കോഴിക്കോട്: 26ാമത് സീനിയർ ദേശീയ വനിതാ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് നാളെ തുടക്കമാവും. രാവിലെ 9 ന് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷത വഹിക്കും. മന്ത്രി എ.കെ ശശീന്ദ്രൻ, മേയർ ഡോ.ബീന ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ മുഖ്യാതിഥികളായിരിക്കും.
അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിലുള്ള മത്സരത്തിൽ എട്ട് ഗ്രൂപ്പുകളായി 32 ടീമുകളാണ് പങ്കെടുക്കുമെന്ന് ടൂർണമെന്റ് ജനറൽ കൺവീനറായ ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രാഥമിക റൗണ്ട് മത്സരങ്ങൾ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നാലു സ്റ്റേഡിയങ്ങളിലായാണ് നടക്കുക. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയം, മെഡിക്കൽ കോളേജ് സ്റ്റേഡിയം, കൂത്തുപറമ്പ് സ്റ്റേഡിയം എന്നിവിടങ്ങളിലും സെമി ഫൈനൽ, ഫെെനൽ മത്സരങ്ങൾ ഇ.എം.എസ് സ്റ്റേഡിയത്തിലും നടക്കും. രാവിലെ 9.30നും ഉച്ചയ്ക്ക് 2.30 നുമായിരിക്കും മത്സരങ്ങൾ. കാണികൾക്ക് പ്രവേശനം സൗജന്യമാണ്.
വാർത്താസമ്മേളനത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ, സപ്ന രവി, സുലെെമാൻ എന്നിവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |