് ഈ ക്രൂരത?. അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ചു കഴിഞ്ഞു.ഇനിയും എന്തിന് പരീക്ഷിക്കുന്നു?.''
പറമ്പൻ മുഹമ്മദലിയുടെ മകൻ ലത്തീഫിന്റെ വാക്കുകൾ. ചൂരൽമല വില്ലേജ് ഓഫീസിന് സമീപത്തായിരുന്നു ഉപ്പയുടെയും മകന്റെയും വീടുകൾ. ഇവർക്ക് പുറമെ നാൽപ്പതോളം വീട്ടുകാർ അയൽവാസികളായി ഉണ്ടായിരുന്നു. ഉരുൾ ദുരന്തത്തെ തുടർന്ന് ഇവർക്കെല്ലാവർക്കും കുടിയൊഴിയേണ്ടി വന്നു. മഴ പെയ്താൽ തോട്ടിൽ നിന്നും പുന്നപ്പുഴയിൽ നിന്നും വെളളം വീട്ടിലേക്ക് ഇടിച്ച് കയറും. ഇനി ഇവർക്ക് അങ്ങോട്ടേക്ക് പോകാനും പറ്റില്ല. ഉരുൾ ദുരന്തത്തെ തുടർന്ന് മുഹമ്മദലിയുടെയും മകൻ ലത്തീഫിന്റെയും കുടുംബങ്ങൾ വാടക വീട്ടിലേക്ക് മാറി. മാണ്ടാടും കുന്നമ്പറ്റയിലുമായുളള വാടക വീടുകളിലാണ് ഇവർ താമസിക്കുന്നത്. മൂന്നുമാസം സർക്കാർ ഇവർക്ക് വീട്ടുവാടക കൃത്യമായി നൽകി. നിത്യചെലവിനുളള തുകയും. പിന്നെ മാസങ്ങളായി അത് മുടങ്ങി. ജീവിക്കാൻ വകയില്ല. ഉരുൾ പൊട്ടുമ്പോൾ ലത്തീഫ് സൗദിയിലായിരുന്നു. അവിടെ തയ്യൽ തൊഴിലാളിയാണ്. ഹൃദയത്തിന് അസുഖമുളളത് കൊണ്ട് നാട്ടിലേക്ക് തന്നെ തിരിച്ചുവന്നു. അപ്പോഴാണ് ഉപ്പയും ഉമ്മയും തന്റെ കുടുംബവും വാടകവീട്ടിൽ നിന്ന് ഒഴിയേണ്ടി വരുമെന്ന ദയനീയവാസ്ഥ അറിയുന്നത്.എല്ലാവരെയും കൂട്ടി നീതിക്കായി ഈ കുടുംബം മുട്ടാത്ത വാതിലുകളില്ല. കാണാത്ത ആളുകളില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |