കുറ്റ്യാടി: തളീക്കര എൽ.പി സ്കൂളിലെ കുട്ടികളെ കണ്ടുപഠിക്കേണ്ടതു തന്നെയാണ്. പഠനത്തോടൊപ്പം പഠനേതര പ്രവർത്തനങ്ങളിലും മികവിന്റെ പാഠപുസ്തകമാവുകയാണ് കായക്കൊടി പഞ്ചായത്തിലെ ഈ പ്രൈമറി സ്കൂളിലെ കുരുന്നുകൾ.
കൊവിഡ് മഹാമാരി കാലത്ത് പഠനം ഓൺലൈനിൽ തളച്ചിട്ടപ്പോൾ വായനയില്ലാതെ തളർന്നുപോയവരായിരുന്നു നമ്മുടെ കുട്ടികൾ. പക്ഷേ, തളീക്കര സ്കൂളിലെ കുട്ടികൾ അതിനെയും മറികടന്നു. ഓരോ വീട്ടിലും ഹോം ലൈബ്രറി എന്ന ആശയത്തിന് അടിത്തറയിട്ടു. കുട്ടികൾക്ക് വായിക്കാനായി ഓൺലൈനായി വായനാ കാർഡുകൾ നൽകി. ആ കാർഡ് വായിച്ച് ഓഡിയോ അയക്കുകയും വായനയുടെ മികവ് നോക്കി മികച്ചത്, ശരാശരി, ശരാശരിക്ക് താഴെ എന്നിങ്ങനെ തരംതിരിച്ചു. വായന വളർത്താൻ പുസ്തകങ്ങൾ വിതരണം ചെയ്തു. വായനയോട് ഇഷ്ടം തോന്നിയ കുട്ടികൾ കൂടുതൽ പുസ്തകങ്ങൾ സ്വയം സംഘടിപ്പിച്ച് വായിച്ച് ഓഡിയോ അയക്കാൻ തുടങ്ങി. കുറിപ്പുകൾ, വായിച്ച പുസ്തകങ്ങളിലെ ഇഷ്ട കഥാപാത്രങ്ങളുടെ വേഷങ്ങൾ, ചിത്രങ്ങൾ... അങ്ങനെ സ്കൂൾ വാട്സ് ആപ്പ് ഗ്രൂപ്പ് നിറയെ വായനയിൽ വിരിഞ്ഞ സർഗ സൃഷ്ടികളായിരുന്നു. പിറന്നാൾ മധുരം മിഠായിക്ക് പകരം പുസ്തകങ്ങളായി. വായനാ ദിനത്തിൽ ഹോം ലൈബ്രറി ആരംഭിച്ചു. പ്രോത്സാഹനവുമായി അദ്ധ്യാപകരും രക്ഷിതാക്കളും കൂട്ടുകൂടിയതോടെ വീട്ടിലും സ്കൂളിലും വായനയുടെ വസന്തം വിരിഞ്ഞു.
ലഹരി മുക്ത നാടിനായി "എന്റെ വീട് ലഹരിമുക്ത വീട്, എന്റെ നാട് ലഹരി ലഹരിമുക്ത നാട് " എന്ന ബാനറിൽ നടത്തിയ പ്രവർത്തനം ഏറെ പ്രശംസ ഏറ്റുവാങ്ങി. എന്റെ വീട് ലഹരി മുക്ത വീട് " യാഥാർത്ഥ്യമാക്കാൻ കുട്ടികളും കുടുംബാംഗങ്ങളും ലഹരി വിരുദ്ധ പോസ്റ്റർ ഉയർത്തി തളീക്കരയിൽ നടത്തിയ ലഹരി വിരുദ്ധ കാമ്പയിൻ ചരിത്രത്തിൽ ഇടം നേടി.
കൊവിഡ് കാലത്ത് തുടക്കമിട്ട വീട്ടിൽ ഒരു മീൻ കുളം, ഹോം ഗാർഡൻ പദ്ധതികൾ അടച്ചിടലിൽ നിന്നുള്ള കുട്ടികളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നടന്ന വീടുകളിൽ വൃക്ഷത്തൈകൾ നടൽ. വിദ്യാർത്ഥികളിൽ കാർഷികാഭിരുചി വളർത്താൻ സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ ചേന കൃഷി എന്നിവയെല്ലാം മാതൃകാ പ്രവർത്തനങ്ങളായി.
സബ് ജില്ലാതല ഊർജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി ചിത്രരചനയിലും കുട്ടികൾ മികവ് കാട്ടി. തപാൽ ദിനത്തിലും ഓസോൺ ദിനത്തിലും വൈവിദ്ധ്യമാർന്ന പരിപാടികളുമായി കുട്ടികൾ അരങ്ങത്തെത്തി. ലോക റേഡിയോ ദിനത്തിൽ ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ച ക്വിസ് പരിപാടിയിലും പങ്കാളികളായി. ശാസ്ത്ര ദിനത്തിൽ അഗ്നിപർവത സ്ഫോടനമെന്ന പരീക്ഷണം അവതരിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ പറവകൾക്ക് കുടിനീർ ഒരുക്കിയും പൂന്തോട്ടമൊരുക്കിയും തളീക്കര എൽ.പി സ്കൂളിലെ കുട്ടികൾ വേറിട്ട വഴിയിലൂടെ പിന്നെയും യാത്ര തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |