മലപ്പുറം: മലപ്പുറത്തേയും പൊന്നാനിയിലേയും ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ഇന്ന് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി യോഗം ചേരും. വാർഡ്, പഞ്ചായത്ത്, മണ്ഡലം തലങ്ങളിലെ ക്രോഡീകരിച്ചുള്ള റിപ്പോർട്ട് ജില്ലാ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. മലപ്പുറത്തെ ഭൂരിപക്ഷം ഒന്നര ലക്ഷത്തിന് മുകളിൽ എത്തിയാലും അത്ഭുതപ്പെടാനില്ലെന്ന് വിലയിരുത്തുന്ന ലീഗ് പൊന്നാനിയിലെ അടിയൊഴുക്കുകൾ യോഗത്തിൽ വിശദമായി വിലയിരുത്തും. പൊന്നാനിയിൽ ലീഗിന് പരമ്പരാഗതമായി വോട്ട് ലഭിക്കുന്ന ചില ബൂത്തുകളിൽ പോളിംഗ് കുറഞ്ഞതിന്റെ കാരണമാണ് ലീഗ് അന്വേഷിക്കുന്നത്. സമസ്ത വിവാദം പൊന്നാനിയിൽ കാര്യമായ ചലനമുണ്ടാക്കിയിട്ടില്ലെന്ന് പുറമേയ്ക്ക് അവകാശപ്പെടുന്ന ലീഗ് നേതൃത്വം ടീം സമസ്ത പൊന്നാനിക്ക് സമസ്തയുടേയോ പോഷക സംഘടനകളുടേയോ പിന്തുണ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം രഹസ്യമായി അന്വേഷിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിസന്ധിയിലാക്കിയ ഉന്നത സമസ്ത നേതാവിനെതിരെ അടക്കം സമസ്തയിലെ ലീഗ് വിരുദ്ധർക്കെതിരെ നടപടി വേണമെന്ന ആവശ്യം മുസ്‌ലിം ലീഗിൽ ശക്തമാണ്.
മൂന്നിടങ്ങളിൽ ഒരുലക്ഷം
പൊന്നാനിയിൽ 2019ൽ പോളിംഗ് 74.98 ശതമാനമെങ്കിൽ ഇത്തവണ 69.78ലേക്ക് ചുരുങ്ങി. കഴിഞ്ഞ തവണ ലീഗിന് വലിയ ഭൂരിപക്ഷമേകിയ കോട്ടക്കൽ, തിരൂർ മണ്ഡലങ്ങളിൽ 69.56, 69.78 ശതമാനം എന്നിങ്ങനെയാണ് പോളിംഗ്. 2019ൽ 77 ശതമാനമായിരുന്നു കോട്ടയ്ക്കലിൽ. തിരൂരിൽ 75.04 ശതമാനവും. പോളിംഗ് കുറഞ്ഞെങ്കിലും കോട്ടക്കലിലും തിരൂരിലും തിരൂരങ്ങാടിയിലുമായി ഭൂരിപക്ഷം ഒരുലക്ഷം കവിയുമെന്ന കണക്കുകൂട്ടലിലാണ് മുസ്‌ലിം ലീഗ്. പൊന്നാനിയിലും തൃത്താലയിലും തവനൂരിലും എൽ.ഡി.എഫിന് മുൻതൂക്കം കണക്കാക്കുമ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ട് തവണ കൈവിട്ട താനൂരിൽ ഭൂരിപക്ഷം ലഭിക്കും. പൊന്നാനിയിലും തൃത്താലയിലും തവനൂരിലും 30,000ത്തിന് മുകളിൽ ഭൂരിപക്ഷം പോവില്ലെന്നുമാണ് ലീഗിന്റെ കണക്കുകൂട്ടൽ.
പൊന്നാനിയിൽ വിജയം ഉറപ്പിക്കുന്ന ലീഗ് നേതാക്കൾ ഭൂരിപക്ഷം ഒരുലക്ഷം കടക്കുമെന്നാണ് അവകാശപ്പെടുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അവതരിപ്പിച്ച വിജയം ഉറപ്പിക്കുന്നതും പ്രതീക്ഷയുള്ളതുമായ മണ്ഡലങ്ങളുടെ പട്ടികയിൽ പൊന്നാനിയും മലപ്പുറവും ഇടംപിടിച്ചിട്ടില്ല. ഇത് ജില്ലയിലെ സി.പി.എം നേതൃത്വത്തിന്റെ അവകാശവാദങ്ങളെ പൊളിക്കുന്നതാണെന്ന് ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ബൂത്ത് അടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിച്ചത് പ്രകാരം പൊന്നാനിയിൽ യു.ഡി.എഫിന് ഒപ്പത്തിനൊപ്പം നിൽക്കാൻ കഴിഞ്ഞെന്നാണ് സി.പി.എം കേന്ദ്രങ്ങളുടെ അവകാശവാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |