എടപ്പാൾ : വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ എടപ്പാളിൽ ബസ് സ്റ്റാൻഡ് യാഥാർത്ഥ്യമാക്കാൻ നടപടികളാവുന്നു. എടപ്പാൾ ടൗണിലെ ഒരേക്കർ സ്ഥലത്താണ് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലസ് സ്ഥാപിക്കുക. ബസ് സ്റ്റാൻഡ് എന്നത് അനിവാര്യമായ എടപ്പാൾ ടൗണിൽ സ്ഥലം കണ്ടെത്താനാവാതെ പ്രയാസപ്പെടുകയായിരുന്നു. പൂർണ്ണമായും സ്വകാര്യ പങ്കാളിത്തത്തോടെയാണ് സ്റ്റാൻഡ് ഒരുക്കുന്നത്. എടപ്പാൾ കുറ്റിപ്പുറം റോഡിലെ ക്രസന്റ് പ്ലാസ ബിൽഡിംഗിന് പിന്നിലാണ് സ്റ്റാൻഡിനായി സ്ഥലം ഒരുങ്ങുന്നത്.
നേരത്തെ പട്ടാമ്പി റോഡിലെ മറ്റൊരു സ്ഥലത്തും പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തും ബസ് സ്റ്റാൻഡ് നിർമ്മാണം നടത്താൻ ശ്രമങ്ങൾ നടന്നെങ്കിലും സാങ്കേതിക തടസങ്ങൾ കാരണം നടക്കാതെ പോകുകയായിരുന്നു.
സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് വട്ടംകുളം ഗ്രാമപഞ്ചായത്തിന് മുൻപാകെ രൂപരേഖ സമർപ്പിച്ചു. നിലവിൽ സമർപ്പിച്ച രൂപരേഖയ്ക്ക് പുറമേ ബസുകൾക്ക് സുഗമമായി വന്നു പോകാൻ കൂടുതൽ സ്ഥലം സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടെ ഏറ്റെടുക്കാനുള നടപടികൾ ഗ്രാമപഞ്ചായത്ത് ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |