തിരൂർ :22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ഒട്ടുംപുറം ബോട്ടപകടത്തിന് മുൻപ് അനധികൃത ബോട്ട് സർവീസിനെതിരെ താനൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയും തുടർന്ന് പൊലീസ് എടുത്ത നടപടികളെ സംബന്ധിച്ച ഫയലുകളും താനൂർ പൊലീസ് സ്റ്റേഷനിൽ നിന്നും കണ്ടെത്തി കമ്മിഷൻ മുൻപാകെ ഹാജരാക്കാൻ ബോട്ടപകടത്തെ സംബന്ധിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് വി.കെ. മോഹനൻ കമ്മിഷൻ തൃശൂർ റേഞ്ച് ഡി.ഐ.ജി ക്ക് ഉത്തരവ് നൽകി.
ബോട്ട് സർവീസിനെതിരെ പൊലീസ് സ്റ്റേഷനിൽ കിട്ടിയ പരാതിയെ സംബന്ധിച്ചും തുടർനടപടികളെ കുറിച്ചും മുൻ താനൂർ സിഐയും ഇപ്പോഴത്തെ സിഐയും കമ്മിഷൻ മുൻപാകെ വ്യത്യസ്ത നിലപാടുകൾ എടുത്തതിനെ തുടർന്നാണ് പരാതിയുമായി ബന്ധപ്പെട്ട സത്യാവസ്ഥ കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട രേഖകൾ സ്റ്റേഷനിൽ പരിശോധന നടത്തി ഹാജരാക്കാൻ ജുഡീഷ്യൽ കമ്മീഷൻ നിർദ്ദേശിച്ചത്. കമ്മിഷൻ മുൻപാകെ നടന്ന സാക്ഷിവിസ്താര വേളയിൽ മുൻ സ്റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്ന ജീവൻ ജോർജ് ബോട്ട് സർവീസിനെതിരെ ലഭിച്ച പരാതിയും തുടർന്ന് ഔദ്യോഗികമായി യോഗം വിളിച്ചു ചേർത്തു കൊണ്ട് ബോട്ടുകളുടെ രേഖകൾ പരിശോധിച്ചതിന്റെയും വിശദാംശങ്ങളടങ്ങിയ ഔദ്യോഗിക രേഖകൾ സ്റ്റേഷനിൽ ലഭ്യമാണെന്നും കമ്മിഷൻ ആവശ്യപ്പെട്ടാൽ ഹാജരാക്കാനാവുമെന്നും മൊഴി നൽകിയിരുന്നു. തുടർന്നാണ് പരാതികളും നടപടി രേഖകളും ഹാജരാക്കാൻ ഇപ്പോഴത്തെ സിഐയ്ക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ദുരന്തത്തിൽ ഏക മകളെ നഷ്ടപ്പെട്ട മലപ്പുറം സ്വദേശി എം.നിഹാസ് അഡ്വ. പി.പി. റൗഫ് മുഖേന കമ്മിഷൻ മുൻപാകെ ഹരജി നൽകിയത്. ഈ ഹരജിയിൽ ഫയലുകൾ സ്റ്റേഷനിൽ ലഭ്യമല്ലെന്ന് കാണിച്ച് ഇപ്പോഴത്തെ താനൂർ സിഐ കമ്മിഷൻ മുൻപാകെ റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണ് തൃശൂർ റേഞ്ച് ഡിഐജി ക്ക് കമ്മിഷൻ നിർദ്ദേശം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |