SignIn
Kerala Kaumudi Online
Saturday, 27 April 2024 8.33 AM IST

ഓണസദ്യയുണ്ട്, പൂക്കളമിട്ട് ,തിരുവാതിര കളിച്ച് വിദേശ വനിതകൾ 'ഓണസദ്യയാവുമ്പോൾ ഇങ്ങനെ കുഴച്ചുപിടിച്ച് കഴിക്കണം..'

onam
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച പാചക മത്സരത്തിൽ വിജയികളായ വിദേശികൾ റാവിസ് ഹോട്ടലിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ ഓണസദ്യയുണ്ണുന്നു

കോഴിക്കോട്: കുത്തരിച്ചോറും സാമ്പാറും നല്ല നാക്കിലയിൽ വിളമ്പിയപ്പോൾ ഇതെങ്ങനെ തിന്നുമെന്നായിരുന്നു റഷ്യക്കാരി നതാലിയുടെ സങ്കടം. പപ്പടവും പഴവും പായസവുമടക്കം ഇല കാണാനാവാത്തവിധം വിഭവങ്ങൾ വേറെയും. തൊട്ടരികിലായിട്ടിരുന്ന യു.കെയിൽ നിന്നെത്തിയ അഥീനയും റുമേനിയയിൽ നിന്നുള്ള റോക്‌സാനയും, ജപ്പാനിൽ നിന്നുള്ള യികി ഷിമിസുവുമെല്ലാം ഇതേ ആശങ്കയിലായിരുന്നു. ഒടുക്കം സംഘാടകരായ കേരള ടൂറിസം ഉദ്യോഗസ്ഥരുടെ അനൗൺസെത്തി. കത്തിയും സ്പൂണുമൊക്കെ മാറ്റി കൈകൊണ്ടങ്ങനെ കുഴച്ച് തിന്നുക... ആദ്യമൊന്നു മടിച്ചെങ്കിലും ഒരു വേള അവരും തനി മലയാളികളായി. സെറ്റ് സാരിയിലും ബ്ലൗസിലൊന്നുമാകാതെ ചോറുണ്ടശേഷം അവസാനം പഴവും പപ്പടവും ചേർത്ത് അവർ പായസവും കഴിച്ചു. ഒടുക്കം നതാലിയയുടെ കമന്റ് 'കേരളം അടിപൊളി, ചോറും പായസവും സൂപ്പർ...'
കേരള ടൂറിസം 2020-21 ൽ സംഘടിപ്പിച്ച പാചകമത്സരത്തിന്റെ 10 വിജയികൾ കുടുംബസമ്മേതം എത്തിയപ്പോഴായിരുന്നു വിദേശികളുടെ ഓണസദ്യയുടെ നവ്യാനുഭവം. ടൂറിസം വകുപ്പാണ് പരിപാടിയി സംഘടിപ്പിച്ചത്. ഓണസദ്യയിലും ഓണപ്പൂക്കളത്തിലും പങ്കെടുത്ത് തിരുവാതിരക്കളിയിലും പങ്കാളികളായിട്ടായിരുന്നു മടക്കം.

പത്ത് കുടുംബങ്ങളാണ് കേരള സന്ദർശനത്തിനെത്തിയത്. അതിൽ അഞ്ച് കുടുംബങ്ങൾ വിദേശീയരാണ്. കോഴിക്കോട് റാവിസ് ഹോട്ടലിലായിരുന്നു വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കിയത്. നഗരത്തിലെ പഴശ്ശിരാജ പുരാവസ്തു മ്യൂസിയം കണ്ടതിനു ശേഷമാണ് സംഘം റാവിസിലെത്തിയത്.

അഥീന അയോണ പാന്റ (യുകെ), മോറോസോവ് നികിത (റഷ്യ), റോക്‌സാന ഡാന സൈലാ (റുമേനിയ), യുകി ഷിമിസു (ജപ്പാൻ), രമാലക്ഷ്മി സുന്ദരരാജൻ (തെലങ്കാന), ജയ നാരായൺ (മഹാരാഷ്ട്ര), ഹിമനന്ദിനി പ്രഭാകരൻ (കർണാടക), വിന്നി സുകാന്ത് (ആന്ധ്രാപ്രദേശ്) എന്നിവരായിരുന്നു മത്സരത്തിലെ മറ്റ് വിജയികൾ.

രാജ്യത്തിനകത്തും പുറത്തുമുള്ള മലയാളികളല്ലാത്ത ആർക്കും പങ്കെടുക്കാവുന്നതായിരുന്നു കേരള പാചക മത്സരം. 2020 ഡിസംബർ 21 മുതൽ 2021 ജൂൺ 21 വരെയാണ് ആദ്യം ഇതിനുള്ള സമയം നിശ്ചയിച്ചിരുന്നതെങ്കിലും അഭൂതപൂർവമായ പ്രതികരണം നിമിത്തം 2021 ആഗസ്റ്റ് 21 വരെ സമയം നീട്ടി നൽകി. മൊത്തം 11,605 പേർ മത്സരത്തിനായി രജിസ്റ്റർ ചെയ്തിരുന്നു. അതിൽ 8600 പേർ രാജ്യത്തിനകത്തു നിന്നും 2,629 പേർ വിദേശത്തു നിന്നുമായിരുന്നു. വീഡിയോ എൻട്രികൾ കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്യുകയും പൊതു വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിൽ വിജയികളെ തെരഞ്ഞെടുക്കുകയുമാണ് ചെയ്തത്. അവർക്കുള്ള സമ്മേളനങ്ങളാണ് ഇന്നലെ വിതരണം ചെയ്തത്.

@ വിലക്കുറവും സബ്സിഡിയും
ഓണക്കോളൊരുക്കി സപ്ലൈകോ

കോഴിക്കോട്: ഓണക്കാലത്തെ വിലക്കയറ്റത്തിന് ആശ്വാസം പകരാൻ സപ്ലൈകോ ഓണം മേള. കുറുവ അരി, പച്ചരി, പൊന്നി അരി, ബിരിയാണി അരി എന്നിവയ്ക്ക് പൊതുവിപണിയേക്കാൾ പത്തുരൂപ കുറവാണ്. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം വളപ്പിൽ ആരംഭിച്ച മേളയിൽ സർക്കാർ നിശ്ചയിച്ച 13 ഇനം സാധനങ്ങൾ സബ്സിഡിയോടെ ലഭിക്കും. പലചരക്ക് സാധനങ്ങൾക്കുപുറമെ സോപ്പുകൾ, ഡിഷ്വാഷുകൾ, പോഷകാഹാര സാധനങ്ങൾ, വിവിധ കമ്പനികളുടെ പാക്കറ്റ് ഉത്പന്നങ്ങളും മേളയിൽ ഒരുക്കിയിട്ടുണ്ട്. റേഷൻ കാർഡുമായി വന്നാൽ സാധനങ്ങൾ സബ്സിഡി നിരക്കിൽ വാങ്ങാം. ഒരു റേഷൻ കാർഡിൽ ഒരു തവണ മാത്രമാണ് സാധനങ്ങൾ വാങ്ങാൻ കഴിയുക. പൊതുവിപണിയെ അപേക്ഷിച്ച് വിലയിൽ കാര്യമായ കുറവുള്ളതിനാൽ രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും കൂടുതൽ ആളുകൾ എത്തുമെന്നതിനാൽ വേണ്ടത്ര സാധനങ്ങൾ സംഭരിച്ചിട്ടുണ്ട്. രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കുന്ന മേള സെപ്തം. ഏഴിന് സമാപിക്കും. കയർഫെഡിന്റെ പ്രത്യേക സ്റ്റാളും മേളയിൽ ഒരുക്കിയിട്ടുണ്ട്. കിടക്കകൾ, ചവിട്ടികൾ, ചകിരി ഉത്പന്നങ്ങൾ തുടങ്ങിയവ കുറഞ്ഞ നിരക്കിൽ ലഭിക്കും. കിടക്കകൾക്ക് 32 ശതമാനം വരെയാണ് സബ്സിഡി. ചുമരിലും മറ്റും ചെടികൾ വെക്കാനുപയോഗിക്കുന്ന വിവിധ വലുപ്പത്തിലും ആകൃതിയിലുമുള്ള ചകിരിയിൽ തീർത്ത ചട്ടികളും വിൽപ്പനയ്ക്കുണ്ട്. 27 50 രൂപയുമാണ് വില.


വില വിവരം

ഇനം വില
അരി കുറുവ (ഒരു കിലോ) 25
മട്ട 24
പൊന്നി 38.50
പച്ചരി 23
ബിരിയാണി അരി 42.50
ചെറുപയർ 74
ഉഴുന്ന് 66
കടല 43
വൻപയർ 45
തുവരപരിപ്പ് 65
മുളക് 75
മല്ലി 79
ചെറുപയർ പരിപ്പ് 113.40
ആട്ട 51
ചായ 214
ഗ്രീൻ പീസ് 60
പഞ്ചസാര 22
മുതിര 71.40
മുത്താറി 33.60
വെളിച്ചെണ്ണ (ഒരു ലിറ്റർ) 162


'സപ്ലൈകോ ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങിയ സബ്സിഡി സാധനങ്ങൾ വീണ്ടും മെട്രോ ഫെയറിൽ ലഭിക്കില്ല'. പി.കെ.സുമേഷ് , ഫെയർ ഓഫീസർ.

ഓണാഘോഷം: ലോഗോ പ്രകാശനം

കോഴിക്കോട് : വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ ലോഗോ പ്രകാശനം മേയർ ഡോ. ബീന ഫിലിപ്പ് സംവിധായകൻ വി.എം.വിനുവിന് നൽകി നിർവഹിച്ചു. ബീച്ചിലെ സ്വാഗതസംഘം ഓഫീസിൽ നടന്ന ചടങ്ങിൽ സബ് കളക്ടർ വി.ചെൽസാസിനി അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ വി.മുസാഫർ അഹമ്മദ് മുഖ്യാതിഥിയായി. ഒമ്പത് മുതൽ 11 വരെ നടക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ വിപുലമായ കലാസാംസ്‌കാരിക പരിപാടികളാണ് നടക്കുക.

നടുവണ്ണൂർ സ്വദേശി കെ.കെ അൽത്താഫാണ് ലോഗോ രൂപകൽപന ചെയ്തത്. ആർട്ടിസ്റ്റ് മദനന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് ലോഗോ തിരഞ്ഞെടുത്തത്. വിജയിക്കുള്ള സമ്മാനം ഓണാഘോഷ പരിപാടിയിൽ കൈമാറും.

പഴം, പച്ചക്കറികളുമായി വരുന്നു, ഹോർട്ടിസ്റ്റോർ

കോഴിക്കോട്: ഓണക്കാലത്ത് പഴം പച്ചക്കറിയുടെ വില പിടിച്ചുനിർത്തുന്നതിനും ന്യായമായ വിലയ്ക്ക് ഗുണഭോക്താക്കൾക്ക് പഴം പച്ചക്കറി ലഭ്യമാക്കുന്നതിനും വേണ്ടി സംസ്ഥാന കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഹോർട്ടികോർപ്പിന്റെ മൊബൈൽ ഹോർട്ടി സ്റ്റോർ പര്യടനം ആരംഭിച്ചു. ഇന്നലെ വേങ്ങേരി നഗര കാർഷിക വിപണന വിപണനകേന്ദ്രത്തിൽ മേയർ ബീന ഫിലിപ്പ് ഫ്ളാഗ് ഓഫ് ചെയ്തു. ഹോർട്ടികോർപ് റീജിയണൽ മാനേജർ ടി.ആർ.ഷാജി സ്വാഗതവും ജില്ലാ മാനേജർ സി.വി.ശുഭ നന്ദിയും പറഞ്ഞു

ഇന്ന് രാവിലെ 10 മണി മുതൽ 1 മണി വരെ ഉള്ളിയേരി ബസ് സ്റ്റാൻഡ് പരിസരത്തും രണ്ടു മണി മുതൽ 5.30 വരെ ബാലശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്തുമായിയിരിക്കും പര്യടനം.

ശനിയാഴ്ച 10 30 മുതൽ ഒരു മണി വരെ കല്ലാച്ചി ഫിഷ് മാർക്കറ്റിന് സമീപവും രണ്ടു മണി മുതൽ 5.30 വരെ കക്കട്ടിലും ഞായറാഴ്ച പത്തുമണി മുതൽ 12 മണി വരെ കോഴിക്കോട് കോർപ്പറേഷൻ പരിസരത്തും ഒരു മണി മുതൽ 5.30 വരെ വെള്ളയിൽ വൈദ്യുത ഭവനു സമീപവും തിങ്കളാഴ്ച 10 മണി മുതൽ ഒരു മണി വരെ കടിയങ്ങാടും രണ്ടു മണി മുതൽ 5.30 വരെ പേരാമ്പ്ര ടൗണിലും ചൊവ്വാഴ്ച 10 മണി മുതൽ ഒരു മണി വരെ മാങ്കാവിലും 2 മണി മുതൽ നാലുമണിവരെ കാവ് ചേവായൂരിലും മൊബൈൽ ഹോർട്ടിസ്റ്റോറിന്റെ പര്യടനം ഉണ്ടായിരിക്കും.

കർഷകരിൽ നിന്നും സംഭരിക്കുന്ന നാടൻ പച്ചക്കറികൾ പഴങ്ങൾ മറുനാടൻ പച്ചക്കറികൾ ഹോർട്ടികോർപ്പിന്റെ അംഗീകാരമുള്ള അമൃത് ഹണി, മറയൂർ ശർക്കര , കേരജം വെളിച്ചെണ്ണ ,പപ്പടം , കുട്ടനാട് അരി , മിൽമ ഉൽപ്പന്നങ്ങൾ തുടങ്ങിയവ മൊബൈൽ സ്റ്റാളിൽ ലഭ്യമാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.