മലപ്പുറം: ജില്ലയിൽ പ്ലസ് വൺ സീറ്റ് ലഭിക്കാതെ പതിനായിരത്തോളം പേർ പുറത്തിരിക്കേണ്ടി വരും. സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് 16,881 വിദ്യാർത്ഥികൾ അപേക്ഷിച്ചപ്പോൾ ജനറൽ, സംവരണം ഉൾപ്പെടെ ആകെ 6,937 സീറ്റുകളാണുള്ളത്. 9,944 പേർക്കുള്ള സീറ്റ് കൂടി കണ്ടെത്തേണ്ടി വരും. അപേക്ഷകരുടെ എണ്ണം നോക്കി സർക്കാർ സ്കൂളുകളിൽ താത്ക്കാലിക ബാച്ചുകൾ അനുവദിക്കുമെന്നാണ് സർക്കാരിന്റെ വാഗ്ദാനം. സപ്ലിമെന്ററി ലിസ്റ്റിൽ സംസ്ഥാനത്താകെ 57,712 അപേക്ഷകരാണുള്ളത്. മലപ്പുറം കഴിഞ്ഞാൽ പാലക്കാട് ആണ് കൂടുതൽ അപേക്ഷകരുള്ളത് - 8,139 പേർ. കോഴിക്കോട് 7,192 അപേക്ഷകരും. സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് അപേക്ഷിച്ച മുഴുവൻ പേർക്കും സീറ്റ് ലഭിക്കണമെങ്കിൽ ജില്ലയിൽ തന്നെ 160ലധികം ബാച്ചുകൾ അനുവദിക്കേണ്ടി വരും. ഇത്രയും അധിക ബാച്ചുകൾ ഒന്നിച്ച് അനുവദിക്കുന്നതിലെ പ്രയാസം സർക്കാർ ഉയർത്തിയാൽ പ്ലസ് വൺ പ്രവേശനം സംബന്ധിച്ച പ്രതിസന്ധി പൂർണ്ണമായും പരിഹരിക്കപ്പെടില്ല. സപ്ലിമെന്ററി അലോട്ട്‌മെന്റ് വഴി പ്രവേശനം നൽകും വിധമാവും പുതിയ ബാച്ചുകൾ അനുവദിക്കുകയെന്നാണ് വിവരം.
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പഠിക്കാൻ സർക്കാർ നിയോഗിച്ച രണ്ടംഗ സമിതി ജില്ലയിലെ 24 സർക്കാർ സ്കൂളുകളിൽ പരിശോധന നടത്തിയിട്ടുണ്ട്. സമിതിയംഗങ്ങളായ ഹയർസെക്കൻഡറി അക്കാദമിക് വിഭാഗം ജോയിന്റ് ഡയറക്ടർ ആർ. സുരേഷ്‌കുമാർ, മലപ്പുറം ആർ.ഡി.ഡി ഡോ. പി.എം. അനിൽ എന്നിവരുടെ നേതൃത്വത്തിൽ ഏതൊക്കെ സ്‌കൂളുകളിൽ എത്ര ബാച്ചുകൾ അനുവദിക്കണം, ഏതൊക്കെ വിഷയങ്ങൾ, താലൂക്ക് അടിസ്ഥാനത്തിൽ സീറ്റ് നില എന്നിങ്ങനെ സമഗ്രമായ റിപ്പോർട്ടാണ് തയ്യാറാക്കിയിട്ടുള്ളത്.
അപേക്ഷിക്കാത്തത് 417 പേർ
ജില്ലയിൽ സർക്കാറിന്റെ കണക്കനുസരിച്ച് 82,466 അപേക്ഷകളാണ് ലഭിച്ചത്. വി.എച്ച്.എസ്.ഇ അടക്കം 53,763 പേർക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ 4,352 പേർക്കും പ്രവേശനം ലഭിച്ചിട്ടുണ്ട്. 7,054 പേർ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടിയിട്ടില്ല. ശേഷിക്കുന്ന 17,298 പേരിൽ 417 പേർ ഒഴികെ ബാക്കിയുള്ളവർ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിച്ചിട്ടുണ്ട്. അൺഎയ്ഡഡ് സ്‌കൂളുകളിൽ 10,185 സീറ്റുകളുണ്ട്. ഉയർന്ന ഫീസ് നൽകി പഠിക്കണമെന്നതാണ് വെല്ലുവിളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |