മലപ്പുറം: സംരംഭകത്വ മേഖലയിൽ മികച്ച നേട്ടം കൈവരിച്ച് മലപ്പുറം ജില്ല. സംസ്ഥാനത്ത് സംരംഭങ്ങളുടെ എണ്ണത്തിൽ നാലാം സ്ഥാനവും തൊഴിൽ സൃഷ്ടിച്ചതിലും നിക്ഷേപത്തിലും രണ്ടാം സ്ഥാനവുമാണ് ജില്ലയ്ക്കുളളത്.
സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സംരംഭകത്വ പ്രോത്സാഹന നടപടികൾ കൃത്യമായി നടപ്പിലാക്കിയതും വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സേവന സന്നദ്ധതയും ജില്ലാ ഭരണകൂടത്തിന്റെ മാർഗ നിർദേശങ്ങളുമാണ് മുന്നേറ്റത്തിന് കാരണമായതെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. യുവതീ-യുവാക്കൾ സംരംഭക മേഖലയിലേക്ക് കടന്നുവരുന്നതും ജില്ലയുടെ കുതിപ്പിന് കാരണമായി.
2022 ഏപ്രിൽ മുതൽ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന സംരംഭക വർഷം പദ്ധതിയിലൂടെ 33,342 സംരംഭങ്ങളാണ് ജില്ലയിൽ ആരംഭിച്ചത്. 76,521 തൊഴിലവസരങ്ങൾ ഇതു വഴി സൃഷ്ടിക്കുകയും 2,243 കോടി രൂപയുടെ നിക്ഷേപം ജില്ലയിലുണ്ടാവുകയും ചെയ്തു. ഈ സാമ്പത്തിക വർഷം 10,773 സംരംഭങ്ങൾ ആരംഭിച്ച് ജില്ല നേട്ടം കൈവരിച്ചു.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം.ഇ.ജി.പിയിൽ 2024-25 സാമ്പത്തിക വർഷം 655 പദ്ധതികൾക്കുള്ള അപേക്ഷകൾ വിവിധ ബാങ്കുകളിലേക്ക് ജില്ലയിൽ നിന്ന് സമർപ്പിച്ചിട്ടുണ്ട്. 433 പദ്ധതികൾക്ക് ബാങ്കുകൾ അംഗീകാരം നൽകിയതിലൂടെ 1,749 ലക്ഷം രൂപയുടെ വായ്പ ലഭ്യമായി. പദ്ധതികൾക്കായി 490 ലക്ഷം രൂപയുടെ സബ്സിഡി സംരംഭകർക്ക് ലഭ്യമാകുന്നുന്നുണ്ട്. സംരംഭകരുടെ യോഗ്യതകൾ പ്രകാരം 15 ശതമാനം 35 ശതമാനം വരെയാണ് പദ്ധതിക്കായി സബ്സിഡി ലഭിക്കുന്നത്. ലക്ഷ്യമിട്ടതിനേക്കാൾ 400 ശതമാനമാണ് ഈ രംഗത്തെ നേട്ടം.
ഉത്പാദന മേഖലയിൽ പ്രവർത്തിയ്ക്കുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് നിക്ഷേപത്തിന് അനുസരിച്ച് സാമ്പത്തിക സഹായം നൽകുന്ന സംരംഭക സഹായ പദ്ധതിയിലൂടെ നിക്ഷേപകന്റെ വിഭാഗം, സ്ഥാപനം സ്ഥിതി ചെയ്യുന്ന ജില്ല എന്നിവയനുസരിച്ച് സ്ഥിര നിക്ഷേപത്തിന്റെ 15 മുതൽ 45 ശതമാനം വരെ സബ്സിഡി ലഭിക്കും. പദ്ധതിയിലൂടെ 141 അപേക്ഷകർക്ക് 12.19 കോടി രൂപയുടെ ധനസഹായം അംഗീകരിച്ചു. 2.41 കോടി രൂപ 50 സംരംഭങ്ങൾക്കായി വിതരണം ചെയ്തു.
ഭക്ഷ്യമേഖലയ്ക്ക് മാത്രമായി കേന്ദ്രസംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന പി.എം.എഫ്.എം.ഇ പദ്ധതിയിലും ജില്ല വലിയ മുന്നേറ്റം നടത്തി. 231 സംരംഭങ്ങൾ ആരംഭിക്കാൻ ടാർജറ്റ് ഉണ്ടായിരുന്ന പദ്ധതി പ്രകാരം 299 സംരംഭങ്ങൾക്കാണ് വായ്പാ അനുമതി ലഭിച്ചത് . 904 ലക്ഷം രൂപയുടെ വായ്പ സംരംഭങ്ങൾക്കായി ലഭ്യമായി.
സംരംഭക വർഷം പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിയ ചെറുകിട സംരംഭങ്ങൾക്കുളള പലിശ സബ്സിഡി, ഇൻഷ്വറൻസ് ധന സഹായം എന്നിവയിലും ജില്ലയിൽ മുന്നേറ്റം സൃഷ്ടിക്കുവാൻ കഴിഞ്ഞു.
10 ലക്ഷം വരെ പദ്ധതി തുകയുളള നാനോ സംരംഭങ്ങൾക്ക് 40 ശതമാനം വരെ സബ്സിഡി നൽകുന്ന പദ്ധതി പ്രകാരം ജില്ലയിൽ 20 സംരംഭങ്ങൾക്ക് അംഗീകാരം നൽകി. സബ്സിഡിയായി ഈ കാലയളവിൽ 52 ലക്ഷം രൂപ വിതരണം ചെയ്തു.
100 കോടി രൂപ വിറ്റുവരവിലേക്ക് എത്തുന്നതിനു സംസ്ഥാനത്തെ സംരംഭങ്ങൾക്ക് വിപുലീകരണത്തിന് വഴിയൊരുക്കുന്ന മിഷൻ 1000 പദ്ധതിയിലും ജില്ല മികച്ച പ്രകടനമാണ് നേടിയത്. 35 പദ്ധതികൾ അംഗീകാരം നേടുകയും 10 സംരംഭങ്ങൾ അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്തു. 35 എണ്ണം അംഗീകാരം നേടിയതിൽ 15 സംരംഭങ്ങൾ വിപുലീകരണത്തിനുള്ള പദ്ധതി രേഖ തയ്യാറാക്കി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |