മലപ്പുറം: സ്വന്തം ക്യാമ്പസ് നിർമ്മിക്കാൻ അഞ്ചേക്കർ ഭൂമി അനുവദിച്ച് ഏഴ് വർഷം മുമ്പ് സർക്കാർ ഉത്തരവിട്ടിട്ടും വാടകക്കെട്ടിടത്തിൽ നിന്നും മോചനമില്ലാതെ ജില്ലയിലെ ഏക വനിതാ കോളേജായ മലപ്പുറം വനിതാ ആർട്സ് ആൻഡ് സയൻസ് കോളേജ്. സർക്കാർ നിയോഗിച്ച എസ്.പി.വിയായ കിറ്റ്‌കോയുടെ ടെക്നിക്കൽ കമ്മിറ്റി സാങ്കേതിക അനുമതി നൽകാത്തതിനാൽ കെട്ടിട നിർമ്മാണ ടെൻഡർ നടപടികൾ നീണ്ടുപോകുകയായിരുന്നു. ഒരാഴ്ച മുമ്പ് കിറ്റ്‌കോ കെട്ടിടം നിർമ്മിക്കാനുള്ള സാങ്കേതിക അനുമതി നൽകിയതിനാൽ അടുത്ത അദ്ധ്യയന വർഷമെങ്കിലും സ്വന്തം ക്യാമ്പസിലേക്ക് മാറാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും.
പി.ഉബൈദുള്ള എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 2.30 കോടിയും കിഫ്ബി ഫണ്ടിൽ നിന്ന് 18.66 കോടിയുമാണ് കെട്ടിടം നിർമ്മിക്കാനായി കോളേജിന് ലഭിച്ചത്. ഇതിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് 800 സ്‌ക്വയർ ഫീറ്റ് സ്ഥലത്ത് രണ്ടുനിലകളുള്ള കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. കിഫ്ബി ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് മറ്റൊരു കെട്ടിടം കൂടി നിർമ്മിച്ചാലേ കോളേജ് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ സാധിക്കൂ. 2015ൽ ആരംഭിച്ച കോളേജ് നിലവിൽ പ്രവർത്തിക്കുന്നത് കാവുങ്ങലിലെ വാടകക്കെട്ടിടത്തിലാണ്.
സുരക്ഷയിൽ ആശങ്ക
എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം ഇൻകെൽ വ്യവസായ പാർക്കിനടുത്താണ്. ഇൻകെൽ വ്യവസായ പാർക്കിനകത്ത് എൻ.ടി.ടി.എഫിന്റെ സ്ഥാപനം ഒന്നരവർഷത്തോളമായി പ്രവർത്തിക്കാതെ കിടക്കുന്നുണ്ട്. ഈ രണ്ട് കെട്ടിടങ്ങളിലേക്കുമായി കോളേജിന്റെ പ്രവർത്തനം മാറ്റുന്ന കാര്യം എം.എൽ.എ പി.ഉബൈദുള്ള കോളേജ് പ്രിൻസിപ്പലിനോട് ഒരുമാസം മുമ്പ് സൂചിപ്പിച്ചിരുന്നു. എന്നാൽ ഈ രണ്ട് കെട്ടിടങ്ങളും തമ്മിൽ 400 മീറ്ററിന്റെ വ്യത്യാസമാണുള്ളത്. മാത്രമല്ല, ഇതിന് സമീപം ഇതരസംസ്ഥാന തൊഴിലാളികളടക്കം കൂടുതലായി ജോലി ചെയ്യുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിറുത്തി അന്തിമ തീരുമാനമെടുത്തിട്ടില്ല.
വേണം കൂടുതൽ കോഴ്സ്
സ്വന്തം കെട്ടിടമായാൽ കൂടുതൽ കോഴ്സുകൾ ആരംഭിക്കുമെന്ന് കോളേജ് അധികൃതർ പറയുന്നു. ബി.എ.ഇംഗ്ലീഷ്, ബി.എ.ഇസ്ലാമിക്ക് ഹിസ്റ്ററി, ബി.എസ്.സി ബോട്ടണി, ബി.എസ്.സി കെമിസ്ട്രി, എം.എസ്.സി ബോട്ടണി കോഴ്സുകളിലായി 410 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. കോട്ടപ്പടിയിലെ ഗവ.ബോയ്സ് സ്‌കൂളിന്റെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കോളേജ് പിന്നീട് മെച്ചപ്പെട്ട സൗകര്യത്തിനായി മുണ്ടുപറമ്പിലേക്ക് മാറി. എന്നാൽ, എം.എസ്.സി കോഴ്സുകൾ ആരംഭിച്ചതോടെ ലാബ് സൗകര്യം പ്രശ്നമായി മാറിയതോടെയാണ് കാവുങ്ങലിലെ വാടകക്കെട്ടിടത്തിലേക്ക് മാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |