SignIn
Kerala Kaumudi Online
Tuesday, 07 May 2024 9.19 AM IST

സ്കൂളിൽ നാളെ ഫസ്റ്റ് ബെൽ മുഴങ്ങും

jjjjjjjjjjjjjjjjjjj

മലപ്പുറം: പുതിയ അദ്ധ്യയന വർഷത്തേക്കുള്ള ഫസ്റ്റ് ബെൽ നാളെ സ്കൂളുകളിൽ മുഴങ്ങും. പുതുമണമുള്ള പുസ്തകങ്ങളും യൂണിഫോമും ധരിച്ച് പുതിയ അദ്ധ്യയന വർഷത്തിലേക്ക് പ്രതീക്ഷയുടെ പടികയറി വരുന്ന കുട്ടികളെ വരവേൽക്കാൻ ജില്ലയിലെ സ്‌കൂളുകൾ ഒരുങ്ങിക്കഴിഞ്ഞു. ചുമരുകളിൽ വർണ്ണാഭമായ ചിത്രങ്ങൾ വരച്ചും സ്‌കൂൾ പരിസരവും ക്ലാസ് മുറികളും വൃത്തിയാക്കിയും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയും പി.ടി.എയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെ പ്രയോജനപ്പെടുത്തി സ്‌കൂൾ കോമ്പൗണ്ടിനകത്തെ മാളങ്ങളടക്കം അടച്ച് സുരക്ഷ ഉറപ്പാക്കി. ഇന്നലെ നടന്ന അവസാനവട്ട ശുചീകരണ പ്രവർത്തനങ്ങളിൽ അദ്ധ്യാപകരും പി.ടി.എയും സ്‌കൗട്ട് ആന്റ് ഗൈഡ് വിദ്യാത്ഥികളും പങ്കുചേർന്നു. സ്കൂൾ പ്രവേശനം വിപുലമായാണ് നടത്തുന്നത്. ജില്ലാതല സ്കൂൾ പ്രവേശനോത്സവം കൽപ്പകഞ്ചേരി ജി.വി.എച്ച്.എസ്.എസിൽ രാവിലെ 10ന് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനാവും. ഇ.ടി.മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ പങ്കെടുക്കും. ലഹരി മുക്ത കേരളമെന്ന സന്ദേശവുമായി ഭിന്നശേഷി കുട്ടികൾ നിർമ്മിച്ച സേ നോ ടു ഡ്രഗ്സ് എന്ന് ആലേഖനം ചെയ്ത 1,000 പേപ്പർ പേനകളുടെ കൈമാറ്റവും നടക്കും. പൊതുവിദ്യാഭ്യാസ മികവ് പ്രദർശനം, കാൻവാസ് ചിത്രരചന, എൻ.എസ്.എസ് സ്റ്റാൾ, ലിറ്റിൽ കൈറ്റ്സ് സ്റ്റാൾ, സ്കൗട്ട്, ഗൈഡ് സ്റ്റാൾ, യോഗ, സയൻസ്, ഗണിത സ്റ്റാൾ, ഭിന്നശേഷി കുട്ടികളുടെ ഉത്പന്നങ്ങൾ, എൻ.എസ്.എസ് ഫുഡ്ഫെസ്റ്റ്, നാടൻപാട്ട് ശിൽപ്പശാല, ഒപ്പന, തിരുവാതിര തുടങ്ങിയ വൈവിദ്ധ്യമാർന്ന പരിപാടികൾ പ്രവേശനോത്സവത്തിൽ നടക്കും. സ്കൂളുകൾ കേന്ദ്രീകരിച്ചും വിവിധ പരിപാടികൾ അരങ്ങേറും.

പുസ്തകങ്ങളെത്തി

ജില്ലയിലെ ഒന്നുമുതൽ പത്ത് വരെ ക്ലാസുകളിലേക്കുള്ള 95 ശതമാനം പുസ്തകങ്ങളും ബുക്ക് ഡിപ്പോകളിൽ എത്തിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 53,​73,​363 പുസ്തകങ്ങളാണ് ആവശ്യം. ഇതിൽ 52,​80,​752 പുസ്തകങ്ങൾ വിതരണത്തിന് ലഭിച്ചിട്ടുണ്ട്. 49,​46,​561 പുസ്തകങ്ങളുടെ വിതരണം പൂർത്തിയായി. ശേഷിക്കുന്ന 2,62,191 പുസ്തകങ്ങളിൽ 90 ശതമാനവും അൺഎയ്ഡഡ് സ്കൂളുകളിലേക്കുള്ളതാണ്. ഇന്നത്തോടെ ഇവയുടെ വിതരണവും പൂർത്തിയാവും.

യൂണിഫോം ഉടനെയെത്തും

ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ വിദ്യാ‌ർത്ഥികൾക്കുള്ള കൈത്തറി യൂണിഫോമിന്റെ വിതരണം പൂർത്തിയായിട്ടുണ്ട്. 5 മുതൽ ഏഴ് വരെ ക്ലാസുകളിലെ പെൺകുട്ടികൾക്കുള്ള യൂണിഫോം വിതരണം പൂരോഗമിക്കുന്നു. ആൺകുട്ടികൾക്കുള്ള യൂണിഫോം വിതരണം ചെയ്തിട്ടില്ല. ഇതിനുള്ള തുക വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചിട്ടുണ്ട്. ഒരുകുട്ടിക്ക് 600 രൂപ നിരക്കിൽ ലഭിക്കും. കഴി‍ഞ്ഞ വർഷത്തെ തുക ഇതുവരെ അനുവദിച്ചിട്ടില്ല. ഈ തുകയും ഇത്തവണ അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.

ഊരിൽ നിന്നെത്തിക്കും

ഏകാദ്ധ്യാപക വിദ്യാലയങ്ങളിൽ മിക്കതും അടച്ചുപൂട്ടിയ സാഹചര്യത്തിൽ നിലമ്പൂർ മേഖലയിലെ ആദിവാസി ഊരുകളിൽ നിന്നുള്ള മുഴുവൻ വിദ്യാർത്ഥികളെയും സ്കൂളിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് അധികൃതർ. ഇതിനകം രണ്ടുവട്ടം ഊരുകളിൽ സന്ദർശനം നടത്തിയിട്ടുണ്ട്.

ജില്ലയിലെ ആകെ സ്കൂളുകൾ- 1,852

സർക്കാർ സ്കുളുകൾ - 680

എയ്ഡഡ് സ്കൂളുകൾ - 930

അൺ എയ്ഡഡ് - 242

പാഠപുസ്തകങ്ങളുടെ വിതരണം ഇന്നത്തോടെ പൂർത്തിയാക്കും. സ്കൂളുകളുടെ ഫിറ്റ്നസ് ഉൾപ്പെടെയുള്ളവ പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള ഉച്ചഭക്ഷണം,​ യാത്ര,​ സുരക്ഷ ഉൾപ്പെടെ എല്ലാകാര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

കെ.പി.രമേശ് കുമാർ,​ ഡി.ഡി.ഇ മലപ്പുറം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, SCHOOL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.