കോഴിക്കോട്: പിതൃസ്മരണയിൽ ജില്ലയിലെ ക്ഷേത്രങ്ങളിലും വീടുകളിലും കടപ്പുറങ്ങളിലുമായി വിശ്വാസികൾ ബലി തർപ്പണം ചെയ്തു. രണ്ട് വർഷത്തിന് ശേഷം നിരോധനങ്ങളില്ലാതെ ക്ഷേത്രത്തിൽ ബലിതർപ്പണം നടത്താൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയത് ആയിരങ്ങളാണ്.
വരക്കൽ കടപ്പുറത്ത് ശ്രീകണ്ഠേശ്വര ക്ഷേത്ര യോഗത്തിന്റെയും വരക്കൽ ദുർഗാദേവി ക്ഷേത്രത്തിന്റെയും വരക്കൽ ബലിതർപ്പണ സമിതിയുടെയും ഹിന്ദു ഐക്യവേദിയുടെയും നേതൃത്വത്തിൽ ബുധനാഴ്ച വൈകിട്ട് തന്നെ ബലി തർപ്പണം ആരംഭിച്ചിരുന്നു. ശ്രീകണ്ഠേശ്വര ക്ഷേത്രയോഗത്തിന്റെ നേതൃത്വത്തിൽ ശ്രീ നാരായണ സെന്റിനറി ഹാളിലും രാവിലെ സൗകര്യങ്ങളൊരുക്കിയിരുന്നു. മേൽശാന്തി കെ.വി ഷിബുവും മറ്റു ശാന്തിക്കാരും നേതൃത്വം നൽകി.ഗോതീശ്വരം ക്ഷേത്രത്തിലും ബുധനാഴ്ച രാത്രിയോടെ ബലിതർപ്പണം ആരംഭിച്ചിരുന്നു. മിക്ക ക്ഷേത്രങ്ങളിലും ഇന്നലെ പുലർച്ചയോടെയാണ് ബലി തർപ്പണം ആരംഭിച്ചത്. ക്ഷേത്രങ്ങൾക്ക് പുറമേ ബലിതർപ്പണ സമിതികൾ രൂപീകരിച്ചും ബലിയിടാൻ സൗകര്യങ്ങളൊരുക്കി.
താമരശ്ശേരി തച്ചംപൊയിൽ വാകപ്പൊയിൽ ശ്രീ വിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി പൂനൂർ പുഴയിലെ അമ്പലക്കടവിൽ കർക്കടക വാവുബലിതർപ്പണം സംഘടിപ്പിച്ചു. ജില്ലയിലെ നാനാ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ പുഴയിൽ കുളിച്ച് അമ്പലക്കടവിൽ പിതൃക്കൾക്ക് തിലോദകവും വാകപ്പൊയിൽ ശ്രീ വിഷ്ണു ക്ഷേത്രത്തിൽ നെയ് വിളക്കും സമർപ്പിച്ചു. പറമ്പിടി പുതുശ്ശേരി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. കട്ടിപ്പാറയിൽ മുത്തോറ്റി ശ്രീ മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന വാവുബലി ചടങ്ങുകൾക്ക് രവീന്ദ്രൻ കൈപ്പഞ്ചേരി. എ.കെ വിദ്യാസാഗർ, ജഗദീഷ്.വി.പി.സുരേഷ് 'പി.കെ ബാബു, എ.വി.അരവിന്ദൻ എസ്. ടി. കെ ഭാസ്കരൻ, ഹരിദാസൻ കെ എന്നിവരും മാതൃസമിതി അംഗങ്ങളും നേതൃത്വം നൽകി.
അത്തോളി : കൊങ്ങന്നൂർ ആനപ്പാറ ബലിദർപ്പണ സമിതിയുടെ ആഭിമുഖ്യത്തിൽ കർക്കടക വാവ് ബലി തർപ്പണ ചടങ്ങ് നടത്തി. കിഴക്കയിൽ ക്ഷേത്ര കർമ്മി കെ നിജീഷിന്റെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങ്. ബലിതർപ്പണ സമിതി പ്രസിഡന്റ് കെ.കെ ദയാനന്ദൻ , സെക്രട്ടറി കെ.കെ.ജയേഷ്, ട്രഷറർ ഇ സജീവൻ തുടങ്ങിയവർ നേതൃത്വം നൽകി. പ്രദേശത്തെ 100 ഓളം വിശ്വാസികൾ ബലി തർപ്പണം നടത്തി. ഇതാദ്യമായാണ് കൊങ്ങന്നൂർ ആനപ്പാറ ക്കടവിൽ ബലി ദർപണ ചടങ്ങ് നടന്നത്. തുടർ വർഷങ്ങളിൽ വിപുലമായി നടത്താനാണ് തീരുമാനമെന്ന് സമിതി പ്രസിഡന്റ് കെ. കെ ദയാനന്ദൻ അറിയിച്ചു.
മൊടക്കല്ലൂർ തോരായി മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടകവാവ് ബലിതർപ്പണത്തിനായി എത്തിയത് മൂവായിരത്തോളം പേർ. പുലർച്ചെ 3.45 ഓടെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രം മേൽശാന്തി ചായാടത്ത് ഇല്ലത്ത് രഞ്ജിത്ത് നമ്പൂതിരിയുടെ നേതൃത്വത്തിൽ പുലർച്ചെ തിലഹോമം നടന്നു. ഭുവനേശ്വരി ക്ഷേത്രം തന്ത്രി സുനിൽ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു ബലിതർപ്പണ ചടങ്ങുകൾ.
ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി കോവിലകത്ത് രവിവർമ്മ രാജ, ക്ഷേത്ര ഭാരവാഹികളായ സിപി ബാലൻ, ടി കെ കൃഷ്ണൻ, മനോജ്, ടി കെ ബാബു, കണാരക്കുട്ടി, സത്യൻ, സുധാകരൻ, പ്രദീപൻ, ദേവദാസൻ, അജിത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
കുറ്റ്യാടി: കർക്കടക വാവുബലിയോടനുബന്ധിച്ച് പൂതം പാറ ശ്രീനാരായണ ഗുരു ചാമുണ്ഡേശ്വരി ക്ഷേത്രയോഗത്തിന്റെ ആഭിമുഖ്യത്തിൽ നല്ല തണ്ണീർ പുഴയിൽ പിതൃബലിതർപ്പണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |