കോഴിക്കോട് : വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാം ചരമദിനത്തോടനുബന്ധിച്ച് നമ്മൾ ബേപ്പൂരിന്റെ ആഭിമുഖ്യത്തിൽ നാളെ ആരംഭിക്കുന്ന ബഷീർ ഫെസ്റ്റ് മുൻ കേരള സാംസ്കാരിക മന്ത്രി എം.എ ബേബി ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷനാകും. നാലു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിനോടനുബന്ധിച്ചു ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമായി വിപുലമായ പരിപാടികളാണ് ആവിഷ്കരിക്കുന്നത്. കുട്ടികളുടെ ക്വിസ് മത്സരം, ചിത്രരചനാമത്സരം, ഗസൽ രാവ്, മ്യൂസിക്കൽ നെറ്റ്, മാജിക് ഷോ, നാടകം, സാഹിത്യ ക്യാമ്പ്, ഖവാലി, പൂതപ്പാട്ട്, സെമിനാറുകൾ, ചലച്ചിത്രോത്സവം തുടങ്ങി ഒട്ടേറെ വൈവിദ്ധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടുമുറ്റത്ത് മാങ്കോസ്റ്റിൻ മരത്തിനു കീഴിൽ ഒത്തു ചേരലുകൾ സംഘടിപ്പിക്കും. സ്കൂൾ വിദ്യാർത്ഥികൾക്ക് ബഷീർ കഥാപാത്രങ്ങളായി ഇവിടം സന്ദർശിക്കാനും അവസരമൊരുക്കും.
@ ഭക്ഷ്യമേളയും
ബേപ്പൂരിൽ നാലു ദിവസമായി നടക്കുന്ന ബഷീർ ഫെസ്റ്റിനോടനുബന്ധിച്ച് ഭക്ഷ്യമേളയും അരങ്ങേറും. ബേപ്പൂർ ഹൈസ്കൂളിന് സമീപത്തൊരുക്കിയ പ്രത്യേകവേദിയിലാണ് ഭക്ഷ്യമേള നടക്കുക. കോഴിക്കോട്ടെ ഹോട്ടലുകളും, വീട്ടമ്മമാരും ചേർന്നൊരുക്കുന്ന നാടൻ ഭക്ഷ്യമേളയിൽ ഇരുപത്തിനാലോളം സ്റ്റാളുകളിലായി രുചികരമായ വിഭവങ്ങൾ അണിനിരക്കും. തനതു മലബാർ വിഭവങ്ങളോടൊപ്പം ബേപ്പൂർ സ്പെഷ്യൽ മത്സ്യവിഭവങ്ങളും ഇവിടെയൊരുങ്ങും.കുടുംബശ്രീയുടെയും ഉത്തരവാദിത്വ ടൂറിസത്തിന്റെയും ഒപ്പം പ്രദേശത്തെ ചെറുകിട സംരംഭകരുടെയും നേതൃത്വത്തിൽ ഭക്ഷ്യവിഭവങ്ങൾ വിപണനം നടത്തുന്ന സ്റ്റാളുകളും മേളയിൽ പ്രവർത്തിക്കും.
ഭക്ഷണപ്രിയരായ കോഴിക്കോട്ടുകാർക്കായി ഒരു നാടൻ ഭക്ഷ്യവിരുന്ന് തന്നെയാണ് ബഷീർ ഫെസ്റ്റ് വേദിയിൽ ഒരുങ്ങുക. നാളെ വൈകീട്ട് മൂന്നിന് ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |