SignIn
Kerala Kaumudi Online
Saturday, 27 April 2024 9.40 AM IST

ചരിത്രം അടയാളപ്പെടുത്തിയ മാനവികതയുടെയും സാഹോദര്യത്തിന്റെയും വാർഷികം

1
സാമൂതിരി കെ.സി. ഉണ്ണി അനുജൻ രാജയ്ക്ക് കോഴിക്കോട് ഖാസി പരമ്പര അംഗം എം.വി. റംസി ഇസ്മായിലും മിശ്കാൽ പള്ളി സെക്രട്ടറി നടുവിലകം ഉമ്മറും ചേർന്ന് ഉപഹാരം സമ്മാനിക്കുന്നു

കോഴിക്കോട്: ഏഴ് നൂറ്റാണ്ട് പഴക്കമുള്ള കോഴിക്കോട്ടെ പരമ്പരാഗത ഖാസിമാരുടെ ആസ്ഥാനം കൂടിയായ മിശ്കാൽ പള്ളി വൈദേശിക ആക്രമണം നേരിട്ടതിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി ഖാസി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവണ്ണൂർ നട സാമൂതിരി ഭവനം സന്ദർശിച്ചു. ചരിത്രം അടയാളപ്പെടുത്തിയ മാനവികതയുടെയും സാഹോദര്യത്തിന്റെയും ഉജ്ജ്വല മാതൃക അനുസ്മരിക്കുന്നതിനും അക്കാലത്ത് സാമൂതിരി രാജാവ് മുസ്ലിങ്ങളോടും പള്ളിയോടും പ്രകടിപ്പിച്ച ആദരവിനും ഐക്യദാർഢ്യത്തിനും നന്ദി അറിയിച്ചു കൊണ്ട് ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷൻ സ്മരണ പുതുക്കി.

അര നൂറ്റാണ്ട് കാലം കോഴിക്കോട് മുഖ്യ ഖാസിയായിരുന്ന ഖാസി നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ പൗത്രനും ഖാസി പരമ്പരയിലെ ഇളം തലമുറ അംഗവുമായ എം.വി. റംസി ഇസ്മായിലിന്റെയും മിശ്കാൽ പള്ളി സെക്രട്ടറി നടുവിലകം ഉമ്മറിന്റെയും നേതൃത്വത്തിലാണ് ഖാസി ഫൗണ്ടേഷൻ പ്രവർത്തകർ കോഴിക്കോട് സാമൂതിരിയുടെ ഭവനം സന്ദർശിച്ച് സൗഹൃദം പങ്കിട്ടത്. സാമൂതിരിയുടെ കുടുംബാംഗങ്ങളായ ഗോവിന്ദ് ചന്ദ്രശേഖർ, സരസിജ ,ശാന്തി, മായ എന്നിവർ ചേർന്ന് ഇവരെ സ്വീകരിച്ചു.
ഖാസി ഫൗണ്ടേഷനു വേണ്ടി ഫാറൂഖ് ഹയർ സെക്കൻഡറി അദ്ധ്യാപകൻ എം. യൂസഫ് വരച്ച മിശ്കാൽ പള്ളിയുടെയും തളി ക്ഷേത്രത്തിന്റെയും ചിത്രമടങ്ങിയ ഫ്രെയിം എം.വി. റംസി ഇസ്മായിലും മിശ്കാൽ പള്ളി സെക്രട്ടറി നടുവിലകം ഉമ്മറും ചേർന്ന് സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജയ്ക്ക് സമ്മാനിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എം.വി. മുഹമ്മദലി സാമൂതിരിയെ പൊന്നാട അണിയിച്ചു.
സി.എ. ഉമ്മർകോയ, സി.പി. മാമുക്കോയ, എം. അബ്ദുൽ ഗഫൂർ , എം.കെ. ജലീൽ , കെ.പി. മമ്മത് കോയ, മിശ്കാൽ പള്ളി ഇമാം ശഫീർ മുച്ചുന്തി എന്നിവർ ആശംസകളർപ്പിച്ചു. ജന.സെക്രട്ടറി പി.ടി. ആസാദ് സ്വാഗതവും പി. മമ്മത് കോയ നന്ദിയും പറഞ്ഞു. അനാരോഗ്യം കാരണം കോഴിക്കോട് ഖാസി കെ.വി. ഇമ്പിച്ചമ്മത് ഹാജിക്ക് ചടങ്ങിൽ സംബന്ധിക്കാനായില്ല.

ചരിത്രം ഇങ്ങനെ....

ചരിത്രപ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാൽ പള്ളിയ്ക്ക് റമസാൻ 22 ഒരുപാട് ഉള്ള് നീറിക്കുന്ന ഓർമകളുള്ള ദിനമാണ്. ഒപ്പം
മാനവികതയുടെയും സാഹോദര്യത്തിന്റെയും മായാത്ത അടയാളപ്പെടുത്തലിന്റെ ഓർമ്മ പുതുക്കലും. വാസ്‌കോഡഗാമയുടെ പിൻഗാമിയായി കോഴിക്കോട്ടെത്തിയ അൽബുക്കർക്കിന്റെ നേതൃത്വത്തിലുള്ള പറങ്കിപ്പട കല്ലായ് പുഴ വഴി പട്ടണത്തിലേക്ക് പ്രവേശിക്കുകയും കുറ്റിച്ചിറ മിശ്കാൽ പള്ളി അഗ്‌നിക്കിരയാക്കുകയും ചെയ്തു. ഈ ആക്രമണത്തിൽ പള്ളിയുടെ മിഹ്രാബ് (പ്രസംഗപീഠം) പൂർണമായും ഒന്നാം നില ഭാഗികമായും കത്തി നശിക്കുകയുണ്ടായി. ഇതിന്റെ മായാത്ത പാടുകൾ ഇന്നും പള്ളിയുടെ ഒന്നാം നിലയിൽ ദൃശ്യമാണ്.

അറബികളോടും മുസ്ലിങ്ങളോടും എന്നും സ്‌നേഹ സൗഹൃദം പുലർത്തിയവരായിരുന്നു സാമൂതിരി രാജവംശം .
ഇതിന്റെ പ്രതികാരമെന്നോണം ഇംഗ്ലീഷുകാരുടെ ചാലിയം കോട്ട ആക്രമിക്കുകയും അതിന്റെ മരങ്ങൾ പള്ളിയുടെ പുനർ നിർമ്മിതിക്ക് ഉപയോഗിച്ചുവെന്നുമാണ് ചരിത്രം. ഈ ആക്രമണത്തിൽ പോർട്ടുഗീസ് പട്ടാളക്കാർക്കെതിരെ 500ൽ പരം നായർ, മുസ്ലിം പടയാളികൾ പൊരുതിയെന്നും നിരവധി പേർ മരിച്ചതായും പള്ളിയുടെ പുനർ നിർമ്മാണത്തിന്ന് വിവിധ ഘട്ടങ്ങളിലായി 100 വർഷമെടുത്തുവെന്നും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.