മലപ്പുറം: തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തിൽ മൂന്നാഴ്ച കഴിഞ്ഞിട്ടും പരിശോധനാ ഫലം വന്നില്ല. വവ്വാലുകളുടെ സ്രവം പരിശോധിക്കാനായി പൂനെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. പരിശോധനാ ഫലം എന്ന് വരുമെന്ന കാര്യത്തിൽ ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർക്ക് ധാരണയില്ല. നിലവിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശങ്ങളോ നിയന്ത്രണങ്ങളോ ഇല്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്.
കനത്ത ചൂടാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. അതേസമയം, തിരുവാലി പഞ്ചായത്തിൽ കഴിഞ്ഞ ഒക്ടോബറിൽ നിപ ബാധിച്ച് നടുവത്ത് സ്വദേശി മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ആശങ്ക ഒഴിവാക്കാനാണ് പൂനെ വൈറോളജി ലാബിലേക്ക് സ്രവം പരിശോധനയ്ക്കായി അയച്ചത്.
റോഡരികിലെ കാഞ്ഞിര മരത്തിലുണ്ടായിരുന്ന അധികം പ്രായമാവാത്ത 15 വവ്വാലുകളെയാണ് കഴിഞ്ഞ മാസം 12ന് ചത്ത നിലയിൽ കണ്ടെത്തിയത്. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകരും വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച ഇടങ്ങളിൽ വവ്വാലുകളിൽ നടത്തിയ പഠനത്തിൽ നിപ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |